സിക്കിമില്‍ മിന്നല്‍ പ്രളയം; ഒഴുക്കില്‍പെട്ട് 23 സൈനികരെ കാണാതായി

04 October, 2023

ഗാങ്ടോക്ക്:  വടക്കന്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ പെട്ട് 23 സൈനികരെ കാണാതായതായി പ്രതിരോധ വകുപ്പ്. ലഖന്‍ വാലിയിലാണ് മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് മുങ്ങിയത്. ബുധനാഴ്ച ലാചെന്‍ താഴ്വരയിലാണ് സംഭവം. കാണായവര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ ആരംഭിച്ചു.

സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലാവുകയായിരുന്നു. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടര്‍ന്ന് നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളില്‍ 20 അടി വരെ ജലനിരപ്പ് ഉയര്‍ന്നു. മംഗന്‍ ജില്ലയിലെ ദിക്ചുവിലെ ടീസ്റ്റ സ്റ്റേജ്-5 അണക്കെട്ടും തുറന്നിട്ടുണ്ട്. അണക്കെട്ടിന്റെ കണ്‍ട്രോള്‍ റൂമിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും നദീതീരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത-10 നിരവധിയിടങ്ങളില്‍ തകര്‍ന്നു. വിവിധ ഇടങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

നദീതീരത്തുനിന്ന് ആളുകള്‍ മാറണമെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് 2400ഓളം വിനോദ സഞ്ചാരികള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണില്‍ വടക്കന്‍ സിക്കിമിലെ പെഗോങ് മേഖല കനത്ത മഴയേത്തുടര്‍ന്ന് പ്രളയം അഭിമുഖീകരിച്ചിരുന്നു.

കാലവര്‍ഷത്തെ തുടര്‍ന്ന് കനത്ത മഴയാണ് ഇന്ന് പുലര്‍ച്ചെ പ്രദേശത്ത് പെയ്തത്. ഗാങ്ടോക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സിങ്താം ടൗണിലെ ഇന്ദ്രേനി പാലം മുട്ടിയാണ് പ്രളയ ജലം കടന്നു പോകുന്നത്. പുലര്‍ച്ചെ നാലോടെ ബാലുതാര്‍ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയതായി ഗാങ്ടോക് ഭരണകൂടം അറിയിച്ചു.


Comment

Editor Pics

Related News

സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍
സഹോദരിക്ക് വിവാഹസമ്മാനം നല്‍കി; യുവാവിനെ ഭാര്യയും സഹോദരന്മാരും മര്‍ദ്ദിച്ച് കൊന്നു
ഭര്‍ത്താവിന് ഭാര്യയുടെ സ്തീധനത്തില്‍ അവകാശമില്ല; സുപ്രീം കോടതി