ബിജെപി 370ലധികം സീറ്റുകള്‍ നേടും; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

20 March, 2024

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370ലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎന്‍എന്‍ ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ബംഗാള്‍, ഒഡിഷ, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയ്ക്ക് കാര്യമായ നേട്ടമുണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും സ്ഥിതി ബിജെപിയ്ക്ക് അനുകൂലമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബിജെപിയോട് അടുപ്പം കാണിക്കുന്നുണ്ട്,'' അമിത് ഷാ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബിജെപിയില്‍ നിന്നുള്ള ഒരു നേതാവിന് വന്‍ പിന്തുണ ലഭിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന സാഹചര്യത്തെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടിയ്ക്ക് നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'' ഒഡിഷയില്‍ സഖ്യം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒറ്റയ്ക്കാണ് ഞങ്ങള്‍ മത്സരിക്കുന്നതെങ്കില്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനായി ഞങ്ങള്‍ പോരാടും. ബിഹാറില്‍ നിതീഷ് ഞങ്ങളോടൊപ്പം ചേര്‍ന്നിട്ടുണ്ട്,'' എന്ന് അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 41ലധികം സീറ്റ് പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു.''ഉദ്ദവ് താക്കറെയുടെ പുത്ര സ്നേഹം ശിവസേനയെ തകര്‍ത്തു. മകളോടുള്ള അമിത സ്നേഹം ശരദ് പവാറിന്റെ എന്‍സിപിയേയും തകര്‍ത്തു,''എന്നും അമിത് ഷാ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി 25 സീറ്റ് നേടുമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

'' എന്തിനാണ് സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യം കരിഞ്ചന്തയില്‍ വില്‍ക്കുന്നത്? ഹര്‍ നല്‍ ജല്‍ പദ്ധതി സംസ്ഥാനം നടപ്പാക്കാത്തത് എന്തുകൊണ്ടാണ്? എന്തിനാണ് അവര്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്? ഒരു വനിതാ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായിട്ട് കൂടി സന്ദേഷ്ഖാലിയിലെ സ്ത്രീകള്‍ എത്ര ക്രൂരമായാണ് അപമാനിക്കപ്പെട്ടത്'' അമിത് ഷാ ചോദിച്ചു.

2026ല്‍ നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 235 സീറ്റ് നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.


Comment

Editor Pics

Related News

മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ല; പ്രധാനമന്ത്രി
പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു