ജർമ്മനിയിൽ ഇനി കഞ്ചാവ് നിയമവിധേയം

01 April, 2024

ബെർലിൻ: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജർമനി. ആരോഗ്യ സംഘടനകളുടേയും പ്രതിപക്ഷപാർട്ടികളുടേയും കടുത്ത എതിർപ്പിനെ മറികടന്നാണ് തീരുമാനം. ഇതോടെ കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ജർമനി മാറി.

പുതിയ നിയമം അനുസരിച്ച് 18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെയ്ക്കാനും മൂന്ന് കഞ്ചാവ് ചെടികൾ വീട്ടിൽ വളർത്താനും അനുമതിയുണ്ട്. ബ്ലാക്ക് മാർക്കറ്റിലൂടെ ലഭിക്കുന്ന കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ മുൻകാലങ്ങളെക്കാളും വർധനവുണ്ടായെന്നും അതിനെ മറികടക്കാൻ പുതിയ നിയമം ഗുണം ചെയ്യുമെന്നുമാണ് ജർമൻ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ നിയമത്തിന്റെ ഭാഗമായി ജുലൈ ഒന്നുമുതൽ ക്ലബുകളിൽ നിന്നും നിയമാനുസൃതമായി കഞ്ചാവ് വാങ്ങാൻ സാധിക്കും. 500 അംഗങ്ങളടങ്ങുന്ന കൂട്ടായ്മയിൽ ഒരാൾക്ക് ഒരുമാസം 50 ഗ്രാം കഞ്ചാവാകും നൽകുക. ജർമൻ കഞ്ചാവ് അസോസിയേഷൻ പറയുന്നത് പ്രകാരം ബ്ലാക്ക് മാർക്കറ്റിൽ ലഭിക്കുന്ന കഞ്ചാവിൽ ആരോഗ്യത്തിന് വലിയ രീതിയിൽ ഹാനികരമാകുന്ന വസ്തുക്കൾ കലർത്താറുണ്ട്.

അതേ സമയം കഞ്ചാവ് ഉപയോഗം നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. തുടർച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാൻസറിനും കാരണമാകാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കുമെന്നും വിദഗ്ദർ പറയുന്നു.

യൂറോപ്യൻ രാജ്യമായ മാൾട്ടയും ലക്‌ന്‌സൻബർഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജർമനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജർമൻ പാർലമെന്റ് അംഗീകാരം നൽകിയത്. നെതർലാൻഡ്സിൽ നേരത്തെ തന്നെ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്. എങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി നെതർലൻസിലെ ചില ഭാഗങ്ങളിൽ വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽക്കുന്നതിൽ നിരോധനമുണ്ട്.

പുതിയ നിയമത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ചർച്ചകൾ നടക്കുകയാണ്. ഒരു വിഭാഗം നിയമത്തിന്റെ പേരിൽ ആഘോഷങ്ങൾ നടത്തുമ്പോൾ ഇതിനെ പ്രതിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. അവർ സമരങ്ങളിലൂടെ പ്രതിഷേധിക്കുന്നുമുണ്ട്.

2025ലെ തെരഞ്ഞെടുപ്പിന് ശേഷം ജയിച്ചാൽ ഈ നിയമം റദ്ദാക്കുമെന്ന് കൺസർവേറ്റീവ് പ്രതിപക്ഷ നേതാവ് ഫ്രെഡറിക് മെർസ് പറഞ്ഞു. എന്നാൽ ലിബറൽ എഫ്ഡിപി ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്നർ പറയുന്നത് വളരെ ഉത്തരവാദിത്തപരമായ നീക്കമാണെന്നാണ്. ആവശ്യക്കാരായ ആളുകളെ കരിഞ്ചന്തയിലേക്ക് നയിക്കുന്നതിനേക്കാൾ മികച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ നിയമം അരാജകത്വം സൃഷ്ടിക്കില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു.

18 വയസിന് താഴെയുള്ളവർ, സ്‌കൂളുകൾ, കിന്റർ ഗാർഡൻ, കളിസ്ഥലങ്ങൾക്ക് സമീപം എന്നിവിടങ്ങളിലൊന്നും കഞ്ചാവ് വിൽപ്പന നടത്താൻ പാടില്ലെന്നും നിയമത്തിലുണ്ട്. എന്നാൽ യുവജനങ്ങൾക്കിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തന്നെയാണ് ഡോക്ടർമാരും അവരുടെ സംഘടനകളും ഐകകണ്ഠമായി അഭിപ്രായപ്പെടുന്നത്.






Comment

Editor Pics

Related News

17 രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കി കൊലപ്പെടുത്തി: യുഎസ് നഴ്സിന് 700 വര്‍ഷം തടവ്
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നത് വിദേശ വിദ്വേഷം: അമേരിക്കന്‍ പ്രസിഡന്റ്
യുഎസ് ടാസ്‌ക് ഫോഴ്സിലെ മൂന്നുപേര്‍ക്ക് വെടിയേറ്റ് ദാരുണാന്ത്യം.
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍