ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ നഷ്ടപരിഹാരം നിഷേധിക്കാനാവില്ല; ഹൈക്കോടതി

25 April, 2024

ചെന്നൈ: ഹെല്‍മെറ്റ് ധരിച്ചില്ലെന്ന ഒറ്റ കാരണത്താല്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തലയ്ക്കു മാത്രമല്ലാതെ ശരീരത്തിലെ ഒന്നിലധികം അവയവങ്ങളിലെ ക്ഷതമാണ് മരണകാരണമെങ്കില്‍ മുഴുവന്‍ നഷ്ടപരിഹാരവും നല്‍കണമെന്നും കോടതി വ്യക്തമാക്കി.

2010ല്‍ ഈറോഡില്‍ ബൈക്ക് അപകടത്തില്‍ മരിച്ച 21കാരനായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ഇന്‍ഷുറന്‍സ് കമ്പനി വെട്ടിക്കുറച്ച കേസ് തീര്‍പ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷിന്റെ പരമാര്‍ശം.

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവ് പരിശോധിച്ചപ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിലുള്ള 'അശ്രദ്ധയെ തുടര്‍ന്ന്' എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ മൊത്തം നഷ്ടപരിഹാരത്തില്‍ നിന്ന് ഗണ്യമായ തുക ഇന്‍ഷുറന്‍സ് കമ്പനി വെട്ടിക്കുറച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരം വിദ്യാര്‍ഥിയുടെ ശരീരത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. തലയ്‌ക്കേറ്റ പരിക്ക് മാത്രമല്ല മരണത്തിനു കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഡോക്ടറുടെ അന്തിമാഭിപ്രായത്തില്‍ നിന്നും വ്യക്തമാണ്.

അങ്ങനെ വരുമ്പോള്‍ മരിച്ചയാള്‍ക്കെതിരേ ഹെല്‍മറ്റ് ധരിക്കാത്തതിലുള്ള അശ്രദ്ധയാണെന്നത് ആരോപിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മരിച്ചത് കോളജ് വിദ്യാഥിയായതിനാല്‍ ട്രൈബ്യൂണല്‍ അയാളുടെ സാങ്കല്പികവരുമാനം പ്രതിമാസം 12,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരുമാനം നിശ്ചയിക്കുമ്പോള്‍ ഭാവിപ്രതീക്ഷകള്‍ കൂടി കണക്കാക്കേണ്ടതുണ്ട്. അതിനാല്‍ വരുമാനം പ്രതിമാസ വരുമാനം 16,800 രൂപയായി കണക്കാക്കണം. 1.2 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാര തുക നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക ആറാഴ്ചയ്ക്കകം കുടുംബത്തിന് കൈമാറണമെന്നാണ് നിര്‍ദേശം.


Comment

Editor Pics

Related News

ലെഗ്ഗിങ്‌സിലും ജാക്കറ്റിലും 25 കിലോ സ്വര്‍ണം; നയതന്ത്ര ഉദ്യോഗസ്ഥ പിടിയില്‍
കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു
രാജീവ് ഗാന്ധി വധത്തെപ്പറ്റി ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; നമിത് വര്‍മ്മ
രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്