കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന്‍ പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?

25 March, 2024

പാപവിമോചകനായാണ് ഈശോ ഈ ലോകത്തിലേക്ക് വന്നത്. ''അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍'' എന്നായിരുന്നു ഈശോയുടെ ശുശ്രൂഷകളുടെ തലവാചകം (മര്‍ക്കോ. 1:15). ഈശോ അനേകം ആളുകളോട് നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു (ലൂക്കാ 7:48) എന്ന് സ്പഷ്ടമായി പറഞ്ഞു. ദൈവത്തിനുമാത്രം ചെയ്യാന്‍ കഴിയുന്ന പ്രവൃത്തിയാണ് പാപം മോചിക്കല്‍. ദൈവപുത്രനായ ഈശോ നല്‍കുന്ന പാപമോചനം സ്വീകരിക്കാന്‍ ഇന്നുള്ള ഉപാധിയാണ് അനുരഞ്ജനകൂദാശ.
കുമ്പസാരം സഭയുടെ കണ്ടുപിടുത്തമല്ല. പാപമോചനത്തിനുള്ള അധികാരം സഭയ്ക്ക് നല്‍കിയത് ഈശോയാണ്. അവിടുന്ന് ശിഷ്യരോട് പറഞ്ഞു, ''നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങളുടെ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും'' (യോഹ. 20:23). പക്ഷേ, പാപമോചനം എങ്ങനെ പരികര്‍മം ചെയ്യപ്പെടണം എന്നത് ചരിത്രപരമായി സഭയിലാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. കുമ്പസാരത്തിന്റെ ഇന്ന് നിലവിലുള്ള രീതിയിലേക്ക് വരുന്നതിനുമുമ്പ് മറ്റു രൂപങ്ങള്‍ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്.
പാപമോചകമായ സഭാകര്‍മം എന്ന നിലയില്‍ ദൈവത്തോട് സ്വകാര്യമായി പാപങ്ങള്‍ ഏറ്റുപറയുന്ന രീതി ഒരു കാലത്തും സഭയില്‍ ഉണ്ടായിരുന്നില്ല. സഭയുടെ സമക്ഷം, മെത്രാന്റെയോ വൈദികന്റെയോ സാന്നിധ്യത്തില്‍ സ്വന്തം പാപാവസ്ഥ ഏറ്റുപറഞ്ഞിരുന്നതാണ് പുരാതനരീതി. കുമ്പസാരത്തിലെ പുരോഹിതന്റെ സ്ഥാനത്തെ നാം ശരിയായി മനസിലാക്കേണ്ടതുണ്ട്. കുമ്പസാരത്തിനണയുന്ന അനുതാപിക്ക് ദൈവം പാപമോചനം നല്‍കുന്നുവെന്ന് ഈ കൂദാശയിലൂടെ കുമ്പസാരക്കാരനായ വൈദികന്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പാപങ്ങളുടെ കണക്കെടുക്കുന്ന വിധിയാളന്‍ എന്നതല്ല കുമ്പസാരക്കാരന്റെ സ്ഥാനം.
കുമ്പസാരത്തിലൂടെ നടക്കേണ്ടത് പാപങ്ങളുടെ ഏറ്റുപറച്ചില്‍ മാത്രമല്ല, പാപംവഴി നമ്മില്‍നിന്ന് അകന്നുപോയ എല്ലാവരോടുമുള്ള അനുരഞ്ജനം കൂടിയാണ്. പാപത്തിന് സാമൂഹികമാനമുണ്ട്. എന്നുപറഞ്ഞാല്‍, തികച്ചും സ്വകാര്യമായ പാപം എന്നു തോന്നുന്നവയ്ക്കുപോലും സാമൂഹികമായ പ്രസക്തിയും പ്രതിഫലനങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ അനുരഞ്ജനം പൂര്‍ണമാകുന്നത് അതിന്റെ സാമൂഹികമാനം കൂടെ കണക്കിലെടുക്കുമ്പോഴാണ്. സമൂഹത്തിന്റെയും സഭയുടെയും പ്രതിവിധി എന്ന നിലയിലാണ് വൈദികനോട് കുമ്പസാരിക്കുന്നത്. എല്ലാവരുമായുള്ള അനുരഞ്ജനം സാധിതമാക്കാന്‍ ഇത് അനിവാര്യമാണ്.
ക്രിസ്തുവിന്റെ പാപപ്പൊറുതിയും കൃപയും സഭയിലും സഭയിലൂടെയുമാണ് വിശ്വാസികള്‍ക്ക് സംലഭ്യമാകുന്നത്. സഭയുടെ പ്രതിനിധിയായി വൈദികന്‍ ഇക്കാര്യത്തില്‍ നിലകൊള്ളുന്നു. ബലിയര്‍പ്പിക്കുന്നതിനുമുമ്പ് ആര്‍ക്കെങ്കിലും നിന്നോട് വിരോധമുണ്ടെന്ന് നിനക്ക് തോന്നുന്നപക്ഷം ബലിവസ്തു അവിടെ വച്ചിട്ടുപോയി അവനോട് രമ്യതപ്പെടുക; അതിനുശേഷം വന്നു ബലിയര്‍പ്പിക്കുക (മത്താ. 5:23-24) എന്നാണല്ലോ ഈശോ പഠിപ്പിച്ചത്. ഇതിന്റെ സഭാത്മകമായ നിര്‍വഹണം നടക്കുന്നത് കുമ്പസാരത്തിലാണ്. വൈദികനോട് കുമ്പസാരിക്കുന്നതുകൊണ്ട് വ്യക്തിപരമായി മറ്റുള്ളവരോട് നടത്തേണ്ട അനുരഞ്ജനം ആവശ്യമില്ലെന്ന് അര്‍ത്ഥമില്ല. ഇത് നിര്‍ബന്ധമായും ചെയതേ മതിയാകൂ. സ്വന്തം പാപങ്ങള്‍ മോചിക്കപ്പെട്ടു എന്ന ഉറപ്പിനും വൈദികനോടുള്ള കുമ്പസാരം സഹായിക്കും. അനുതാപി സ്വീകരിക്കുന്ന അദൃശ്യമായ പാപമോചനത്തിന്റെ ദൃശ്യമായ അടയാളമാണ് ഈ കൂദാശ. അതിന്റെ ആദ്യപടിയാണ് പാപങ്ങളുടെ ഏറ്റുപറച്ചില്‍. വ്യക്തിപരമായ ആത്മീയനിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ഇത് ഉപകരിക്കുന്നു. വളരെയേറെപ്പേരെ സംബന്ധിച്ച് പാപങ്ങളുടെ തുറന്നുപറച്ചില്‍ മനഃശാന്തിയിലേക്കുള്ള വഴിയാണ്.
കുമ്പസാരത്തിലൂടെ വൈദികന്‍ നല്‍കുന്ന പാപമോചനം അദ്ദേഹത്തിന്റെ സൗജന്യമല്ല; ക്രിസ്തുവിന്റെ കൃപാദാനമാണ്. വൈദികന്റെ ആത്മീയമായ അയോഗ്യതകള്‍ കുമ്പസാരത്തിന്റെ ഫലസിദ്ധിയെ ബാധിക്കുകയില്ല.
ഒരിക്കലും ഒരു സാഹചര്യത്തിലും വെളിപ്പെടുത്തരുതാത്ത രഹസ്യമാണ് കുമ്പസാരത്തില്‍ വൈദികന്‍ കേള്‍ക്കുന്ന വിവരങ്ങള്‍. കേട്ട കാര്യത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ, മറ്റുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണോ എന്നൊന്നും കുമ്പസാരക്കാരന്‍ നോക്കേണ്ടതില്ല. ഒരിക്കലും ആരോടും വെളിവാക്കാനാവാത്ത രഹസ്യമായി കുമ്പസാരത്തിലെ വിവരങ്ങള്‍ പരിരക്ഷിക്കുന്നത് ഈ കൂദാശയുടെ പവിത്രതയും രഹസ്യസ്വഭാവവും സംരക്ഷിക്കാനാണ്. ഈ കടമയുടെ ഗൗരവം കാണിക്കാനായി കൗദാശികമുദ്ര എന്നിതിനെ വിളിക്കാറുണ്ട്. കുമ്പസാരരഹസ്യം സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ ബലി കഴിച്ച വൈദികര്‍ സഭയിലുണ്ട്. കുമ്പസാരക്കാരന്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തരുത് എന്നത് സഭാനിയമപ്രകാരമുള്ള അനുശാസനമാണ്. അനുതാപിയുടെ പേരും അയാളുടെ പാപവും ഉള്‍പ്പെടെ വെളിപ്പെടുത്തുന്നത് ഗൗരവമായ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. വലിയ മഹറോന്‍ എന്ന പേരില്‍ സഭയില്‍നിന്ന് പുറത്താക്കപ്പെടുന്നതാണ് ഇതിന് കൊടുക്കുന്ന പരമാവധി ശിക്ഷ.
കരുണാര്‍ദ്രമായ പാപങ്ങള്‍ ക്ഷമിക്കുന്ന ഈശോയുടെ സ്ഥാനത്തിരുന്ന് കുമ്പസാരക്കാരന്‍ അനുരഞ്ജനകൂദാശ പരികര്‍മം ചെയ്യണം. പവിത്രമായും അനുതാപികള്‍ക്ക് ഒരു തരത്തിലും ഭാരമാകാതെയും ഈ കൂദാശ പരികര്‍മം ചെയ്യപ്പെടണം എന്ന് സഭക്ക് നിര്‍ബന്ധമുണ്ട്. ഏതെങ്കിലും കുമ്പസാരക്കാരന്‍ ഇന്ന വ്യക്തി ഇന്ന കാര്യം കുമ്പസാരിച്ചു എന്നു വ്യക്തമാക്കുംവിധം കുമ്പസാരരഹസ്യം വെളിപ്പെടുത്തിയാല്‍, കുമ്പസാരക്കാരന്റെ രൂപതാ മെത്രാന്റെ അടുക്കല്‍ പരാതി കൊടുക്കാവുന്നതാണ്. കുറ്റം ചെയതെന്നു തെളിഞ്ഞാല്‍ ഗൗരവമുള്ള നടപടികള്‍ ഇക്കാര്യത്തിലുണ്ടാകും.
കുമ്പസാരത്തിന്റെ പശ്ചാത്തലത്തില്‍, കുമ്പസാരക്കാരന്‍ അനുതാപിയെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആംഗ്യംകൊണ്ടോ ഏതെങ്കിലുംതരം ലൈംഗിക പാപത്തിന് പ്രേരിപ്പിക്കുകയോ അത്തരം സംഭാഷണത്തിന് മുതിരുകയോ ചെയ്താല്‍ അത് ഗൗരവമുള്ള തെറ്റായി കണക്കാക്കപ്പെടും. കുമ്പസാരത്തിന്റെ പശ്ചാത്തലം എന്നതുകൊണ്ട് കുമ്പസാരക്കൂടിനകത്തെന്നോ കുമ്പസാരത്തിനിടയില്‍ എന്നോ മാത്രമല്ല അര്‍ത്ഥം. കുമ്പസാരത്തിന്റെ പേരില്‍ എന്ന വ്യാപകമായ അര്‍ത്ഥത്തിലാണ് ഇത് ഉദ്ദേശിച്ചിട്ടുള്ളത്. കുമ്പസാരത്തിന്റെ മുമ്പോ പിമ്പോ കുമ്പസാരമെന്ന വ്യാജേനയോ ഇത്തരം തെറ്റ് സംഭവിച്ചുകൂടാ എന്നാണ് സഭയുടെ നിര്‍ബന്ധം.
ഇത്തരം അനുഭവം ആര്‍ക്കെങ്കിലും നിര്‍ഭാഗ്യവശാല്‍ ഉണ്ടായാല്‍ അതു കുമ്പസാരക്കാരന്റെ മെത്രാനെ അറിയിക്കേണ്ടതാണ്. അദ്ദേഹം അതിനുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. എന്നാല്‍ വൈദികനെ അപകീര്‍ത്തിപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ വ്യാജമായി മേല്‍പറഞ്ഞതരം ആരോപണം ഉന്നയിച്ചാല്‍ അതും ശിക്ഷാര്‍ഹമാണ്.
കുമ്പസാരത്തിലൂടെ നാം നേടേണ്ടത് പാപമോചനം മാത്രമല്ല; അനുരഞ്ജനമാണ്. ദൈവത്തോടും മനുഷ്യരോടും നമ്മോടും പ്രകൃതിയോടുമുള്ള ബന്ധങ്ങളില്‍ നാം അനുരഞ്ജിതരാകണം. നഷ്ടപ്പെട്ട, ബന്ധം പുനഃസ്ഥാപിക്കുമ്പോഴേ കുമ്പസാരത്തിന്റെ അര്‍ത്ഥവും ദൈവകൃപയുടെ സ്വീകരണവും പൂര്‍ണമാകുന്നുള്ളൂ. സക്കേവൂസ് മാനസാന്തരപ്പെട്ടപ്പോള്‍ തെറ്റുകള്‍ ഏറ്റുപറയുക മാത്രമല്ല ചെയ്തത്; ആര്‍ക്കെല്ലാം താന്‍ നഷ്ടം വരുത്തിയോ അവര്‍ക്കെല്ലാം പരിഹാരം ചെയ്യാനും അദ്ദേഹം തയാറായി.
നീതിലംഘനങ്ങള്‍മൂലം ഏതെങ്കിലും തരത്തില്‍ ആര്‍ക്കെങ്കിലും നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതു കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാല്‍ മാത്രം പോരാ; അവയ്ക്ക് പരിഹാരവും ചെയ്യണം. അതു നീതിയുടെ കടമയാണ്. എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുകൊടുക്കണം; ആര്‍ക്കെങ്കിലും നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കണം; ആരുടെയെങ്കിലും സല്‍പേര് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരുടെ സല്‍പേര് തിരിച്ചു കിട്ടാന്‍ വേണ്ടതെല്ലാം ചെയ്യണം.
ഏതു പാപം ചെയ്താലും ഒന്നു കുമ്പസാരിച്ചാല്‍ മതി എന്ന തെറ്റിദ്ധാരണ നാം പുലര്‍ത്തരുത്. അനുതാപവും കുമ്പസാരവും പൂര്‍ണമാകുന്നത് നാം അനുരഞ്ജനപ്പെടുമ്പോഴാണ്. നമ്മുടെ പാപങ്ങള്‍ എത്ര കഠിനമാണെങ്കിലും ദൈവത്തിന്റെ കാരുണ്യം അതെല്ലാം ക്ഷമിക്കും (ഏശയ്യാ 1:18). പക്ഷേ നാം അനുതപിക്കണം; പരിഹാരം ചെയ്യാന്‍ തയാറാകുകയും വേണം. കുമ്പസാരം ഒരു യാന്ത്രിക കര്‍മമല്ല; പാപത്തിനുള്ള ഏറ്റവും വലിയ പരിഹാരം സ്നേഹമാണ്. കുമ്പസാരിക്കുന്നയാള്‍ക്ക് കര്‍ത്താവിനോട് വര്‍ധിച്ച സ്നേഹം തോന്നണം. നാം അത് ഏറ്റുപറയണം. ഈശോ പറഞ്ഞു, ഇവള്‍ അധികം സ്നേഹിച്ചു; അതിനാല്‍ ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് (ലൂക്കാ 7:47). ഓരോ കുമ്പസാരത്തിലും ഈശോ സ്നേഹത്തന്റെ കണക്ക് ചോദിക്കുന്നുണ്ട്. ഇവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ? (യോഹ. 2:15). ഓരോ കുമ്പസാരത്തിലും പാപങ്ങളുടെ കെട്ടഴിക്കല്‍ മാത്രമല്ല നടക്കേണ്ടത്; സ്നേഹത്തിന്റെ ഏറ്റുപറച്ചില്‍കൂടെ സംഭവിക്കണം.
കുമ്പസാരമെന്ന കൂദാശയെ വിശ്വാസമില്ലാത്തവരും സഭാവിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്നവരും വിലയിരുത്തുകയും വിചാരണ ചെയ്യുകയും ചെയ്യുമ്പോള്‍ അത് സ്വഭാവികമായും വികലമായ രീതിയിലായിരിക്കും. വിശ്വാസികളെ കുമ്പസാരത്തില്‍നിന്ന് അകറ്റുകയാണ് അവരുടെ ലക്ഷ്യം. അത് നമ്മള്‍ തിരിച്ചറിയണം. വിശ്വാസികളായ നമ്മള്‍ സഭാപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഈ കൂദാശയെ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യണം. അപ്പോള്‍ കുമ്പസാരത്തിന്റെ ശ്രേഷ്ഠതയും കുമ്പസാരരഹസ്യത്തിന്റെ മാഹാത്മ്യവും ബോധ്യമാകും. മാത്രമല്ല ഈ കൂദാശ വേണ്ടവിധം സ്വീകരിക്കുകയും ചെയ്യും. പാപികളായ നമ്മെ ഈശോ കുമ്പസാരക്കൂട്ടില്‍ കാത്തിരിക്കുന്നു. അവിടുത്തെ കാരുണ്യം നമ്മുടെ പാപമോചനത്തിന് കാരണമാകട്ടെ

Comment

Editor Pics

Related News

ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനം; സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
പെസഹാവ്യാഴം, മുറിയാനുള്ള ക്ഷണം
കുമ്പസാരം സ്വര്‍ഗത്തിലേക്കുളള വാതില്‍, വൈദികന്‍ പാപങ്ങള്‍ ഓര്‍ത്തിരിക്കുമോ?