നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്

18 April, 2024

ബ്ര. ഷിബു കിഴക്കേക്കുറ്റ്, കാനഡ

എല്ലാം അറിയുന്ന സര്‍വ്വശക്തനായ ദൈവമാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നതും ഈ ലോകത്തിലെ ഭരണാധികാരികളെ  തെരഞ്ഞെടുക്കുന്നതും. അതുപോലെ പുരോഹിതരെയും മെത്രാന്മാരെയും മാര്‍പാപ്പയും തിരഞ്ഞെടുക്കുന്നത് ദൈവം തന്നെ. അതുകൊണ്ടാണ് ഈശോ പീലാത്തോസിനോട് ഉന്നതത്തില്‍ നിന്ന് നല്‍കപ്പെട്ടിരുന്നില്ലെങ്കില്‍ നിനക്ക് എന്റെ മേല്‍ യാതൊരു അധികാരവും ഉണ്ടാകില്ലായിരുന്നു എന്ന് പറഞ്ഞത്. അധികാരത്തിന് വിധേയരായി അനുസരണയുള്ളവരായിരിക്കാന്‍ പൗലോസ് ശ്ലീഹായും പറയുന്നു. 

അതിനാല്‍ വിധിക്കേണ്ട. വിധിച്ചിട്ട് കാര്യവുമില്ല. അതായത് ബൈബിളിലെ പ്രവചനങ്ങളെല്ലാം പൂര്‍ത്തിയായേ പറ്റൂ. പ്രവചനം പൂര്‍ത്തിയാക്കുന്നതിനാണ് പല തെരഞ്ഞെടുപ്പുകളും. നമുക്ക് ഇവര്‍ക്കൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കാം. അതുമാത്രമേ ചെയ്യാനാകൂ. നമ്മുടെ പ്രാര്‍ത്ഥന മൂലം ചിലപ്പോള്‍ അവര്‍ക്ക് മാനസാന്തരം സംഭവിക്കാം. 

അതായത് നമ്മുടെ സഭകളില്‍ സംഭവിക്കുന്നതെല്ലാം ഈശോ അറിഞ്ഞുതന്നെയാണ്.   വൈദികരിലും മെത്രാന്മാരിലും നമ്മുടെ രൂപതകളിലും ഉള്ള മൂല്യച്യുതികളെപ്പറ്റി ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. ഈശോ ഓശാന ഞായറാഴ്ച ജറുസലേമിലേക്ക് രാജകീയ പ്രവേശം നടത്തുമെന്നും ഈശോ കുരിശില്‍ മരിക്കുമെന്നും ശിഷ്യന്മാരിലൊരാള്‍ ഈശോയെ ഒറ്റിക്കൊടുക്കുമെന്നുമുള്ളത് ദൈവപദ്ധതി തന്നെയായിരുന്നു. 

കൂടെ വസിക്കുവാന്‍ കുര്‍ബാന സ്ഥാപിച്ച ശേഷം വീണ്ടും വരുമെന്ന് വാഗ്ദാനം ചെയ്താണ് അവിടുന്ന്  സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തത്. അവിടുന്ന് വീണ്ടും വരും. ആ രണ്ടാമത്തെ ആഗമനവും അത് സംഭവിക്കാറാകുമ്പോള്‍ കാലത്തിനുണ്ടാകുന്ന മാറ്റവുമെല്ലാം തിരുവെഴുത്തുകളില്‍ വ്യക്തമാണ്. 

അവസാന കാലത്ത് ഇസ്രായേല്‍ ആക്രമിക്കപ്പെടുമ്പോള്‍ ആ രാജ്യത്തെ സപ്പോര്‍ട്ട് ചെയ്യാനായാണ് ഇന്ത്യയിലെ ഗവണ്‍മെന്റ് പോലും മാറിയത്. ഇതെല്ലാം തിരുവെഴുത്തുകളില്‍ വ്യക്തമാണ്. 

ഈ ലോകത്തിലുള്ള ഒരു വ്യക്തിയേയും നമുക്ക് സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ മാതൃകയാക്കാനാകില്ല. ആരും നീതിമാന്മാരില്ല എന്ന് ബൈബിള്‍ വ്യക്തമായി പറയുന്നു. അതിനാല്‍ യേശുക്രിസ്തു തന്നെയാണ് വഴിയും സത്യവും ജീവനും. അനുതപിച്ച് യേശുവില്‍ വിശ്വസിച്ചാല്‍ നാമും യേശുവിന്റെ രണ്ടാം വരവില്‍ അവനോടൊത്ത് എടുക്കപ്പെടും. അല്ലാതെ നാം വീണ്ടും പഴയ വഴികളിലേക്ക് മടങ്ങിയാല്‍ ലോത്തിന്റെ ഭാര്യയുടെ അതേ അവസ്ഥ വരും. നാം ഉപ്പുതൂണായി മാറും. 

ചില മെത്രാന്മാരും ചില അച്ഛന്മാരും ചില പള്ളി പ്രമാണികളും ചില അല്‍മായരും നമ്മുടെ വിശ്വാസം നഷ്ടപ്പെടുത്താന്‍ വന്നിട്ടുണ്ടെങ്കില്‍ അതൊന്നും നിങ്ങള്‍ കാര്യമാക്കേണ്ട. എല്ലാം തരാന്‍ കഴിവുള്ള ദൈവത്തില്‍ ആശ്രയിക്കുക. ദൈവത്തിന് അസാധ്യമായതൊന്നുമില്ല. നാം പ്രാര്‍ത്ഥിക്കുക മാത്രം ചെയ്താല്‍ മതി. അവരോട് വഴക്കുണ്ടാക്കി നാം വെറുതെ സമയം പാഴാക്കരുത്. നാം കര്‍ത്താവില്‍ മാത്രം ആശ്രയിക്കുക. സ്വര്‍ഗം എന്ന ലക്ഷ്യം മറന്നുപോകാതിരിക്കുക. 

ഈ ലോകത്ത് നടക്കുന്ന ഈ സംഭവങ്ങളൊക്കെ മത്തായി 24, മാര്‍ക്കോസ് 13, ലൂക്ക 21, എന്നീ അധ്യായങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും. കഴിഞ്ഞ ദിവസം ഒരാള്‍  വൈദികരെയും മെത്രാന്മാരെയും കുറ്റം പറയുന്നതിന്റെ വീഡിയോ കാണാനിടയായി. താന്‍ മരിക്കുമ്പോള്‍ തന്നെ ഈ പറമ്പില്‍ അടക്കിയാല്‍ മതി എന്നദ്ദേഹം പറയുന്നതുകേട്ടു. അവരോട് വാശിപിടിക്കുന്നതിന് പകരം അവര്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. അത് മാത്രമേ ചെയ്യാനുള്ളൂ. അല്ലാതെ അവരെ ചീത്ത പറഞ്ഞ് നാം നിത്യാഗ്നിയില്‍ പതിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം. ഇനി നിങ്ങള്‍ മരിച്ചാല്‍ നിങ്ങളെ അവര്‍ നിങ്ങളുടെ പറമ്പില്‍ തന്നെ അടക്കം ചെയ്യുമെന്ന് കരുതുന്നുണ്ടോ? ഇനി അങ്ങനെ ചെയ്താല്‍ അവിടെ താമസിക്കുന്ന നിങ്ങളുടെ മക്കളുടെ ഭാവിജീവിതം ബുദ്ധിമുട്ടാകില്ലേ? അവര്‍ക്ക് പിന്നീട് ആ സ്ഥലം വില്‍ക്കാനാകുമോ? ഫലത്തില്‍ നാം നമ്മുടെ പ്രിയപ്പെട്ടവരെ മനപൂര്‍വ്വം ദ്രോഹിക്കുകയാണ്. 


തെരഞ്ഞെടുത്തവരെ പോലും വഴിതെറ്റിക്കുവാന്‍ വേണ്ടി സാത്താന്‍ ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് യേശുവിലാശ്രയിക്കുക. അവന്‍ നിങ്ങളെ തൊടും, അനുഗ്രഹിക്കും. അല്ലാതെ വൈദികരെയും സഭയേയും കുറ്റം പറഞ്ഞ് വെറുതെ സമയം കളയരുത്. എല്ലാവരും എക്കാലവും നിങ്ങളുടെ ഇടവകകളില്‍ ഉണ്ടാകണമെന്നില്ലല്ലോ. അവര്‍ക്കായി പ്രാര്‍ത്ഥിക്കുക. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാനാണല്ലോ ക്രിസ്തുവും പറഞ്ഞിരിക്കുന്നത്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയല്ലാതെ അവരെ ശപിക്കരുത്. ഇനി വരുന്ന കാലം പരീക്ഷകളുടേതും പീഡനങ്ങളുടേതുമാണ്. ആരെ വിഴുങ്ങണമെന്നറിയാതെ പിശാച് അലറിക്കൊണ്ട് നടക്കുകയാണ്. അതിനാല്‍ പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍. 


ഒരു ദിവസം 13 അധ്യായം 13 ദിവസം ബൈബിള്‍ വായിക്കുക. ദൈവവചനവായനയിലൂടെ നിങ്ങള്‍ക്കെല്ലാം സാധ്യമാകും. ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍ മറ്റെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും. 




Comment

Editor Pics

Related News

മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്
നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്
മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്