കാനഡയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്

14 March, 2024

വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിച്ചതോടെ കാനഡയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.  അതായത് കാനഡിയന്‍ സമ്പദ്വ്യവസ്ഥ ഫെബ്രുവരിയില്‍ 40700 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷിച്ചതിന്റെ ഇരട്ടിയില്‍ അധികം തൊഴില്‍ അവസരങ്ങളാണ് ഫെബ്രുവരിയില്‍ കാനഡയില്‍ ഉണ്ടായത്. റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 20000 തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 5.7 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി ഉയരുമെന്നുമായിരുന്നു പ്രവചനം. എന്നാല്‍ ഇതിന് നേര്‍ വിപരീതമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് മാസങ്ങളില്‍ മൂന്ന് മാസവും തൊഴിലില്ലായ്മ നിരക്ക് ആ നിലയില്‍ സ്ഥിരത പുലര്‍ത്തുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു. ഫെബ്രുവരിയിലെ തൊഴില്‍ അവസരങ്ങളില്‍ ഫുള്‍ ടൈം ജോബിനാണ് മുന്‍തൂക്കം. ആകെ 70600 അവസരങ്ങള്‍ ഫുള്‍ടൈം ജോബ് മേഖലയിലുണ്ടായപ്പോള്‍ പാര്‍ട്ട് ടൈം ജോലിയില്‍ 29900 അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

അതേസമയം, ജനസംഖ്യാ വളര്‍ച്ച തൊഴില്‍ വളര്‍ച്ചയെ മറികടക്കുകയും തൊഴില്‍ നിരക്കില്‍ 0.1% ഇടിവുണ്ടാക്കുകയും ചെയ്തു. അതായത് ജോലി ചെയ്യുന്ന 15 വയസും അതില്‍ കൂടുതലുമുള്ള ജനസംഖ്യയുടെ അനുപാതം വര്‍ധിച്ചു. ഇത് തുടര്‍ച്ചയായ അഞ്ചാമത്തെ പ്രതിമാസ ഇടിവാണ്. അതോടൊപ്പം തന്നെ 2009 ഏപ്രിലിന് ശേഷം തുടര്‍ച്ചയായി കുറയുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണുമിത്. വിദേശ വിദ്യാര്‍ത്ഥികളുടെ വരവാണ് ജനസഖ്യ വര്‍ധനവിന് പ്രധാന കാരണമായത്.

സ്ഥിരം ജീവനക്കാരുടെ ശരാശരി മണിക്കൂര്‍ വേതനത്തിലെ വാര്‍ഷിക വളര്‍ച്ച ജനുവരിയിലെ 5.3% ല്‍ നിന്ന് 4.9% ആയി കുറഞ്ഞു. വേതനത്തകര്‍ച്ചയുടെ തുടര്‍ച്ചയായ രണ്ടാം മാസവും ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഇത്. കാനഡയിലെ തൊഴില്‍ വിപണി അത്ര ശക്തമായി മുന്നോട്ട് പോകുന്നില്ലെന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

കുടിയേറ്റം കൂടുതല്‍ ശക്തമായതോടെ കാനഡയില്‍ ജനസംഖ്യാനിരക്കില്‍ വന്‍ വര്‍ധവുണ്ടായെന്ന തരത്തിലുള്ള കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കാനഡയില്‍ നിന്നുള്ള പുതിയ ഡാറ്റ അനുസരിച്ച്, 2023 ഒക്ടോബര്‍ 1 വരെയുള്ള രാജ്യത്തിന്റെ ജനസംഖ്യ വര്‍ഷത്തില്‍ 1.25 ദശലക്ഷമായി ഉയര്‍ന്നു. അടുത്തകാലത്ത് 12 മാസത്തെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കാണിത്.

കാനഡ 2023 കഴിഞ്ഞ വര്‍ഷം 454,590 പുതിയ സ്ഥിര താമസക്കാരെ സ്വീകരിച്ചു. അതേസമയം 804,690 നോണ്‍-പെര്‍മനന്റ് റെസിഡന്റുമാരെ കൊണ്ടുവരികയും ചെയ്തു. ജനസംഖ്യ വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തെ വാടക നിരക്കും വലിയ തോതില്‍ വര്‍ധിച്ചു. ഇതോടെയാണ് സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്.


Comment

Editor Pics

Related News

പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ
പലസ്തീന് ഐക്യദാര്‍ഡ്യം, പ്രതിഷേധിച്ച് മക്ഗില്ലന്‍ വിദ്യാര്‍ഥികള്‍
ഫുഡ് ബാങ്കിനെപ്പറ്റി വ്‌ളോഗ്, ഇന്ത്യന്‍ വംശജനെ കനേഡിയന്‍ കമ്പനി പുറത്താക്കി