Or copy link
27 March, 2024
നാളെ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി പെസഹാവ്യാഴം ആചരിക്കുന്നു.ഒരമ്മ കുഞ്ഞിനെ ഒരുക്കി വിദ്യാലയത്തിലേക്ക് വിദ്യ അഭ്യസിക്കാന്‍ പറഞ്ഞു വിടുന്നത് പോലെ തിരുസഭാ മാതാവ് തന്റെ മക്കളുടെ നെറ്റിയില്‍ ചാരം കൊണ്ട് കുരിശ് വരച്ച് തപസ്സിന്റെ പവിത്രതയിലേക്ക് പറഞ്ഞു വിടുന്നു. അവിടെ ഓരോരുത്തരും അഭ്യസിക്കേണ്ട പാഠം അവളുടെ തന്നെ ശിരസ്സായ ക്രിസ്തുവിന്റെ പീഡാസഹന, മരണ, ഉത്ഥാനങ്ങളിലൂടെ കൈവരുന്ന രക്ഷാകര കര്‍മ്മത്തെക്കുറിച്ചാണ്. അങ്ങനെ തപസ്സിന്റെ നാല്‍പത് ദിവസങ്ങളിലൂടെ കടന്നു പോകുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ പെസഹാ രാത്രിയിലൂടെ യാത്ര ചെയ്തു കൊണ്ട് മാത്രമേ രക്ഷാകര വിശുദ്ധിയുടെ ഉത്ഥാനത്തിലേക്ക് പ്രവേശിക്കൂ എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനമാണ് പെസഹാ വ്യാഴം. അന്നാണ് ക്രിസ്തു, താലത്തില്‍ വെള്ളമെടുത്ത്, വെണ്‍ കച്ചയും അരയില്‍ ചുറ്റി ശിഷ്യ പാദങ്ങള്‍ കഴുകി, ഇതെന്റെ ശരീരമാണ് ഇതെന്റെ രക്തമാണ് എന്ന് പറഞ്ഞ് സ്വന്തം ശരീര രക്തങ്ങളെ ദിവ്യകാരുണ്യമായി നല്‍കുകയും ചെയ്തു കൊണ്ട് ശുശ്രൂഷയുടെ പൗരോഹിത്യവും പൗരോഹിത്യത്തിലെ ശുശ്രൂഷയും തമ്മില്‍ ബന്ധിപ്പിക്കുകയും സ്‌നേഹകല്‍പനയുടെ പുതിയനിയമ പൗരോഹിത്യം സ്ഥാപിക്കുകയും ചെയ്തത്.സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും, ഒറ്റികൊടുക്കലിന്റെയും, ഒറ്റയാക്കപ്പെട്ടതിന്റയും, വിട്ടുകൊടുക്കലിന്റെയും, അവഹേളനത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു രാത്രിയാണ് പെസഹാ രാത്രി.
പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം കടന്നു പോക്ക് എന്നാണ്. ദൈവം ഇസ്രായേല്‍ ജനത്തിന്റെ നിലവിളിക്ക് ഉത്തരം നല്‍കി കൊണ്ട് കടന്നു പോയ മഹാ സംഭവത്തെ അത് അനുസ്മരിപ്പിക്കുന്നു.പഴയ നിയമത്തില്‍ പെസഹാക്കുഞ്ഞാടിന്റെ രക്തം കട്ടിള കാലുകളിലും മേല്‍ പടിയിലും പുരട്ടാന്‍ ദൈവം ആവശ്യപ്പെടുകയും ആ രക്തം രക്ഷയുടെ അടയാളമായിത്തീരുകയും ചെയ്യുന്നു.പുതിയ നിയമത്തില്‍ പെസഹാ കുഞ്ഞാടാകുന്നത് ദൈവപുത്രനായ യേശു തന്നെയാണ്. ക്രിസ്തുവിന്റെ രക്തമാണ് രക്ഷയുടെ അടയാളമായി ചൊരിയപ്പെടുന്നത്. ഇവിടെ പെസഹാ ആചരണത്തെ വെറും ഒരു കടന്നു പോക്കായി മാത്രം കണക്കാക്കാന്‍ കഴിയില്ല. അത് പങ്കുവയ്പിന്റെ ഒരു മഹോല്‍സവമാണ്. പങ്കുവയ്പിലൂടെ സകലത്തിനെയും ജീവനിലേക്കു വിളിക്കുന്ന ദിവ്യകാരുണ്യത്തിന്റെ മഹോല്‍സവ ദിനമാണ്.
ക്രിസ്തു ജീവന്റെ അപ്പമായും നിണമായും തന്നെ തന്നെ പങ്കുവെക്കുന്നു. ഈ പങ്കുവയ്ക്കലിലാണ് ദിവ്യകാരുണ്യം സ്ഥാപിതമായത്. ആ ദിവ്യകാരുണ്യം വീണ്ടും വീണ്ടും സജീവമായ പങ്കുവയ്ക്കലാക്കുവാന്‍ പൗരോഹിത്യം സ്ഥാപിതമായ ദിവസം കൂടിയാണിന്ന്. പെസഹാ വ്യാഴത്തില്‍ അങ്ങനെ നമ്മള്‍ രണ്ടു തരം ഉല്‍സവം കൊണ്ടാടുന്നു. പഴയ നിയമത്തില്‍ നിന്ന് പുതിയതിലേക്കുള്ള കടന്നു പോക്കില്‍ ദൈവം ദിവ്യകാരുണ്യമായി നമ്മുടെയിടയില്‍ സജീവമായി വസിക്കുന്നു എന്നതാണ് ഒന്ന്. ആ വാസം ദൈനംദിന കരുണാനുഭവമായി പാപത്തില്‍ നിന്നും അതിന്റെ ശിക്ഷയായ മരണത്തില്‍ നിന്നും നമ്മെ കടത്തിക്കൊണ്ടു പോകുന്ന രക്ഷാകര പെസഹാ നമ്മില്‍ പൂര്‍ത്തീകരിക്കുന്നു എന്നതാണ് മറ്റേത്.
ഇന്ന് ലോകം കടന്നു പോകുന്ന ആയുധ കച്ചവടം, യുദ്ധം, ദാരിദ്ര്യം, അസമത്വം, അനീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധിയായ ദുരിതങ്ങളുടെ നടുവിലൂടെയുള്ള രക്ഷാകര പാത തെളിക്കുന്ന ഒരു യാത്രയ്ക്കുള്ള ക്ഷണമുണ്ട് ഈ പെസഹാദിനങ്ങളില്‍. ഇവിടെയാണ് ക്രിസ്തു സ്വയം അര്‍പ്പിച്ച യാഗത്തിന്റെയും അവന്‍ സ്ഥാപിച്ച പൗരോഹിത്യത്തിന്റെയും പ്രസക്തി. ഇസ്രായേല്‍ ജനം ഈജിപ്തിന്റെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് ഇസ്രായേലിലെ പുരുഷന്മാര്‍ അടിമകളാക്കപ്പെടുകയും സ്ത്രീകളും കുട്ടികളും പട്ടിണിയും പീഡനവും സഹിച്ച് നിലവിളിക്കുകയും ചെയ്തു. കാലമേറെ കഴിഞ്ഞിട്ടും പിടിച്ചടക്കലും അടിച്ചമര്‍ത്തലും അടിമയാക്കലും ഇന്നും ആവര്‍ത്തിക്കപ്പെടുന്നു. രക്ഷ കാത്തു കിടക്കുന്ന ജനവിഭാഗങ്ങള്‍ നിരവധിയാണ്. ഇന്നും ജനം പരസ്പരം ഭീകരമായി പോരാടുന്നു. ഭീകരായുധങ്ങളുടെ ആക്രമണങ്ങളില്‍ തകര്‍ന്നു വീഴുന്ന സ്വപ്ന സൗദ്ധങ്ങളില്‍ നിന്നുയരുന്ന കറുത്ത പുകപടലങ്ങളുടെ ഗന്ധം ശ്വസിച്ച്, ബോംബിന്റെ ശബ്ദം കേട്ടുണരുന്ന കുഞ്ഞുങ്ങള്‍! അവര്‍ക്ക് നഷ്ടമായത് അമ്മയുടെ താരാട്ടുകളാണ്. കുടുംബത്തിന്റെ കൂട് വിട്ട് സൈന്യത്തിന്റെ പാളയത്തിലേക്ക് ചെല്ലേണ്ടി വരുന്ന പുരുഷന്മാര്‍. സ്വന്തം മക്കളുടെ മുന്നില്‍ പീഡിപ്പിക്കപ്പെടുന്ന അമ്മമാര്‍, കണ്‍മുന്നില്‍ കത്തിയെരിയുന്ന അമ്മയെ രക്ഷിക്കാനാവാതെ എരിഞ്ഞ് തീര്‍ന്ന ചാര കൂമ്പാരത്തെ നോക്കി വിലപിക്കുന്ന മക്കള്‍, യുദ്ധഭൂമിയില്‍ പിറന്നു വീഴുന്ന നവജാതശിശുക്കള്‍, ബാല്യം നഷ്ടപ്പെട്ട കുട്ടികളും, കൗമാരക്കാരും, യുദ്ധം കവര്‍ന്നെടുത്ത യൗവനവും, സമാധാനം ചാരമാക്കിയ വാര്‍ദ്ധക്യവും ഇങ്ങനെ മനുഷ്യര്‍ പെസഹാ രാത്രിയില്‍ ക്രിസ്തു കേട്ട പടയാളികളുടെ അതേ ശബ്ദാരവങ്ങള്‍ കേള്‍ക്കുന്നു. ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതുപോലെ ഇവരിലെല്ലാം വീണ്ടും വീണ്ടും യേശു ക്രൂശിക്കപ്പെടുന്നു.
യുദ്ധത്തിന്റെ ഭീകരത ഇങ്ങനെ നില്‍ക്കുമ്പോള്‍ ദാരിദ്ര്യം വിഴുങ്ങുന്ന നിരവധി മുഖങ്ങള്‍ നാം എങ്ങനെ തള്ളിക്കളയും. ഏപ്രില്‍ പന്ത്രണ്ടാം തിയതി ഫോബ്‌സ് മാഗസിന്‍ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ടു. കോടികളുടെ ആസ്ഥിയുള്ളവരുടെ പട്ടിക ഒരു വശത്ത് നില്‍ക്കുമ്പോള്‍ മറ്റൊരു വശത്ത് ദരിദ്രരുടെ പട്ടിക അതിലും ഉയര്‍ന്നു നില്‍ക്കുന്നു. എല്ലാവര്‍ക്കുമായി നല്‍കിയതിനെ അന്യായമായി ചുരുക്കം ചിലര്‍ കൈവശമാക്കുമ്പോള്‍ പട്ടിണിയില്‍ വലയുന്നവരിലും ക്രൂശിക്കപ്പെടുന്നത് യേശു തന്നെയല്ലേ !
ഇനി മറ്റൊരു യഥാര്‍ത്ഥ്യത്തെ കൂടി കാണാന്‍ ലോകം നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പൊതു ഭവനത്തിന്റെ ദയനീയ രോദനമാണത്. മനുഷ്യനെ കൊള്ളയടിച്ച് കീശ വീര്‍പ്പിക്കുന്നവര്‍ ഈ പ്രകൃതിയെയും വെറുതെ വിടുന്നില്ല. ദുരന്തങ്ങളുടെ നീണ്ട നിരകള്‍ ഉയര്‍ത്തി പ്രകൃതി തന്റെ നിലവിളി കേള്‍ക്കാന്‍ മുട്ടുമടക്കുന്നു. ഇങ്ങനെ നിരവധി ദുരന്തങ്ങളുടെ ഉള്ളില്‍ നിന്നാണ് ഈ പെസഹാ വ്യാഴം നമുക്കാചരിക്കാന്‍ അവസരം വന്നിരിക്കുന്നത്. നമ്മുടെ പൗരോഹിത്യത്തിന്റെയും ബലിയര്‍പ്പണങ്ങളുടേയും വഴികള്‍ ഇവയിലൂടെ കടന്നു പോയില്ലെങ്കില്‍ പിന്നെ എന്താണ് പെസഹാ? തിന്മകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന ഈ കാലത്ത് നന്മയുടേയും കരുണാദ്ര സ്‌നേഹത്തിന്റെയും സ്വയം സമര്‍പ്പണത്തിന്റെയും ബലിയുടെ സ്ഥാപനവല്‍ക്കരണമാണ് പെസഹാ വ്യാഴത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
മനുഷ്യരുടെ കഴിഞ്ഞ് പോയ ദുരിതങ്ങള്‍ക്കും വരാനിരിക്കുന്ന ദുരിതങ്ങള്‍ക്കും പരിഹാരമായാണ് ക്രിസ്തു ബലിയര്‍പ്പിച്ചത്. ക്രിസ്തു ബലി വസ്തുവും ബലിയര്‍പ്പകനുമായിരുന്നു. ഈ ബലിയില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ട ഓരോ ക്രൈസ്തവനും ഓര്‍മ്മിക്കേണ്ട ഒന്നാണ് നാം ഓരോരുത്തരും ബലി വസ്തുവും ബലിയര്‍പ്പകരുമാണെന്ന്.
മാമോദീസയില്‍ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നു. എങ്കിലും ശുശ്രൂഷാ പൗരോഹിത്യത്തിന് വിളിക്കപ്പെട്ടവര്‍ക്ക് അവരുടെ പ്രത്യേക ദൗത്യത്തിന് ഇന്ന് ആശംസകള്‍ അര്‍പ്പിക്കുമ്പോള്‍ നമുക്കും ഓര്‍മ്മിക്കാം ഓരോ ക്രൈസ്തവനിലും ഒരു ബലിയര്‍പ്പകനുണ്ട് എന്ന്. പുരോഹിതര്‍ക്കായി നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.
അള്‍ത്താരയില്‍ അര്‍പ്പിക്കുന്ന ഓരോ ബലിയും ജീവിതത്തിന്റെ പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കാതെ അതിന്റെ പൂര്‍ണ്ണത വരുന്നില്ല എന്നാണ് യേശു കാണിച്ചു തന്നത്. അതിനാല്‍ ഓരോരുത്തരും തന്റെ പൗരോഹിത്യം ജീവിത ദൗത്യത്തിലൂടെ തുടരേണ്ടവരാണ്. അതിനാല്‍ പൗരോഹിത്യ സ്ഥാപനത്തിന്റെ ദിനമായി സഭ പഠിപ്പിക്കുന്ന ഈ പെസഹാ വ്യാഴം എല്ലാവരേയും അള്‍ത്താരയില്‍ നിന്ന് ജീവിതത്തിന്റെ താഴ്വാരങ്ങളിലുള്ള ബലിയര്‍പ്പണത്തിന് നിര്‍ബ്ബന്ധിക്കുന്നു.
സ്പര്‍ദ്ധയല്ല സ്‌നേഹമാണ് പെസഹാ
പെസഹാ വ്യാഴം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സ്പര്‍ദ്ധയല്ല സ്‌നേഹമാണ്. വെട്ടിമുറിക്കലല്ല. മുറിഞ്ഞ് പങ്കിടലാണ്. അതിനാല്‍ മതത്തിന്റെ പേരിലായാലും, വിശ്വാസങ്ങളുടെ പേരിലായാലും,ആചാരത്തിന്റെ പേരിലായാലും സഹോദരനെതിരേ സഹോദരന്‍ ഉയര്‍ത്തുന്ന ആരോപണങ്ങളും നീക്കങ്ങളും ആബേലിനു നേരെ ഉയര്‍ത്തിയ കായേന്റെ കല്ലുകളാണ്. നിന്റെ ദ്രോഹ മേറ്റ് മണ്ണില്‍ വീണ സഹോദരന്‍ന്റെ രക്തകണങ്ങള്‍ നിന്നോടു കേഴും നിന്റെ സഹോദരനെവിടെ എന്ന്. തനിച്ച് രക്ഷപ്പെടാന്‍ ആര്‍ക്കും ആവില്ലായെന്നും നാം എല്ലാവരും ഒരേ വഞ്ചിയിലാണെന്നും ഒരു ബലിയും തനിച്ചുള്ള രക്ഷയെകുറിച്ചല്ല മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും പിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയിലുള്ള സാര്‍വ്വത്രീകസാഹോദര്യത്തെക്കുറിച്ചാണെന്നും മനസ്സിലാക്കി തരുകയാണ് പെസഹാ വ്യാഴം. അവിടെ ഒറ്റുകാരനും, തള്ളി പറയുന്നവനും, ഇട്ടോടുന്നവരും ഒരുമിച്ചു പങ്കിടുന്ന രക്ഷയാണ് ദിവ്യകാരുണ്യം.
പഴയ നിയമത്തില്‍ പെസഹാ ഒരു കടന്നുപോക്കിന്റെ ഓര്‍മ്മ കൊണ്ടാടലാണ്. അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു പോക്കിന്റെ ഓര്‍മ്മ. 40 വര്‍ഷത്തോളമെടുത്ത ഒരു നീണ്ട യാത്രയുണ്ട് അതിനു പിന്നില്‍. ക്രൈസ്തവ ജീവിതത്തില്‍ നടത്തേണ്ട ഒരു നീണ്ട രക്ഷാകര യാത്രയുടെ വഴിയായിരിക്കണം അത് നമ്മെ ഓര്‍മ്മിപ്പിക്കേണ്ടത്. അതില്‍ നമ്മുടെ അനുദിന ജീവിതത്തിന്റെ വിജയവും പരാജയങ്ങളുമുണ്ട്. മുന്നേറ്റങ്ങളും തളര്‍ന്നുവീഴലുകളുമുണ്ട്.
ഗുരുവായ യേശു തന്റെ പ്രസംഗപീഠത്തില്‍ നിന്നുള്ള പ്രഭാഷണത്തേക്കാള്‍ പ്രവര്‍ത്തിയിലൂടെയുള്ള പാഠം പരിചയപ്പെടുത്തുകയായിരുന്നു പാദ ക്ഷാളണത്തില്‍. മോശയും ഏലിയായും വണങ്ങി നിന്ന് ശ്രവിച്ച ഗുരുവിന്റെ ഈ വിചിത്രമായ പാഠം പത്രോസിനെ വല്ലാതെ വിഷമിപ്പിച്ചു. കസേരയില്‍ നിന്നുള്ള ഈ ഇറക്കം പ്രതിഫലിപ്പിക്കുന്ന അപകട സാധ്യതകള്‍ ഒരു പക്ഷേ പത്രോസിന് പിടികിട്ടിയിരുന്നില്ല എന്നിരിക്കിലും ഗുരു തന്റെ പാദം കഴുകുന്നത് അനുവദിക്കാന്‍ പത്രോസ് മടിച്ചു. തന്നെ പങ്കെടുപ്പിക്കാത്ത ഒരു തലവും ശിഷ്യന്റെ ജീവിതത്തിലുണ്ടാവരുതെന്ന് ഗുരുവിന്റെ മനസ്സിലുണ്ടായിരുന്നു. ശിഷ്യന്റെ എല്ലാ തലങ്ങളിലുമുള്ള രക്ഷ ഗുരുവിന്റെ ദൗത്യവും, ഗുരുവിനോടുള്ള തുറവ് ശിഷ്യത്വത്തിന്റെ ധര്‍മ്മവുമാകുന്നു. ഒരു ശിഷ്യന്റെ രക്ഷ ഉറപ്പാക്കാന്‍, അപകടമേഖലകളെ തിരിച്ചറിയാന്‍ മുന്നറിയിപ്പ് നല്‍കുന്ന ഗുരുവിനെയും കാണാം. നീ സൂക്ഷിക്കേണ്ട തലങ്ങളുണ്ടെന്ന് പത്രോസിനോടും,കൂദാശ ചെയ്ത അപ്പവും വീഞ്ഞും വിളമ്പി ഒറ്റ്കാരനാകാനിരുന്ന യൂദാസിനോടും പറഞ്ഞും പ്രവര്‍ത്തിച്ചും യേശു കാണിച്ചത് ഇനിയും വൈകിയിട്ടില്ല, രക്ഷപെടാന്‍ സമയമുണ്ടെന്ന മുന്നറിയിപ്പുകള്‍ ആയിരുന്നു.
വീഴാതെ കാക്കാനും വീണാല്‍ താങ്ങാനും വീണിടത്ത് നിന്ന് പിടിച്ചെഴുന്നേല്‍പ്പിക്കാനും യേശു സ്ഥാപിച്ച പൗരോഹിത്യത്തിന്റെ മഹത്വ തലങ്ങളിണിതെല്ലാം. ഇതില്‍ പങ്കു ചേരുന്ന ക്രൈസ്തവനും പ്രത്യേക ദൗത്യം ഏറ്റെടുത്ത പുരോഹിതനും വിളിക്കപ്പെട്ട പ്രേഷിതത്വം ഇതാണ്. നമുക്ക് പ്രാര്‍ത്ഥിക്കാം, ഒരുമിച്ചിരിക്കാം, പങ്കു വയ്ക്കാം, ബലിയര്‍പ്പിക്കാം ബലി വസ്തുവും ബലിയര്‍പ്പകരുമാവാം. നല്ല പെസഹാദിനങ്ങള്‍! ഉയിര്‍പ്പിലേക്കുള്ള വഴിയാത്രകള്‍!
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment