Or copy link
17 April, 2024
'കാത്തിരിക്കാന്‍ എനിക്കു ശക്തിയുണ്ടോ? എന്തിനുവേണ്ടിയാണ് ഞാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടത്? എന്റെ ശക്തി കല്ലുകളുടെ ബലമാണോ? എന്റെ മാംസം പിച്ചളയാണോ? എന്റെ ശക്തി വാര്‍ന്നുപോയിരിക്കുന്നു; എനിക്ക് ആശ്രയമറ്റിരിക്കുന്നു. . (ജോബിന്റെ പുസ്തകം 6:11-13)'
നമ്മുടെ ജീവിതത്തില്‍ പലപ്പോഴും നാം ചിന്തിച്ചിട്ടുണ്ടാകും. എന്ത് കൊണ്ടാണ് ഞാന്‍ അനുഗ്രഹിക്കപെടാതെ പോകുന്നത്? എന്നെ കുറിച്ചുള്ള ദൈവ പദ്ധതി എന്താണ്. പ്രിയമുള്ളവരേ നാം പഠിക്കേണ്ട ഒരുപുസ്തകമാണ് തോബിത്തിന്റെ പുസ്തകം. തോബിത് നീതിമാന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് സഹനങ്ങള്‍ കടന്നു വരുന്നു. ആദ്യം ജോലി പോയി, പിന്നെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടു. കുടുംബം പട്ടിണിയില്‍ ആയപ്പോള്‍ ഭാര്യ ജോലിക്ക് പോയി കുടുംബം പുലര്‍ത്തുകയാണ്..
ഒരു ദിനത്തില്‍ തോബിത്തിന്റെ ഭാര്യ തിരികെ വരുമ്പോള്‍ കൈയില്‍ ഒരു ആട്ടിന്‍ കുട്ടി ഉണ്ട്. ഉടനെ തോബിത് ദൈവ ഭയത്താല്‍ പറഞ്ഞു. നീ ഇതിനെ മോഷ്ടിച്ചത് ആണെങ്കില്‍ അതിനെ തിരികെ കൊടുക്കുക. അത് കേട്ട തോബിത്തിന്റെ ഭാര്യ അവനെ പരിഹസിക്കുകയാണ്. ഞാന്‍ ഒരുപാടു വട്ടം ചിന്തിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് സ്വന്തം കുടുംബത്തില്‍ നിന്ന് വരെ പരിഹാസം ഏറ്റുവാങ്ങാന്‍ ഈ മനുഷ്യന് ഇടവരുന്നത്
നാം അറിയണം പരിഹസിക്കപ്പെട്ട രാത്രിയില്‍ തോബിത് നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. എന്നാല്‍ ലോക ദൃഷ്ടിയില്‍ അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. ബൈബിള്‍ പറയുന്നു.ദൈവം അവന്റെ പ്രാര്‍ത്ഥന കേട്ടിരുന്നു ,ലോകത്തിന്റെ ദൃഷ്ടിയില്‍ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതിനു വളരെ മുന്‍പേ തന്നെ ദൈവം പ്രാര്‍ത്ഥന സ്വീകരിക്കുന്നു എന്ന് നാം അറിയണം അവനെ സഹായിക്കുവാന്‍ ദൈവം റഫായേല്‍ മാലാഖയെ നിയോഗിച്ചു. ഇതിനോടൊപ്പം ബൈബിള്‍ നമ്മെ ഓര്‍മ്മപെടുത്തുന്നു. ആ രാത്രി മറ്റൊരാള്‍ കൂടി പരിഹസിക്കപ്പെട്ടു. അത് സാറ എന്ന പെണ്‍കുട്ടിയാണ്. അവസാനം നമ്മുക്ക് മനസിലാകുന്നു. വലിയ ഒരു ദൈവ പദ്ധതി പൂര്‍ത്തിയാകുവാന്‍ തോബിത് ഈ പ്രതി സന്ധികളില്‍ കൂടെ കടന്നു പോകേണ്ടിയിരുന്നത് അനിവാര്യമാണ്.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം ക്രിസ്തുവിനെ നോക്കി കുരിശില്‍ നിന്നും ഇറങ്ങി വരുവാന്‍ പറഞ്ഞു പരിഹസിച്ച പടയാളികള്‍ അറിഞ്ഞില്ല ദൈവ പദ്ധതി എന്താണ് എന്നുള്ളത്. ഇന്ന് നീ സഹനത്തില്‍ ആണെങ്കില്‍ ഭയപ്പെടരുത്. പരിഹസിക്കപ്പെടുന്ന സഹന അവസ്ഥകളെ ദൈവം കാണുന്നു. നിന്നെ സഹായിക്കാന്‍ ദൈവ ദൂതന്‍ പുറപ്പെടും ജോബ് പരിഹസിക്കപ്പെട്ടപ്പോള്‍ ദൈവം ഇടപെട്ട സംഭവം നാം ബൈബിളില്‍ കാണുന്നു.
ദൈവ പദ്ധതിക്ക് കീഴ്വഴങ്ങി ജീവിക്കുവാന്‍ നാം ബാധ്യസ്തര്‍ ആണ്. നാം ഓര്‍ക്കണം ക്രിസ്തു പ്രാര്‍ത്ഥിക്കുന്നത് എന്റെ ഹിതം അല്ല, ദൈവ പിതാവിന്റെ ഹിതം നിറവേറട്ടെ എന്നാണ് . സഹനങ്ങള്‍ നാം ഏറ്റെടുക്കുമ്പോള്‍ പതറരുത്. ദൈവത്തെ നിഷേധിക്കരുത്. കാരണം ദൈവത്തിന് നിന്നെ കുറിച്ച് ഒരു പദ്ധതി ഉണ്ട്. നീ അറിയാത്ത വലിയ നന്‍മകള്‍ നിന്നെ കാത്തിരിക്കുന്നു.
കൊച്ചു തോബിയാസ് ദൂതന് ഒപ്പം യാത്രയായപ്പോള്‍ പോലും അന്ന തോബിത്തിനെ കുറ്റം പറയുന്നു. കാരണം അവള്‍ക്ക് ദൈവിക പദ്ധതി ഗ്രഹിക്കുവാന്‍ സാധിച്ചില്ല. പലപ്പോഴും ലോകം ദൈവിക പദ്ധതികളെ ഗ്രഹിക്കുന്നില്ല . അവസാനം അവരുടെ ജീവിതത്തില്‍ വന്ന നന്മകളെ പറ്റി ദൈവം നമ്മെ ഓര്‍മ്മപെടുത്തുന്നു. നീതിമാനായ പൂര്‍വപിതാവ് ജോസഫ് കാരഗ്രഹത്തില്‍ അടയ്ക്കപെട്ടപ്പോള്‍ പോത്തിഫറിന്റെ ഭാര്യ ഒരുപക്ഷെ ചോദിച്ചു കാണും നിന്റെ ദൈവം എവിടെ പോയി? എന്നാല്‍ ബൈബിള്‍ നമ്മോട് ദൈവത്തിന്റെ പദ്ധതി വ്യക്തമാക്കി തരുന്നു.
ക്രിസ്തീയ ജീവിതം സഹനങ്ങള്‍ ഉള്ളതാണ്. പട്ടു മെത്തയില്‍ കൂടെ നടക്കുവാന്‍ ആരും ക്രിസ്ത്യാനി ആകരുത്. ക്രിസ്തു നമ്മോടു കുരിശു വഹിക്കുവാന്‍ ആണ് ആഹ്വനം ചെയ്തത്. ബൈബിളിലെ എല്ലാ മനുഷ്യരും സഹനങ്ങളില്‍ കൂടെ കടന്നു പോയി. നാം സഹനങ്ങള്‍ അനുഭവിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കണം. കാരണം, ദൈവം അവന്റെ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തും. ചിലപ്പോള്‍ നീ സഹന നിമിഷങ്ങളില്‍ കൂടെ കടന്നു പോകണം എന്നാണ് ദൈവ ഹിതം എങ്കില്‍ അശ്വസിപ്പിക്കുവാന്‍ ദൂതന്മാരെ അയക്കും. ഓര്‍ക്കുകവിശ്വാസത്തോടെ സമര്‍പ്പിക്കുന്ന ഒരു പ്രാര്‍ത്ഥനയും ദൈവം സ്വീകരിക്കാതെ പോകുന്നില്ല.
പ്രാര്‍ത്ഥന
കര്‍ത്താവെ, ജീവിത സഹനങ്ങളുടെ നിമിഷത്തില്‍ അവിടുത്തോടു ചേര്‍ന്ന് നില്‍ക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. വേദന നിറഞ്ഞ ദിനങ്ങളില്‍ അവിടുത്തെ ദൂതന്മാര്‍ ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. സഹനത്തിന്റെ നാളുകള്‍ക്ക് ശേഷം ദൈവികമായ സന്തോഷം അനുഭവിക്കുവാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ. ആമേന്‍
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment