ടാറ്റയുടെ പഞ്ച് ഇവി വിപണിയില്‍

07 March, 2024

ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ പഞ്ച് ഇവി (Punch EV) വിപണിയില്‍. 10.99 ലക്ഷം മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില. 21,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ മാസം ആദ്യം മുതല്‍ കമ്പനി ആരംഭിച്ചിരുന്നു.

ടാറ്റ പഞ്ച് ഇവിയുടെ സവിശേഷതകള്‍

രണ്ട് ബാറ്ററി ഓപ്ഷനുമായാണ് പഞ്ച് ഇവി അവതരിപ്പിച്ചിരിക്കുന്നത്. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്ററും 25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ റേഞ്ചിലും സഞ്ചരിക്കും.

ടാറ്റയുടെ മുന്‍ ഇലക്ട്രിക് കാറായ ടാറ്റ നെക്‌സണ്‍ ഇവിയുടെ ഡിസൈന് സമാനമാണ് ടാറ്റ പഞ്ച് ഇവിയുടെ ഡിസൈനും. ഫ്രണ്ട് ട്രങ്ക്, എല്‍ഇഡി ലൈറ്റ് ബാര്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ് സെറ്റപ്പ്, ഫ്രഷ് അലോയ് വീല്‍ ഡിസൈന്‍ എന്നിവയൊക്കെയാണ് ഡിസൈനിലേക്കു വരുമ്പോള്‍ എടുത്തു പറയേണ്ട കാര്യങ്ങള്‍. Gen 2 ആര്‍ക്കിടെക്ചറില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്.

പഞ്ച് ഇവിയുടെ ലോങ്ങ് റേഞ്ച് മോഡലില്‍ 122 എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കും അടങ്ങിയ ഇലക്ട്രിക് മോട്ടറും മീഡിയം റേഞ്ച് മോഡലില്‍ 81 എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കും ഉള്ള ഇലക്ട്രിക് മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്. 3.3 കിലോവാട്ട് വാള്‍ ബോക്‌സ് ചാര്‍ജറും 7.2 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജറും നല്‍കിയിട്ടുണ്ട്. വെറും 56 മിനിറ്റിനുള്ളില്‍ ബാറ്ററി 10 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലെത്തും.

പ്രീമിയം മോഡല്‍ ഇന്റീരിയറാണ് ടാറ്റ പഞ്ച് ഇവിയുടെ മറ്റൊരു സവിശേഷത. പുതിയ ഡാഷ്ബോര്‍ഡ് ഡിസൈനും ഇതില്‍ കാണാം. ഇന്‍ഫോടെയ്ന്‍മെന്റിനായി 10.25 ഇഞ്ചുള്ള രണ്ട് സ്‌ക്രീനുകള്‍, ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, സ്റ്റിയറിംഗ് വീല്‍ പാഡിലുകള്‍ എന്നിവ പോലുള്ള നിരവധി സവിശേഷതകളുമായാണ് പഞ്ച് ഇവി നിരത്തിലെത്തുക. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സണ്‍റൂഫ്, ക്യാബിന്‍ എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിലേക്കു വന്നാല്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX മൗണ്ടുകള്‍ എന്നിവയും പഞ്ച് ഇവിയില്‍ ലഭ്യമാണ്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടാറ്റ മോട്ടോഴ്സ് പറയുന്നു.

7.98 ലക്ഷം മുതല്‍ 9.98 ലക്ഷം വരെ വിലയുള്ള എംജി കോമറ്റ്, 11.5 ലക്ഷം മുതല്‍ 12.68 ലക്ഷം വരെ വിലയുള്ള സിട്രോണ്‍ ഇസി3, 8.69 ലക്ഷം മുതല്‍ 12.04 ലക്ഷം വരെ ടാറ്റയുടെ തന്നെ ടിയാഗോ ഇവി എന്നിവയോടാണ് പഞ്ച് ഇവി മല്‍സരിക്കേണ്ടത്.


Comment

Editor Pics

Related News

Tata Punch.EV Adventure variant | ഇതാണ് എടുക്കേണ്ട വേരിയന്റ് | 13 lakhs onroad
ഇലക്ട്രിക്കില്‍ മാസ് എന്‍ട്രിക്ക് മാരുതി സുസുക്കി; എത്തുന്നത് ഒന്നും രണ്ടുമല്ല, ആറ് മോഡലുകള്‍.
കാര്‍ ഇന്‍ഷൂറന്‍സ്, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം
പഴയ കാര്‍ വില്‍ക്കുമ്പോള്‍ പണം നഷ്ടമാകാതിരിക്കാന്‍