പാകിസ്ഥാനില്‍ വചന പ്രഘോഷകന് വെടിയേറ്റു

07 September, 2023

ഫൈസലാബാദ്: പാകിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവാകുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ഫൈസലാബാദ് പ്രവിശ്യയില്‍പ്പെടുന്ന പ്രിസ്‌ബൈറ്റേറിയന്‍ ആരാധനാലയത്തിലെ വചന പ്രഘോഷകനായ എലിയേസര്‍ സിദ്ധു (വിക്കി)വിന് വെടിയേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

റെഹ്മത്ത് ഖനുവാന പട്ടണത്തിലെ വീട്ടിലേക്ക് നടന്നു വരുന്ന വഴിക്കാണ് അദേഹത്തിന് വെടിയേറ്റത്. വലതു കരത്തിനാണ് വെടിയേറ്റിരിക്കുന്നത്. നിര്‍ബന്ധപൂര്‍വ്വം ഖുറാനിലെ വാക്യങ്ങള്‍ ചൊല്ലുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിന് വിസമ്മതിച്ചപ്പോഴാണ് അക്രമികള്‍ വെടിവെച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

ദേവാലയ ഭിത്തികളില്‍ കഴിഞ്ഞ മാസാവസാനം ഇസ്ലാമിക സൂക്തങ്ങള്‍ എഴുതി അലംകോലമാക്കിയവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എലിയേസര്‍ വെളിപ്പെടുത്തി.

മോണ്‍. ഇണ്ട്രിയാസ് റെഹ്മത്ത് പോലീസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി പാസ്റ്റര്‍ വിക്കിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും സന്ദര്‍ശിച്ചിരുന്നു.

വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ ഓഗസ്റ്റ് 16 ന് ജരന്‍വാലയില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവന രഹിതരായത്.

കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി. തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഏറെ ആശങ്കയിലാണ്.

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ അധികൃതര്‍ ഇതുവരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നു ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാക്കിസ്ഥാന്റെ പ്രസിഡന്റായ നവീദ് വാള്‍ട്ടര്‍ പറഞ്ഞു. പാകിസ്ഥാനി ക്രൈസ്തവരുടെ ഏറ്റവും മോശം സമയങ്ങളിലൊന്നാണ് ഇതെന്ന് ഫൈസലാബാദിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാലാ റോബിന്‍ ഡാനിയല്‍ പറഞ്ഞു.

Comment

Editor Pics

Related News

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി
നിമിഷ പ്രിയയെ അമ്മ കണ്ടു; കൂടിക്കാഴ്ച 12 വര്‍ഷങ്ങള്‍ക്കുശേഷം