ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക ജിഎസ്ടി: മന്ത്രി നിതിന്‍ ഗഡ്കരി

13 September, 2023

ഡീസല്‍ വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക ജിഎസ്ടി ചുമത്താന്‍ ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്ന് 63-ാമത് സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിച്ച നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനെ ‘മലിനീകരണ നികുതി’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വ്യവസായ മേഖലയോട് അഭ്യര്‍ത്ഥിക്കും, അല്ലാത്തപക്ഷം അധിക നികുതി ചുമത്തേണ്ടി വരുമെന്നും ഗഡ്കരി പറഞ്ഞു.

‘ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങള്‍ കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് നികുതി കൂട്ടേണ്ടിവരും. ഞങ്ങള്‍ നികുതി വര്‍ധിപ്പിക്കും, ഇത് ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും,’ ഗഡ്കരി പറഞ്ഞു.

രാജ്യത്ത് ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡീസല്‍ വാഹന ഉല്‍പ്പാദനം കുറയ്ക്കുക, അല്ലെങ്കില്‍ നികുതി കൂട്ടുമെന്നും ഗഡ്കരി മുന്നറിയിപ്പ് നല്‍കി.


അതേസമയം, അദ്ദേഹത്തിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഡീസല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന അശോക് ലെയ്ലാന്‍ഡ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ 2.5 ശതമാനത്തോളം ഇടിഞ്ഞു. ഇതിന് പുറമെ, സ്വരാജ് എഞ്ചിന്‍സ്, എസ്‌കോര്‍ട്ട്‌സ് കുബാറ്റ തുടങ്ങിയ ട്രാക്ടര്‍ നിര്‍മാണ കമ്പനികളുടെ ഓഹരികളും ഏകദേശം 3 ശതമാനത്തോളം ഇടിഞ്ഞു. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയ എണ്ണ വിപണന കമ്പനികളുടെ ഓഹരികളും ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, 3-4 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

2014ല്‍ ഇന്ധന വില നിയന്ത്രണം നീക്കിയതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞിരുന്നു. എന്നാല്‍ പ്രാദേശിക വിപണിയില്‍ വിറ്റഴിച്ച എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും 18 ശതമാനവും ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വാഹന മലിനീകരണവും ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നതിനും ഇലക്ട്രിക്, ജൈവ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും ഓട്ടോമൊബൈല്‍ വ്യവസായം പ്രവര്‍ത്തിക്കണമെന്ന് ഗഡ്കരി പറഞ്ഞു.

ഇന്ത്യയിലെ മിക്കവാറും എല്ലാ വാണിജ്യ വാഹനങ്ങളും ഡീസലായതിനാല്‍, അത്തരം വാഹനങ്ങള്‍ക്ക് 10 ശതമാനം അധിക പരോക്ഷ നികുതി ഈടാക്കുന്നത് ഓട്ടോമൊബൈല്‍ വ്യവസായ മേഖലയെ സാരമായി ബാധിക്കും.

Comment

Editor Pics

Related News

ഇലക്ട്രിക്കില്‍ മാസ് എന്‍ട്രിക്ക് മാരുതി സുസുക്കി; എത്തുന്നത് ഒന്നും രണ്ടുമല്ല, ആറ് മോഡലുകള്‍.
കാര്‍ ഇന്‍ഷൂറന്‍സ്, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം
പഴയ കാര്‍ വില്‍ക്കുമ്പോള്‍ പണം നഷ്ടമാകാതിരിക്കാന്‍
ടാറ്റയുടെ പഞ്ച് ഇവി വിപണിയില്‍