സൗന്ദര്യവര്‍ധക ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കും: പുതിയ പഠനം

27 September, 2023

മലപ്പുറം: മുഖഭംഗി വര്‍ധിക്കാനും വെളുക്കാനുമുള്ള ക്രീമുകള്‍ മാരക വൃക്ക രോഗത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. മെര്‍ക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങള്‍ അടങ്ങിയ ക്രീമുകളാണ് രോഗമുണ്ടാക്കുന്നത്.

പല പേരുകളില്‍ ഓണ്‍ലൈന്‍ സൈറ്റുകളിലും ഫാന്‍സി കടകളിലും ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. മലപ്പുറം ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനും ആണ് വൃക്കരോഗികളില്‍ നടത്തിയ പരിശോധനയില്‍ അപൂര്‍വ രോഗം പടരുന്നത് കണ്ടെത്തിയത്.

കേരളത്തില്‍ കേസുകള്‍ കൂടുന്നെന്ന് തുടര്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിദേശരാജ്യങ്ങളില്‍ നിന്നാണ് വ്യാജ ഫേഷ്യല്‍ ക്രീമുകള്‍ എത്തുന്നത്. ഇവയില്‍ കൂടിയ അളവില്‍ ലോഹ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൂത്രത്തില്‍ പതയും ശരീരത്തില്‍ നീരുമാണ് അപൂര്‍വ്വ രോഗത്തിന്റെ ലക്ഷണങ്ങള്‍. ജാഗ്രത വേണമെന്ന് ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചു

കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിയ വൃക്ക രോഗികളിലാണ് ഡോക്ടര്‍മാര്‍ ഒരേ ലക്ഷണങ്ങള്‍ കണ്ടത്. മൂത്രത്തില്‍ ചെറിയ തോതില്‍ പതയും ശരീരത്തില്‍ നീരുമായിരുന്നു ലക്ഷണങ്ങള്‍. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

മെര്‍ക്കുറി, ഈയം, കാഡ്മിയം, ആഴ്സനിക് തുടങ്ങിയ മൂലകങ്ങളുടെ അളവ് അനുവദനീയമായതിലും നൂറിലധികം മടങ്ങാണ് രോഗികളില്‍ കണ്ടത്. എല്ലാവരും ഉപയോഗിച്ചത് ഒരേ തരത്തിലുള്ള വിവിധ പേരുകളില്‍ പുറത്തിറങ്ങിയ ഫേഷ്യല്‍ ക്രീമുകളാണ്.

മറ്റ് ആശുപത്രികളിലും ഇത്തരം രോഗികള്‍ എത്തുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ അന്വേഷണത്തില്‍ വ്യക്തമായി. ചൈന, പാകിസ്ഥാന്‍, തുര്‍ക്കി രാജ്യങ്ങളുടെ ലേബലിലാണ് ഉല്‍പന്നങ്ങള്‍ ഫാന്‍സി കടകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും വില്‍പ്പന നടത്തുന്നത്. ആരോഗ്യ വകുപ്പിനെ വിഷയം അറിയിച്ചിട്ടുണ്ടെന്നും വലിയ ജാഗ്രത വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.


Comment

Editor Pics

Related News

കൊവിഷീല്‍ഡ് വാക്സിന്‍ പിന്‍വലിച്ച് ആസ്ട്രസെനെക
കേരളത്തില്‍ ചിക്കന്‍ പോക്സ് വ്യാപനം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
പ്ലാസ്റ്റിക് ബോട്ടിലിലെ കുപ്പിവെള്ളം സുരക്ഷിതമല്ല; ഭക്ഷ്യസുരക്ഷാ വകുപ്പ്
സൗന്ദര്യവര്‍ധക ക്രീമുകള്‍ വൃക്കരോഗമുണ്ടാക്കും: പുതിയ പഠനം