യുഗാന്ത്യം തൊട്ടരികെ, പ്രവചനങ്ങള്‍ സംഭവിക്കുന്നു

07 October, 2023

കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രം പഠിക്കുകയാണെങ്കില്‍ ആര്‍ക്കും ലോകത്തിന്റെ ദുരവസ്ഥ കാണാന്‍ കഴിയും. നിരാശയുടെ ദയനീയതയും ദയനീയതയുടെ അനുകമ്പാര്‍ഹമായ ഞരക്കവും കേള്‍ക്കാം


ഭാവികാലത്തെ കുറിച്ചറിയാനുള്ള ആഗ്രഹം മനുഷ്യരില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഭാവികാര്യങ്ങള്‍ അറിയുവാന്‍ മനുഷ്യര്‍ പല മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നത്. എന്നാല്‍ മനുഷ്യരുടെ മാത്രമല്ല, ലോകത്തിന്റെപോലും ഭാവി കൃത്യമായി രേഖപ്പെടുത്തുന്ന ഒരേയൊരു ഗ്രന്ഥം വിശുദ്ധബൈബിളാണ്. അതിനാല്‍ ഏതൊരു മനുഷ്യനും അവന്റെ ഭാവിയേക്കുറിച്ചും അവന്‍ ഉള്‍പ്പെടുന്ന ലോകത്തിന്റെ ഭാവിയെക്കുറിച്ചും അറിയുവാന്‍ ആശ്രയിക്കേണ്ടത് വിശുദ്ധ ബൈബിളാണ്. ചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തിനു തിരശീല വീഴാറായി...! ഈ കാലം ദൈവകൃപയുടെ കാലമെങ്കില്‍ ഇനിയും വരുന്നകാലം ദൈവക്രോധത്തിന്റെ കാലഘട്ടമായിരിക്കും... നഷ്ടപ്പെട്ട മനുഷ്യനെതേടി നല്ല ആട്ടിടയനായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങിവന്ന കര്‍ത്താവ് ജീവപര്യന്തം മരണഭീതിയില്‍ ആയിരുന്നവരെ സ്വന്തജീവന്‍ നല്‍കി വിലയ്ക്ക് വാങ്ങുവാന്‍ തക്കവണ്ണം മഹാകരുണ കാണിച്ച ദൈവക്യപയുടെ പരിപാപനയുഗമാണ് ഇതെങ്കില്‍ ഇനിയും വരുന്നകാലം, വീണ്ടും ജനനം പ്രാപിച്ചു രക്ഷിക്കപ്പെടുവാന്‍ മനസ്സില്ലാതെ തന്നിഷ്ടപ്രകാരം ജീവിച്ചു പാപത്തെ പച്ചവെള്ളം പോലെ കോരികുടിക്കുന്ന മഹാപാപികളെ കരുണ കുടാതെ ന്യായം വിധിക്കുവാനുള്ള മഹാപീഡന യുഗമായിരിക്കും...!

കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രം പഠിക്കുകയാണെങ്കില്‍ ആര്‍ക്കും ലോകത്തിന്റെ ദുരവസ്ഥ കാണാന്‍ കഴിയും. നിരാശയുടെ ദയനീയതയും ദയനീയതയുടെ അനുകമ്പാര്‍ഹമായ ഞരക്കവും കേള്‍ക്കാം.പ്രസിദ്ധനായ ചിന്തകന്‍ 'ബര്‍ട്രാന്റെ റസ്സല്‍' ഈ ലോകത്തിന്റെ ഭാവിയെ കാര്‍മേഘാവൃതമായ അന്ധകാരമായിട്ടാണ് കണ്ടത്. വിഖ്യാത ചരിത്രകാരനായ 'വില്‍ ഡ്യുറന്റെ' അതുവരെയുള്ള ലോകചരിത്രത്തെ അപഗ്രഥിച്ചതിനു ശേഷം ലോകത്തിന്റെ ഭാവി സമാധാനമറ്റ ദിവസങ്ങള്‍ കൊണ്ടും ദീകരസംഭവങ്ങള്‍ കൊണ്ടും പരിഭ്രാന്തമായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടതു. മഹാപണ്ഡിതനായ 'എച്ച്.ജി. വെല്‍സ് ' തന്റെ അവസാന ഗ്രന്ഥമായ 'Mind at the End of its Tether' -ല്‍ വ്യക്തമാക്കിയിരിക്കുന്നതു ഭാവിയിലെ ലോകം വലിയതോതില്‍ ക്ഷയോന്‍മുഖമായിരിക്കും എന്നാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്ര വനിതയായ 'മാഡം ക്യൂറി ' തന്റെ രണ്ടാമത്തെ മകളെ പ്രസവിച്ചപ്പോള്‍ പറഞ്ഞത്...'' കുഞ്ഞേ; അനിശ്ചിതവും അരിഷ്ടവുമായ ഒരു ലോകത്തിലേക്ക് ഞാന്‍ നിനക്ക് ജന്മം നല്കിയിരിക്കുന്നു' എന്നാണ് പറഞ്ഞത്. ശാസ്ത്രീയ ജ്ഞാനത്തിനോ തന്റെ ഗവേഷണങ്ങള്‍ക്കോ ഒന്നും വരുതിയിലാക്കുവാന്‍ സാധിക്കാത്തവിധം അപകടകരമായ നിലയിലാണ് മുമ്പിലുള്ള ലോകമെന്നു പ്രതിഭാശാലിയായിരുന്ന ആ മാന്യസ്ത്രീ കണ്ടിരുന്നു.

ഇന്നത്തെ,വര്‍ത്തമാനകാല സഹചര്യങ്ങളുടെ വെളിച്ചത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും തക്ക ജ്ഞാനവും ചിന്താശേഷിയുള്ളവര്‍ എല്ലാംതന്നെ അഭിപ്രായപ്പെടുന്നതു ഈ ലോകത്തിന്റെ ഭാവി ഒട്ടും ശോഭനമായിരിക്കുകയില്ല എന്നാണ്. ദൈവരഹിതമായ ഒരു ലോകം പൂര്‍ണ്ണമായും നശിക്കുമെന്നുള്ളതു നിശ്ചയമാണെന്നു ക്രൈസ്തവ ലോകവും ഉറക്കെ പറയുന്നു. ഒരു നിശ്ചിതകാലത്തേക്കു മാത്രമുള്ള മനുഷ്യന്റെ ഭരണം ഈ യുഗത്തിന്റെ അവസാനത്തോടുകൂടി അന്ത്യം കുറിക്കും...! ദൈവീക സ്‌നേഹത്തെയും കരുതലിനെയും ത്യജിച്ച മനുഷ്യന്റെ ആലോചനയും ധാര്‍ഷ്ഠ്യവും ഭോഷത്വമാണെന്നുള്ള സ്വര്‍ഗ്ഗത്തിന്റെ പരിഹാസം നമുക്കു രണ്ടാം സങ്കീര്‍ത്തനത്തില്‍ വായിക്കമല്ലോ. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പോംവഴി കണ്ടെത്താന്‍ സര്‍വ്വശക്തന്റെ പരമാധികാരത്തെ നിഷേധിക്കുകയല്ല മനുഷ്യന്‍ ചെയ്യേണ്ടതു. ദൈവപുത്രനും അഭിഷിക്തനുമായ രാജാവിനെ ചുംബിക്കുകയാണ് വേണ്ടത്. ഈ സത്യം ലോകം എന്നു തിരിച്ചറിയുമോ അന്നു മാത്രമേ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാവുകയുള്ളു!

ദൈവപുത്രന്റെ രാജ്യം(kingdom of God ) വരണേമേ എന്നുള്ള പ്രാര്‍ത്ഥനയോടുകൂടി മിശിഹയുടെ ആഗമനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇസ്രായേല്‍ ജനതയുടെ നടുവിലേക്കു മിശിഹ മഹാരാജാവായി എഴുന്നെള്ളുമ്പോഴാണ് ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാകുന്നത്. ഓരോരോ അനുസരണക്കേടും മിശിഹ തിരസ്‌കരണവും നിമിത്തവും ഇസ്രായേല്‍ മറ്റ് രാജ്യങ്ങളുടെ മുമ്പില്‍ ചിതറിപ്പോകുകയും കഷ്ടമനുഭവിക്കുകയും ചെയ്തു. എന്നാല്‍ ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തപ്രകാരം ലോകത്തിന്റെ മുന്നേറ്റത്തിനു അറുതിവരുമെന്നും തങ്ങള്‍ക്കു ദൈവത്തിന്റെ കരുണ ലഭിക്കുമെന്നുള്ള സത്യം പ്രവാചകന്മാരിലുടെ ഇസ്രായേല്യര്‍ക്കറിയാം. 

ഈലോകത്തിന്റെ അധികാരികളുടെ ഭരണത്തിന് (Human Rule ) ശേഷം ഇസ്രായേലിനും ലോകത്തിനും ഒരു നല്ല കാലമുണ്ടെന്നും ഭൂലോകത്തിന്റെ മഹാരാജാവ് തന്നെ നേരിട്ടു പറഞ്ഞിട്ടുണ്ട് (മത്തായി 24:31) അതുകൊണ്ടു എത്രയും പെട്ടെന്നു വരുവാനുള്ളവന്‍ വരികയും മനുഷ്യന്റെ വാഴ്ച്ചക്കും അധികാരത്തിനും നീക്കം വരുത്തുകയും ചെയ്യും...! ഈ കാര്യം എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ വ്യക്തമായി ദാനിയേല്‍ പ്രവാചകനും യോഹന്നാന്‍ അപ്പോസ്തലനും നല്‍കിയ പ്രത്യേകമായ വെളിപാടുകളിലുടെ ദൈവം മനുഷ്യവര്‍ഗ്ഗത്തോടെ അറിയിച്ചിട്ടുമുണ്ട്...

ഇസ്രയേലിന്റെ രാജാവും ദൈവത്തിന്റെ പുത്രനുമായ മിശിഹ ഭരണസാരഥ്യം എറ്റെടുക്കുന്നതിനുള്ള സമയം ആസന്നമായി. തന്റെ സ്ഥാനോരോഹണത്തിന്റെ തീയതിയും സമയവും വിളംബരപ്പെടുത്തിയിട്ടില്ല. ദൈവിക പരിപാടിയുടെ പ്രോഗ്രാം തയ്യറാക്കി അച്ചടിച്ചു എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെങ്കിലും നാളും നാഴികയും സ്വര്‍ഗ്ഗം രഹസ്യമാക്കി വച്ചിരിക്കുകയാണ്. അതിനു കാരണവുമുണ്ട്.അതു സഭയോടുള്ള ബന്ധത്തിലാണ്. എന്തെന്നാല്‍ ദൈവത്തിന്റെ സഭ ഒരു മര്‍മ്മമാണ്. മിശിഹയുടെ രാജവാഴ്ച്ചയുടെ ഉദ്ഘാടന സമയം പരസ്യപ്പെടുത്താതിരുന്നിട്ടും കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ലോകം മുഴുവനും ഏറ്റവും അധികം ചര്‍ച്ച ചെയ്തിട്ടുള്ളതും ഇന്നും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതും മിശിഹായുടെ രാജകീയ എഴുന്നെള്ളത്താണ്...!  തിരുവചനത്തിലുടനീളം മിശിഹായുടെ മടങ്ങിവരവിന്റെയും രാജ്യത്തിന്റെ യഥാസ്ഥാപനത്തിന്റെയും നിരവധി സൂചനകള്‍ കാണാം..! രാജാവു നേരിട്ടുതന്നെ അതൊക്കെ പ്രസ്ഥാവിച്ചിട്ടുള്ളതു മത്തായിയുടെയും (24) മര്‍ക്കോസിന്റെയും (13) ലൂക്കോസിന്റെയും (21) സുവിശേഷങ്ങളില്‍ ആര്‍ക്കും വായിക്കുവുന്നതുമാണ്.
നമ്മുടെ കര്‍ത്താവ് തന്റെ പ്രസിദ്ധമായ ഒലീവുമല പ്രഭാഷണം നടത്തുമ്പോള്‍ ഇടയ്ക്കു എപ്പോഴൊ ശിഷ്യന്മാരായ പത്രൊസും, യാക്കോബും, യോഹന്നാനും, അന്ത്രെയോസും സ്വകാര്യമായി നേരിട്ടു കര്‍ത്താവിനോടു ചോദിച്ചത് അതു എപ്പോള്‍ സംഭവിക്കുമെന്നും അതിനു എല്ലാം അവസാനിക്കുന്ന വരുന്ന കാലത്തിന്റെ ലക്ഷണം എന്തെന്നും ഞങ്ങളോടു പറഞ്ഞാലും എന്നാണ് (മര്‍ക്കൊസ് 13:4) വി.മത്തായിയുടെ സുവിശേഷത്തില്‍ ഇപ്രകാരം പ്രസ്തുത ചോദ്യത്തിന്റെ സംഗ്രഹം കാണുന്നു. അതു എപ്പോള്‍ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനുമുള്ള അടയാളം എന്താണെന്നും തങ്ങളോട് പറയണമെന്നും അപേക്ഷിച്ചു ' (മത്താ. 24: 3) അതിനു യേശു വ്യക്തമായി മറുപടി പറയുന്നതു നമുക്ക് കാണാം. അരുമ ശിഷ്യന്മാരുടെ ഉല്‍കണ്ഠ നിറഞ്ഞ ചോദ്യങ്ങള്‍ക്കു പ്രപഞ്ചനാഥനായ ഗുരു അനുഭാവപുര്‍വ്വം മറുപടി പറഞ്ഞതു ഒരോന്നായി പ്രത്യേകം ശ്രദ്ധിച്ചു പഠിക്കുകയും കാലത്തെ വിവേചിക്കുകയും ചെയ്താല്‍ ബൈബിളിന്റെ നിസ്തുല്യതയും സ്വര്‍ഗ്ഗത്തിന്റെ തിരുവിഷ്ടവും മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും. 

തന്റെ മടങ്ങിവരവിനും യുഗാവസാനത്തിനും മുമ്പായി ലോകത്തില്‍ സംഭവിക്കേണ്ടുന്ന കാര്യങ്ങളൊക്കെയും സംഭവിക്കുമ്പോള്‍ യുഗാന്ത്യം ആഗതമായിരിക്കുന്നു എന്നു നാം മനസ്സിലാക്കിക്കൊള്ളണം എന്നതാണ് കര്‍ത്താവ് ശിഷ്യന്മാരോടു പറഞ്ഞതിന്റെ അര്‍ത്ഥം. ഇന്നു ലോകത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിവേചിച്ചാല്‍ കര്‍ത്താവ് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് സംഭവിക്കുന്നതെന്നു സുബോധമുള്ള ആരും തലകുലുക്കി സമ്മതിക്കുമല്ലോ.

'യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.' (മത്തായി 24:4-8) '
'....അധര്‍മ്മം പെരുകുന്നതു കൊണ്ടു അനേകരുടെ സ്‌നേഹം തണുത്തു പോകും.എന്നാല്‍ അവസാനത്തോളം സഹിച്ചു നില്ക്കുന്നവന്‍ രക്ഷ പ്രാപിക്കും....(മത്തായി 24:12-13) '
'.... നോഹയുടെ കാലം പോലെതന്നെ മനുഷ്യപുത്രന്റെ ആഗമനവും.... (മത്തായി24-37 ) '
' അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും; സിനഗോഗുകളില്‍വച്ചു നിങ്ങളെ പ്രഹരിക്കും. ദേശാധിപതികളുടെയും രാജാക്കന്‍മാരുടെയും മുമ്പാകെ എനിക്കു സാക്ഷ്യം നല്‍കാന്‍ നിങ്ങള്‍ നില്‍ക്കും. എന്നാല്‍, ആദ്യം എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു. അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കാന്‍ കൊണ്ടുപോകുമ്പോള്‍ എന്തു പറയണം എന്നു വിചാരിച്ച് ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്തു നിങ്ങള്‍ക്കു ലഭിക്കുന്നതെന്തോ അതു സംസാരിക്കുവിന്‍. നിങ്ങളല്ല, പരിശുദ്ധാത്മാവായിരിക്കും സംസാരിക്കുക. സഹോദരന്‍ സഹോദരനെയും പിതാവു പുത്രനെയും മര ണത്തിന് ഏല്‍പിച്ചുകൊടുക്കും. മക്കള്‍ മാതാപിതാക്കന്‍മാരെ ഏതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്റെ നാമത്തെപ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്രാപിക്കും.''
(മര്‍ക്കൊസ് 13:9-10) '
' സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും.26 സംഭ വിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയ വും ആകുലതയുംകൊണ്ട് ഭൂവാസികള്‍ അ സ്തപ്രജ്ഞരാകും. ആകാശ ശക്തികള്‍ ഇളകും (ലൂക്കോസ് 21: 25-26) '


പ്രിയമുള്ളവരെ, മനുഷ്യബുദ്ധിക്കു സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒരു ഭാവി മനുഷ്യരുടെയും ലോകത്തിന്റെയും മുമ്പില്‍ ഉണ്ടെന്നുള്ളത് തര്‍ക്കമില്ലാത്ത സത്യമാണ്! സകല മനുഷ്യരുടെയും ബുദ്ധിക്കു അപ്പുറത്തുള്ളതുമായ ആ രഹസ്യം സ്വര്‍ഗ്ഗത്തിലെ ദൈവം തന്റെ വചനത്താല്‍ മനുഷ്യരാശിക്കു വെളിപ്പെടുത്തിയിരിക്കുന്നു. യഹൂദരും അവരുടെ രാജ്യമായ ഇസ്രായേലും ബൈബിളിലെ വിശുദ്ധപ്രവചനങ്ങളില്‍ വലിയ പ്രധാന്യമര്‍ഹിക്കുന്നു! അവരുടെ ചരിത്രം ലോകചരിത്രത്തിന്റെ നട്ടെല്ലാണ്... ചരിത്രബോധമുള്ളവര്‍ക്കു മാത്രമല്ല, ലോകസംഭവങ്ങളെ കുറിച്ച് ചെറിയ അറിവെങ്കിലും ഉള്ളവര്‍ക്കു പോലും ചരിത്രം വീണ്ടും ചലിച്ചുകൊണ്ടിരിക്കുന്നത് ഇസ്രായേലിനോടുള്ള ബന്ധത്തിലാണെന്നു കാണാമല്ലോ? ഇന്നത്തെ വര്‍ത്തമാനകാല ചരിത്രവും നീങ്ങുന്നതു ആധുനിക ഇസ്രായേലിനെ ചുറ്റിതിരിഞ്ഞാണ്. യുഗാന്ത്യം വന്നെത്തിയിരിക്കുന്നതിന്റെ ഏറ്റവും ശക്തിമത്തായ തെളിവ് ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഭൂഗോളം നടുക്കുന്ന സിംഹഗര്‍ജ്ജനമാണ്...

Comment

Editor Pics

Related News

മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്
നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്
മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്