ദയാവധം നിയമവിധേയമാക്കാന്‍ ഫ്രാന്‍സ്

18 March, 2024

പാരിസ്: അബോര്‍ഷന്‍ നിയമവിധേയമാക്കിയതിന് പിന്നാലെ ദയാവധവും നിയമവിധേയമാക്കാനൊരുങ്ങി ഫ്രാന്‍സ്. പ്രത്യേക സാഹചര്യങ്ങളില്‍ മരണത്തിന് സഹായിക്കാന്‍ അനുമതി നല്‍കുന്ന നിയമം മേയ് മാസത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒരു വ്യക്തിയുടെ വ്യക്തി സ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ ഐക്യദാര്‍ഢ്യത്തെയും സമന്വയിപ്പിക്കുന്ന സാഹോദര്യത്തിന്റെ നിയമം എന്നാണ് മക്രോണ്‍ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. ഈ നിയമം വ്യക്തികള്‍ക്ക് ചില കര്‍ശന വ്യവസ്ഥകളില്‍ മരിക്കുന്നതിനുള്ള സഹായം തേടാനുള്ള സാധ്യത തുറക്കുന്നു എന്നാണ് പ്രസിഡന്റിന്റെ പ്രസ്താവന.

ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ദയാവധത്തിനുള്ള തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധവുമായി കത്തോലിക്കാ ബിഷപ്പുമാര്‍ രംഗത്തെത്തി. ഇത് സാഹോദര്യത്തിന്റെ നിയമമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റിന്റെ നടപടിയെ കത്തോലിക്ക ബിഷപ്പുമാര്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരമൊരു നിയമം ആരോഗ്യ മേഖലയെ മരണോന്മുഖമാക്കി മാറ്റുമെന്ന് റെയിന്‍സ് ആര്‍ച്ച് ബിഷപ് എറിക് ഡി മൗലിന്‍സ് ബ്യൂഫോര്‍ട്ട് പ്രതികരിച്ചു. ദയാവധത്തിനും ആത്മഹത്യക്ക് സഹായം നല്‍കുന്നതിനും അനുമതി നല്‍കുന്ന നിയമത്തെ സാഹോദര്യത്തിന്റെ നിയമം എന്ന് വിശേഷിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് അദേഹം പറഞ്ഞു.

മരിക്കാന്‍ നല്‍കുന്ന സഹായം സാഹോദര്യത്തിന്റെ പ്രകടനമായി കാണാനാവില്ലെന്നും ദുര്‍ബലമായിരിക്കുന്ന അവസ്ഥയിലും അന്ത്യത്തോളം കൂടെയായിരിക്കുന്നതാണ് സാഹോദര്യമെന്നും ടൂര്‍സ് ആര്‍ച്ചുബിഷപ് വിന്‍സെന്റ് ജോര്‍ഡി പ്രതികരിച്ചു. പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിയുന്ന സമൂഹത്തെ കൂടുതല്‍ ഡിപ്രഷനിലേക്ക് തള്ളിവിടാന്‍ മാത്രമേ ഈ നിയമനിര്‍മാണം ഉപകരിക്കുകയുള്ളൂവെന്ന് ലില്ലെ ആര്‍ച്ച് ബിഷപ് ലോറന്റ് ലെ ബൗള്‍ഷ് പറഞ്ഞു.


Comment

Editor Pics

Related News

പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.
ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി