കേജ്രിവാളിന് പിന്തുണ, ജര്‍മനിയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

24 March, 2024

ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച  ജര്‍മനിയുടെ നടപടിയില്‍  ശക്തമായ  പ്രതിഷേധമറിയിച്ച് ഇന്ത്യ. മുതിര്‍ന്ന ജര്‍മന്‍ ഡെപ്യുട്ടി അംബാസിഡര്‍ ജോര്‍ജ് എന്‍സൈ്വലറെ വിളിച്ചു വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.

കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇത്തരം പക്ഷപാതപരമായ അനുമാനങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തെ എല്ലാ കേസുകളെയും പോലെ, ലോകത്തെ മറ്റേത് ജനാധിപത്യ രാജ്യത്തെയും പോലെ ഇക്കാര്യത്തിലും നിയമം വ്യക്തമായ തീരുമാനമെടുക്കുമെന്നും അനാവശ്യമായ ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ഇന്ത്യ ജര്‍മനിയെ അറിയിച്ചു.

'കെജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്നും കേസില്‍ ജുഡിഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നും ഞങ്ങള്‍ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു'- എന്നായിരുന്നു ജര്‍മനിയുടെ പ്രതികരണം.

''ന്യൂഡല്‍ഹിയിലെ ജര്‍മ്മന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ന് വിളിച്ചുവരുത്തി, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ വിദേശകാര്യ വക്താവിന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു, അത്തരം പരാമര്‍ശങ്ങള്‍ നമ്മുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതും നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമായാണ് ഞങ്ങള്‍ കാണുന്നത് '- ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.


Comment

Editor Pics

Related News

വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍
സഹോദരിക്ക് വിവാഹസമ്മാനം നല്‍കി; യുവാവിനെ ഭാര്യയും സഹോദരന്മാരും മര്‍ദ്ദിച്ച് കൊന്നു