അന്താരാഷ്ട്ര വിദ്യാര്‍ത്ഥി നിയന്ത്രണം, കാനഡ അനുവദിക്കുന്നത് 292000 സ്റ്റഡി പെര്‍മിറ്റുകള്‍ മാത്രം

14 March, 2024

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി തുടങ്ങി കാനഡ. ഭവന പ്രതിസന്ധി ഉള്‍പ്പെടേയുള്ള പ്രതിസന്ധികള്‍ ശക്തമായ ഘട്ടത്തിലായിരുന്നു കനേഡിയന്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തദ്ദേശീയ വികാരം ശമിപ്പിക്കാന്‍ കൂടെയായിരുന്നു നിയന്ത്രണം.

നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തിയതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം ഏകദേശം 292000 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വിസ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോര്‍ട്ടിലാണ് 292000 പെര്‍മിറ്റുകളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുന്നത്. വര്‍ഷാവസനാത്തോടെ ബാക്കി എണ്ണം കൂടി പൂര്‍ത്തീകരിക്കുമോയെന്ന് അറിയില്ല.

ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ ആര്‍ സി സി) സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ക്ക് മൊത്തത്തിലുള്ള പരിധി ഏര്‍പ്പെടുത്തിയതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും കുറവ് എണ്ണം വിസകളാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എഡ്യുക്കേഷന്‍ സിസ്റ്റത്തിന്റെ സമഗ്രത വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ അംഗീകൃത സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം 35% കുറയ്ക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഏകദേശം 360000 വിസകളായിരിക്കും അനുവദിക്കുകയെന്നായിരുന്നു ധാരണ. എന്നാല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെയാണ് 292000 പേര്‍ക്കായിരിക്കും വിസ അനുവദിക്കുകയെന്ന് വ്യക്തമാകുന്നത്. ഇത് മലയാളികള്‍ അടക്കമുള്ളവരുടെ പ്രതീക്ഷകളിന്മേല്‍ ഇരുട്ട് വീഴ്ത്തുന്ന.

എന്നിരുന്നാലും, അംഗീകൃത വിസകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഇമിഗ്രേഷന്‍ മന്ത്രിക്ക് നിയമപരമായ അധികാരം ഉണ്ടായിരിക്കില്ല. ഐ ആര്‍ സി സി ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. 'എനിക്ക് അപേക്ഷകളുടെ പരിധി മാത്രമേ നല്‍കാനാകൂ, യഥാര്‍ത്ഥത്തില്‍ വിസ അനുവദിക്കുത് എന്റെ ചുമതലയല്ല.' പൗരത്വവും കുടിയേറ്റവും സംബന്ധിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ (സിഐഎംഎം) യോഗത്തില്‍ മന്ത്രി മില്ലര്‍ വ്യക്തമാക്കി.

നിയന്ത്രണത്തില്‍ നിന്നും പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍, മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ് തലത്തിലുള്ള യൂണിവേഴ്‌സിറ്റി പ്രോഗ്രാമുകളേയും ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ യോഗ്യരായ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ (പിഎഎല്‍) നല്‍കണമെന്ന് പ്രവിശ്യാ ഗവണ്‍മെന്റുകളോട് നിര്‍ദേശിക്കുകയം ചെയ്തിട്ടുണ്ട. ഓരോ പ്രവിശ്യയിലെയും DLI-കള്‍ക്ക് (നിയോഗിക്കപ്പെട്ട പഠന സ്ഥാപനങ്ങള്‍) പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ നല്‍കാം.

പുതിയ സംവിധാനത്തിന് കീഴില്‍ ഒരു സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന്, അപേക്ഷകര്‍ക്ക് ഇപ്പോള്‍ ഓഫര്‍ ലെറ്ററും (LOA) പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്ററും ആവശ്യമാണ്. നേരത്തെ പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്ററും മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ഓരോ പ്രവിശ്യയ്ക്കും അല്ലെങ്കില്‍ പ്രദേശത്തിനും നല്‍കുന്ന വിഹിതങ്ങളുടെ എണ്ണം അതത് ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

നിലവില്‍, ബ്രിട്ടീഷ് കൊളംബിയയും ആല്‍ബര്‍ട്ടയും മാത്രമാണ് പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്റര്‍ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള ഏക പ്രവിശ്യകള്‍. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ചാല്‍ പ്രവിശ്യാ ഗവണ്‍മെന്റിന് അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ DLI-കള്‍ വഴി പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്റര്‍ ലഭിക്കും.

=എല്ലാ പ്രവിശ്യാ ഗവണ്‍മെന്റുകള്‍ക്കും അവരുടെ പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്റര്‍ ഡെലിവറി സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും നടപ്പിലാക്കുന്നതിനും 2024 മാര്‍ച്ച് 31 വരെ ഫെഡറല്‍ ഗവണ്‍മെന്റ് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങളോടെ കാനഡയില്‍ വിദ്യാര്‍ത്ഥി വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടില്ല.


Comment

Editor Pics

Related News

പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ
പലസ്തീന് ഐക്യദാര്‍ഡ്യം, പ്രതിഷേധിച്ച് മക്ഗില്ലന്‍ വിദ്യാര്‍ഥികള്‍
ഫുഡ് ബാങ്കിനെപ്പറ്റി വ്‌ളോഗ്, ഇന്ത്യന്‍ വംശജനെ കനേഡിയന്‍ കമ്പനി പുറത്താക്കി