പ്രധാനമന്ത്രി നാളെ കേരളത്തില്‍, പാലക്കാട് റോഡ് ഷോ

18 March, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് അദ്ദേഹം റോഡ് ഷോ നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നേതൃത്വം അറിയിച്ചു. ഇത് മൂന്നാം തവണയാണ് മോദി പാലക്കാട് എത്തുന്നത്. നേരത്തെ 2016ലും 21ലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു അദ്ദേഹം ജില്ല സന്ദര്‍ശിച്ചത്.

നാളെ രാവിലെ 10 മണിയോടെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി ഇറങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിട്ട് നീണ്ട റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലാണ് സന്ദര്‍ശനം നടത്തുന്നത്.  കഴിഞ്ഞ ദിവസം തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്‌ഷോയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരുന്നത്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള  റോഡ് ഷോ ആരംഭിക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് കേരളത്തില്‍ എത്തുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് മോദി അവസാനമായി സംസ്ഥാനത്ത് എത്തിയത്. അന്ന് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ പരിപാടികള്‍. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി തൃശൂരിലും എത്തി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.






Comment

Editor Pics

Related News

റഫയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
വളര്‍ത്തു നായ ചത്തു; 12 കാരി തൂങ്ങിമരിച്ചു
സ്വവര്‍ഗമോഹികള്‍ക്ക് 15 വര്‍ഷം തടവ്, പുതിയ നിയമം പാസാക്കി ഇറാഖ്
സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെയ്പ്പ്; അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍