വ്ളാഡിമിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

18 March, 2024

മോസ്‌കോ:  വ്ളാഡിമിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്. അഞ്ചാം തവണയാണ് പുടിന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 87.97 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്റെ വിജയം. സ്റ്റാലിന് ശേഷം ഏറ്റവും അധികം കാലം റഷ്യയുടെ ഭരണത്തിലിരിക്കുന്ന നേതാവാണ് പുടിന്‍. 2030 വരെ ആറ് വര്‍ഷം ഇനി പുടിന്‍ ഭരണം തുടരും.

പാശ്ചാത്യ ലോകത്തെ തള്ളി യുക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായ നിക്കോളായ് ഖാരിറ്റോനോവ് നാല് ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ പുതുമുഖം വ്ളാദിസ്ലാവ് മൂന്നാമതും തീവ്ര നാഷണിലിസ്റ്റ് സ്ഥാനാര്‍ഥി ലിയോനിഡ് സ്ലറ്റ്സ്‌കി നാലാമതുമെത്തി.

തെരഞ്ഞെടുപ്പ് തട്ടിപ്പിന് നിയമസാധുതയില്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് യുഎസും യുകെയും പ്രതികരിച്ചു. പുടിന്‍ പ്രസിഡന്റാകുന്നതിനെതിരെ റഷ്യയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നൂണ്‍ എഗെയ്ന്‍സ്റ്റ് പുടിന്‍ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. റഷ്യയിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധങ്ങള്‍ നടന്നു.

ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ ഭാര്യ യുലിയയും ബെര്‍ലിനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ സജീവ സാന്നിധ്യമായിരുന്നു.


Comment

Editor Pics

Related News

പലസ്തീനെ അനുകൂലിച്ച് പ്രതിഷേധം, അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 550-ലേറെ പേര്‍ അറസ്റ്റില്‍
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തു, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് സര്‍വകലാശാല പുറത്താക്കി
യുഎസില്‍ മലയാളി കുടുംബം കാറിന് തീപിടിച്ച് മരിച്ചു.
ടിക് ടോക്ക് നിരോധനം, യു.എസ് സെനറ്റ് പാസാക്കി