ഭര്‍ത്താവിന് ഭാര്യയുടെ സ്തീധനത്തില്‍ അവകാശമില്ല; സുപ്രീം കോടതി

26 April, 2024

ന്യൂഡല്‍ഹി: ഭര്‍ത്താവിന് ഭാര്യയുടെ സ്തീധനത്തില്‍ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം കോടതി. ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് മാതാപിതാക്കള്‍ നല്‍കിയ സ്ത്രീധനം ഉപയോഗിച്ചാലും അത് ഭാര്യക്ക് തിരികെ നല്‍കാനുള്ള ധാര്‍മിക ബാധ്യതയുണ്ടെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. തനിക്ക് മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിര്‍ദേശം. നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരം ഒരു സ്ത്രീക്ക് 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

വിവാഹസമയത്ത് വീട്ടുകാര് 89 പവന് സ്വര്‍ണം സമ്മാനമായി നല്‍കിയെന്നും വിവാഹശേഷം അവളുടെ പിതാവ് ഭര്‍ത്താവിന് 2 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെന്നും എന്നാല്‍, ഇതെല്ലാം ഭര്‍ത്താവ് ഉപയോഗിച്ചെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതി അനുസരിച്ച് ആദ്യ രാത്രിയില്‍, ഭര്‍ത്താവ് അവളുടെ എല്ലാ ആഭരണങ്ങളും സൂക്ഷിക്കാനായി അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് എല്ലാ ആഭരണങ്ങളും ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു. 2011-ല്‍ കുടുംബകോടതി, ഭര്‍ത്താവും അമ്മയും ചേര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍ കുടുംബകോടതി വിധി ഭാഗികമായി റദ്ദാക്കിയ കേരള ഹൈക്കോടതി, ഭര്‍ത്താവും അമ്മയും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാന്‍ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ഭാര്യയുടെ സ്വത്ത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും സംയുക്ത സ്വത്തായി മാറുന്നില്ലെന്നും, സ്വത്തിന്റെ ഉടമസ്ഥനെന്ന നിലയില്‍ ഭര്‍ത്താവിന് അവകാശമോ സ്വതന്ത്രമായ നിയന്ത്രണമോ ഇല്ലെന്നും പറഞ്ഞു. വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.




Comment

Editor Pics

Related News

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
ഇസ്രയേലിലിലെ അല്‍ജസീറ ചാനലിന് നിരോധനം; സുരക്ഷയ്ക്ക് ഭീഷണിയെന്ന് മന്ത്രിസഭ
ലെഗ്ഗിങ്‌സിലും ജാക്കറ്റിലും 25 കിലോ സ്വര്‍ണം; നയതന്ത്ര ഉദ്യോഗസ്ഥ പിടിയില്‍
കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു