Or copy link
28 August, 2023
വാടക വീടുകളുടെ ദൗര്‍ലഭ്യം കാരണം വിദ്യാർത്ഥി വിസകളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത് പോലെയുള്ള നടപടകളിലേക്ക് കടക്കാന്‍ പോവുകയാണ് കാനഡ. ഭവന വകുപ്പ് മന്ത്രി സീന്‍ ഫ്രേസറിന്റെ പ്രഖ്യാപനം ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. എന്നാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭവന പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോവുമ്പോള്‍ ഇത്തരം നടപടികള്‍ കാനഡയ്ക്ക് സ്വീകരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ (CMHC) ജൂണിൽ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം കാനഡയിൽ താമസിക്കുന്ന എല്ലാവർക്കും 2030 ഓടെ 22 ദശലക്ഷത്തിലധികം ഭവന യൂണിറ്റുകളെങ്കിലും ലഭ്യമായാല്‍ മാത്രമെ താങ്ങാനാവുന്ന നിലയിലേക്ക് വില എത്തുകയുള്ളൂ എന്നാണ്. വർധിച്ച് വരുന്ന കുടിയേറ്റമാണ് ഭവന പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതിസന്ധി കുടിയേറ്റക്കാർക്കും കനേഡിയർക്കും ഒരു പോലെ ആശങ്ക സൃഷ്ടിക്കുന്നു എന്നതില്‍ സംശയമില്ല. ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനവ് ഡിമാൻഡ് വർധിപ്പിച്ചെങ്കിലും അതിന് അനുസരിച്ചുള്ള എണ്ണം വീടുകള്‍ നിലവില്‍ കാനഡയില്‍ ലഭ്യമല്ല, ഇതോടെയാണ് വാടക കുത്തനെ ഉയരാന്‍ തുടങ്ങിയത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ വില വീണ്ടും വർധിക്കും എന്നതില്‍ സംശയമില്ല. ഇതാണ് വിദ്യാർത്ഥി വിസകളിലെ നിയന്ത്രണം ഉള്‍പ്പെടേയുള്ള നടപടികളിലേക്ക് കടക്കാന്‍ കാനഡയെ പ്രേരിപ്പിച്ചത്.
ഒന്റാറിയോയിലും ബ്രിട്ടീഷ് കൊളംബിയയിലും വീടിന്റെ ശരാശരി വില ഇപ്പോഴും വളരെ കൂടുതലാണ് . ഈ പ്രവിശ്യകളിലെ വീടുകൾക്ക് യഥാക്രമം 856,269 ഡോളറും, 966,181 ഡോളറും ശരാശരി നല്‍കേണ്ടി വരും. 2022 ഒക്ടോബറിൽ പുറത്തിറക്കിയ എൻവയോണിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് കാണിക്കുന്നത്, കുടിയേറ്റക്കാർ വീടുകളുടെ വില വർദ്ധിപ്പിക്കുകയും മറ്റുള്ളവർക്ക് താങ്ങാനാകാത്തതാക്കുകയും ചെയ്യുന്നതായി 15% കനേഡിയൻമാരും വിശ്വസിക്കുന്നുവെന്നാണ്.
കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ (CREA) കണക്കനുസരിച്ച്, കാനഡയിലെ ഒരു വീടിന്റെ ശരാശരി വില 2023 ജൂലൈയിൽ 668,754 ഡോളർ ആയിരുന്നു, 2022 ജൂലൈയിൽ നിന്ന് 6.3% വർധനവാണ് ഒരു വർഷം കൊണ്ട് ഉണ്ടായത്. പാർപ്പിട പ്രതിസന്ധി പരിഹരിക്കുന്നതിന് ഉയർന്ന സംഖ്യ കുടിയേറ്റക്കാരാണ് പ്രധാനമെന്ന് കാനഡ സർക്കാർ വിശ്വസിക്കുന്നു.
കുടിയേറ്റക്കാരുടെ എണ്ണം കൂടുന്നതും ഭവന പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്ന് അവകാശപ്പെടുന്നവരുമുണ്ട്. റോയൽ ബാങ്ക് ഓഫ് കാനഡയുടെ (ആർബിസി) ഒരു റിപ്പോർട്ട് പ്രകാരം ഉയർന്ന പാർപ്പിട നിർമ്മാണ വിലയാണ് ഭവനക്ഷാമത്തിന് കാരണമായി പറയുന്നത്. 2020-ൽ മഹാമാരിയുടെ തുടക്കം മുതൽ വില സൂചിക 51% വർദ്ധിച്ചതായി റിപ്പോർട്ട് പറയുന്നു. വിദഗ്ധ തൊഴിലാളികളുടെ കുറവ്, അസംസ്‌കൃത വസ്തുക്കളുടെ കുറഞ്ഞ വിതരണം എന്നിവ വില വർധനവിന് കാരണമായി മാറുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, നിർമ്മാണ മേഖലയിൽ തൊഴില്‍ ക്ഷാമം ഉള്ളതിനാൽ തൊഴിലാളികളുടെ ചെലവ് കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. കൂടുതൽ ഓപ്ഷനുകൾ ഉള്ളതിനാൽ നിലവിലെ ജീവനക്കാർ ഉയർന്ന വേതനം ആവശ്യപ്പെടുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നത് തൊഴിലാളികൾക്കിടയിൽ ജോലികൾക്കായി കൂടുതൽ മത്സരം സൃഷ്ടിക്കുകയും ഉൽപാദനച്ചെലവ് കുറയ്ക്കുകയും ചെയ്യും.
2025 അവസാനത്തോടെ ഓരോ വർഷവും 500,000 പുതിയ സ്ഥിരതാമസക്കാരെ പ്രവേശിപ്പിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ ലക്ഷ്യമാണിത്. 2023 അവസാനത്തോടെ 465,000 പുതിയ സ്ഥിരതാമസക്കാരെ സ്വാഗതം ചെയ്യുമെന്നും രാജ്യം പ്രതീക്ഷിക്കുന്നു. ജൂലൈ 26 ന് ടിഡി പുറത്തുവിട്ട ഒരു റിപ്പോർട്ട് പറയുന്നത് കാനഡയിലെ ജനസംഖ്യയിൽ കഴിഞ്ഞ 12 മാസത്തിനിടെ 1.2 ദശലക്ഷം ആളുകളുടെ വർധനവുണ്ടായെന്നാണ്.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment