കാനഡ പി.ആര്‍ ഇനി സ്വപ്‌നമാകുമോ? രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക്‌

28 August, 2023

ഒറ്റാവോ: അടുത്ത കാലത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ഉപരിപഠനത്തിനും ജോലിക്കുമായി പോകുന്ന രാജ്യങ്ങളിലൊന്ന് കാനഡയാണ്. മെച്ചപ്പെട്ട ജീവിത രീതി, വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങൾ, സുരക്ഷ തുടങ്ങിയ ഘടകങ്ങളെല്ലാമാണ് യുവാക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. മാത്രമല്ല യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുടിയേറ്റ നടപടികളും ലളിതമാണ്.
വിവിധ പ്രോഗ്രാമുകൾക്ക് കീഴിൽ എല്ലാ വർഷവും സ്ഥിര താമസത്തിനായി വിദഗ്ദ തൊഴിലാളികളേയും ക്ഷണിക്കുന്നുവെന്നതാണ് കാനഡയുടെ മറ്റൊരു ആകർഷണം. ഇത്തരത്തിൽ ഇന്ത്യയിൽ നിന്ന് മാത്രമല്ല മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നും നിരവധി പേർ കാനഡയിൽ എത്തി പിആർ നേടിയിട്ടുണ്ട്. എന്നിരുന്നാലും എക്സ്പ്രസ് എൻട്രി വഴി രാജ്യത്ത് പിആറിനുള്ള ഇൻവിറ്റേഷനുകളുടെ എണ്ണത്തിൽ 2023 ഏപ്രിൽ മുതൽ വലിയ കുറവാണ് ഉണ്ടായരിക്കുന്നത്. ജനുവരിയിൽ 5000 വും മാർച്ചിൽ 7000 വും അപേക്ഷകൾ സ്വീകരിച്ചിരുന്ന രാജ്യം നിലവിൽ ഇൻവിറ്റേഷനുകൾ വെട്ടിക്കുറച്ചു.

ഓഗസ്റ്റ് 15 ആയപ്പോഴേക്കും വെറും 4,300 അപേക്ഷകൾ മാത്രമാണ് പിആറിനായി സർക്കാർ ക്ഷണിച്ചത്. ഇപ്പോഴത്തെ സാമ്പത്തിക, തൊഴിലില്ലായ്മ, പാർപ്പിട പ്രതിസന്ധികളാണ് പിആറുകൾ അനുവദിക്കുന്നതിൽ കുറവ് വരാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.
2022 ഡിസംബർ മുതൽ 2023 ഏപ്രിൽ വരെ തുടർച്ചയായി അഞ്ച് മാസത്തേക്ക് 5% എന്ന നിലയിലായിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഇപ്പോൾ അത് 5.2 ശതമാനമായി ഉയർന്നു. 2022 ഓഗസ്റ്റിന് ശേഷമുള്ള ആദ്യത്തെ പ്രതിമാസ വർദ്ധനവാണിതെന്നാണ് കാനഡ നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിൽ പറയുന്നത്. കുറഞ്ഞത് 8,100 ഓളം പാർട്ട് ടൈം ജോലികളും ഇല്ലാതായെന്നും റിപ്പോർട്ടിൽ ഉണ്ട്. 'കാനഡ കുടിയേറ്റ നയങ്ങൾ ലഘൂകരിക്കാനുള്ള പ്രധാന കാരണം അവിടുത്തെ പ്രായമായ ജനസംഖ്യയും അതുമൂലമുണ്ടായ തൊഴിൽ ക്ഷാമവുമാണ്. എന്നാൽ ഇത് പലരും മുതലെടുത്തു', തിരുവനന്തപുരത്തെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റിലെ ഉദ്യോഗസ്ഥൻ എസ് ഇരുദയ രാജൻ പറഞ്ഞു. കൂടുതൽ ആളുകൾ കുടിയേറുകയും പിആർ നേടുകയും ചെയ്തതോടെ ഇവിടെയുള്ള മറ്റ് പലർക്കും ജോലി ലഭിക്കാത്ത സാഹചര്യമായെന്നും അദ്ദേഹം പറയുന്നു.

അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ചെറിയ ജോലികൾക്കായുള്ള മത്സരവും വർധിച്ചെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.പലചരക്ക്, ഭവന ചെലവുകളിൽ ഗണ്യമായ വർദ്ധനവുണ്ടായതോടെ ഇനി അന്താരാഷ്ട്ര വിദ്യാർത്ഥികളെ സംബന്ധിച്ചും കാനഡയിലെ ജീവിതം കടുപ്പമേറിയതായിരിക്കുമെന്നും ഇന്ത്യയിൽ നിന്നും കുടിയേറവർ പറയുന്നു. കുറഞ്ഞ ചെലവിൽ വീട് ലഭിക്കാത്ത സാഹചര്യത്തിൽ ഉപരിപഠനത്തിന് എത്തുന്ന വിദ്യാർത്ഥികളിൽ പലരും വീടുകളിൽ തിങ്ങിക്കഴിയുന്ന അവസ്ഥയാണ് വരുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഒരു മുറിയിൽ തന്നെ മൂന്നും നാലും പേർ ഇടുങ്ങി കഴിയേണ്ട അവസ്ഥയാണ് ഉള്ളത്. പലർക്കും സ്വന്തം ചെലവ് കണ്ടെത്താൻ നാട്ടിൽ നിന്നും വീണ്ടും പണം അയക്കാൻ പറയേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Comment

Editor Pics

Related News

Al Jazeera English | Live
കാനഡ പി.ആര്‍ ഇനി സ്വപ്‌നമാകുമോ? രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക്‌
കാനഡയില്‍ വീടുകള്‍ക്ക് തീവില; കാരണം കുടിയേറ്റം
സ്റ്റുഡന്റ് വിസയില്‍ പുതിയ പരിഷ്കരണത്തിന് കാനഡ