കത്തോലിക്കാ സഭയ്ക്ക് പുതിയ 21 കര്‍ദ്ദിനാള്‍മാര്‍

01 October, 2023

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയ്ക്ക് പുതിയ 21 കര്‍ദ്ദിനാള്‍മാര്‍ കൂടി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന ചടങ്ങിന് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പുതുതായി കര്‍ദ്ദിനാളുമാരായി ഉയര്‍ത്തപ്പെട്ടവരില്‍ 18 പേര്‍ 80 വയസിന് താഴെയുള്ളവരായതിനാല്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

15 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പുതിയ കര്‍ദ്ദിനാളുമാര്‍. തന്റെ 10 വര്‍ഷത്തെ പത്രോസിന്റെ ദൌത്യത്തില്‍ നടന്ന ഒമ്പത് കണ്‍സിസ്റ്ററികളിലും ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന കത്തോലിക്ക സഭയുടെ വൈവിധ്യത്തെ എടുത്തുക്കാട്ടുന്ന വിധത്തിലാണ് പാപ്പ കര്‍ദ്ദിനാളുമാരെ തെരഞ്ഞെടുത്തത്. ചുവന്ന തൊപ്പി ഉള്‍പ്പെടെ സ്ഥാനിക ചിഹ്നങ്ങള്‍ സ്വീകരിച്ചവരില്‍ ദക്ഷിണ സുഡാനില്‍ നിന്നുള്ള ആദ്യത്തെ കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ അമേയു മാര്‍ട്ടിന്‍ മുല്ലയും ഉള്‍പ്പെടുന്നു.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ ബ്രിസ്ലിന്‍, ടാന്‍സാനിയയിലെ തബോറയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ പ്രൊട്ടേസ് റുഗാംബ്വ എന്നിവരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ആഫ്രിക്കയില്‍ വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരുടെ ആകെ എണ്ണം 14 ശതമാനം ആണ്. ഫ്രാന്‍സിസ് പാപ്പ അധികാരമേറ്റെടുത്ത ശേഷം ഉയര്‍ത്തിയ വിവിധ കണ്‍സിസ്റ്ററികളിലൂടെ അഞ്ച് വര്‍ദ്ധനവാണ് ഇപ്പോള്‍ ആഫ്രിക്കയില്‍ രേഖപ്പെടുത്തിരിക്കുന്നത്.

വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരില്‍ 16 ശതമാനം ഇപ്പോള്‍ ഏഷ്യയില്‍ നിന്നുള്ളവരാണ്. 18 പുതിയ വോട്ടര്‍മാരോടൊപ്പം, അടുത്ത പാപ്പയെ തിരഞ്ഞെടുക്കാന്‍ യോഗ്യരായ കര്‍ദ്ദിനാള്‍മാരുടെ എണ്ണം 136 ആയി ഉയര്‍ന്നു. അവരില്‍ 72 ശതമാനം പേരെ തിരഞ്ഞെടുത്തത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. സഭയുടെ ചരിത്രത്തില്‍ ഏറ്റവും അധികം പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ റെക്കോര്‍ഡ് ഫ്രാന്‍സിസ് പാപ്പയുടെ പേരിലാണ്.


Comment

Editor Pics

Related News

ഇന്ന് ദു:ഖശനി, വലിയ ശനി
കിർബിയെ വത്തിക്കാനിലെ പരമോന്നത കോടതിയുടെ ഓഫീസറായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു
കത്തോലിക്കാ സഭയ്ക്ക് പുതിയ 21 കര്‍ദ്ദിനാള്‍മാര്‍
ഇംഗ്ലണ്ടില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ രൂപീകരിച്ചു