ഇന്ന് ദു:ഖശനി, വലിയ ശനി

30 March, 2024

ഇന്ന് ദു:ഖശനി. വലിയ പ്രാധാന്യമൊന്നുമില്ല എന്ന് നാം കരുതുന്ന ഒരു ദിവസം. ഈശോ മരിച്ച് അടക്കപ്പെട്ട ദിവസം. ഈശോയെ അനുഗമിച്ചവരുടെയും ശിഷ്യരുടെയും പ്രത്യാശ നശിച്ച ആ ദിവസം.  പരിശുദ്ധ അമ്മ മാത്രം വിശ്വാസത്തോടെ കാത്തിരുന്ന ദിവസം. നമ്മെ സംബധിച്ചിടത്തോളം ഇത് നോമ്പുകാലത്തിന്റെ അവസാനദിനമാണ്. സന്തോഷത്തിന്റെയും ആഹ്‌ളാദത്തിന്റെയും ദിനങ്ങളായ ഉയിര്‍പ്പുകാലത്തിലേക്ക് നമ്മെ നയിക്കുന്ന ദിനം - പ്രതീക്ഷയുടെ, പ്രത്യാശയുടെ ദിവസം. വിശ്വാസത്തിന്റെ ഉറപ്പോടെ ഉത്ഥിതനായി കാത്തിരിക്കാന്‍ തിരുസഭ ആഹ്വാനം ചെയ്യുന്ന ദിവസം. പുതിയസൃഷ്ടിയാകാന്‍ നമ്മെ ക്ഷണിക്കുന്ന ദിവസം - നവീകരിക്കപ്പെടാന്‍, വിശുദ്ധീകരിക്കപ്പെടാന്‍ നമ്മെ ക്ഷണിക്കുന്ന ദിവസം, പ്രതിസന്ധികളില്‍ ജീവിതത്തിന്റെ ശൂന്യതകളില്‍ തളരേണ്ടതില്ല എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ദിവസം, പ്രത്യാശയില്ലാത്തവരോട് ഒരു ഉയിര്‍പ്പ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന് അറിയിക്കുന്ന ദിവസം. ഇതാണ് ദു:ഖശനി അഥവാ വലിയശനി. ''പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല...'


മൂന്നു പ്രധാന കര്‍മ്മങ്ങളാണ് നാം ഈ ദിവസം അനുഷ്ഠിക്കുന്നത്:

 തിരി തെളിക്കുന്നു

ജ്ഞാനസ്‌നാന വ്രതനവീകരണം നടത്തുന്നു

അനുരഞ്ജനം, കൂടാതെ, പുതിയ വെള്ളം വെഞ്ചരിക്കുന്നു


തിരി തെളിക്കുന്നു


മിശിഹാ ലോകത്തിന്റെ പ്രകാശമാണെന്ന് അനുസ്മരിച്ചുകൊണ്ട് നാം തിരി തെളിക്കുകയും ആ കര്‍മ്മത്തിലൂടെ ക്രിസ്തു ലോകത്തിന്റെ പ്രകാശമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. വി. യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ ക്രിസ്തുവിനെ അവതരിപ്പിക്കുന്നത് എല്ലാവരെയും പ്രകാശിപ്പിക്കുന്ന വെളിച്ചമായിട്ടാണ് (1.9). ക്രിസ്തുവിന്റെ വെളിച്ചത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ലോകത്തിന്റെ വെളിച്ചമാകാനുളള വിളിയാണ് ഓരോ ക്രിസ്ത്യാനിയും സ്വീകരിച്ചിരിക്കുന്നത് (മത്തായി 5.14) എന്ന് ഈ കര്‍മ്മം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ജ്ഞാനസ്‌നാന വ്രതനവീകരണം നടത്തുന്നു

ആദിമ സഭയിലെ ജ്ഞാനസ്നാന ക്രമത്തെ അനുസ്മരിച്ചുകൊണ്ട് നാം നമ്മുടെ ജ്ഞാനസ്നാന വ്രതം നവീകരിക്കുന്നു. പൌലോസ് ശ്ലീഹാ പറയുന്നുണ്ട്: ''യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച് നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്'' (റോമ 6.3-4) എന്ന്. മാമോദീസാവഴി ക്രിസ്തുവിന്റെ മരണോത്ഥാനങ്ങളില്‍ പങ്കാളിയാകുന്ന ഒരുവന്‍ ക്രസ്തുവിനാല്‍ പ്രകാശിതനാകുന്നവനാണ്. ലോകത്തിന് മരിച്ചവന്‍ ക്രിസ്തുവിന്റെ വെളിച്ചത്തില്‍ ജീവിക്കുന്നവനാണ് (കോളോ 2.12). ഈ മരണത്തിലൂടെ അവന്‍ ക്രിസ്തുവിന്റെ മൗതിക ശരിരത്തിലേക്ക് പ്രവേശിക്കുകയാണ് (1കോറി 12.13). അതുവഴി അവന്‍ ക്രിസ്തുവിനെ ധരിക്കുകയാണ് (ഗലാ 3.27). ഇപ്രകാരമുളള മാമോദീസാ സ്വീകരിക്കുന്നില്ലങ്കില്‍ ഒരുവന് ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല (യോഹ 3.5), കാരണം ക്രിസ്തുവെന്ന ഏക വഴി മാത്രമേ ദൈവരാജ്യത്തിലേക്കുളളു. മാമോദീസായിലൂടെ നാം പുതിയ വെളിച്ചത്തിലേക്ക് വിളിക്കപ്പെട്ടവരാണ്. പത്രോസ് ശ്ലീഹാ പറയുന്നു ''നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍ അന്ധകാരത്തില്‍ നിന്ന് തന്റെ അത്ഭുതകരമായ പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം'' (1പത്രോസ് 2.9) എന്ന്.

അനുരഞ്ജനം

ജ്ഞാനസ്നാനത്തിന്റെ അവിഭാജ്യഘടകമായ അനുരഞ്ജത്തിന് തയാറാണെന്ന് കാണിക്കാന്‍ നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുകയും മറ്റുളളവരുമായി രമ്യപ്പെടുകയും ചെയ്യുന്നു.


വെള്ളം വെഞ്ചരിപ്പ്

മാമ്മോദീസായിലൂടെ നമുക്ക് പുതുജന്മം ലഭിച്ചതിനെ നാം പ്രത്യേകമാംവിധം അനുസ്മരിക്കുന്നു.

ദു:ഖശനി വായനകളും ചിന്തകളും

ഒന്നാം വായന: (ഉല്‍പത്തി 22:1-19)  അബ്രാഹത്തിന്റെ ബലി

വിശ്വാസത്തെക്കുറിച്ചാണ് ഈ വായന നമ്മോട് പങ്കുവയ്ക്കുന്നത്. മാമ്മോദീസാ വിശ്വാസത്തിന്റെ കൂദാശയാണ്. അബ്രാഹം എപ്രകാരം ദൈവത്തില്‍ വിശ്വസിച്ചുവോ, അപ്രകാരം ഈശോയില്‍ വിശ്വസിക്കാന്‍ ഒരു ക്രൈസ്തവന് സാധിക്കണം. തിരുവചനത്തില്‍ വായിക്കുന്നു, ''യേശിക്രിസ്തുവിനെ സ്വീകരിച്ചവര്‍ക്കെല്ലാം, അവന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം അവന്‍ ദൈവമക്കളാകാനുള്ള കൃപ നല്‍കി'' (യോഹന്നാന്‍ 1:12-13) എന്ന്. അതെ, ആഴമായ വിശ്വാസമുള്ളവര്‍ക്ക് ദൈവമക്കളാകാം.


രണ്ടാം വായന: (യോനാ 2:1-10) യോനായുടെ പ്രാര്‍ത്ഥന


മാനസാന്തരത്തിന്റെ കൂദാശയാണ് മാമ്മോദീസാ. ഈശോ നിക്കോദേമോസിനോട് പറയുന്നുണ്ടല്ലോ, ''നീ വീണ്ടും ജനിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല'' എന്ന്. നിനിവേയിലേക്ക് അയയ്ക്കപ്പെട്ട യോനാ പ്രവാചകന്‍ ദൈവഹിതം നിറവേറ്റാതെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നതായി നാം കാണുന്നുണ്ട്. തുടര്‍ന്നുള്ള സംഭവങ്ങള്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍, മത്സ്യത്തിന്റെ ഉദരത്തില്‍ വച്ച് യോനാ മാനസാന്തരപ്പെട്ടു, തെറ്റുകള്‍ ഏറ്റുപറഞ്ഞു. - മാനസാന്തരപ്പെട്ട് നവീകരിക്കപ്പെട്ട വ്യക്തികളായിത്തീരുവാനാണ് ഈ ദിവസം നമ്മെ ക്ഷണിക്കുന്നത്, അതും മാനസാന്തരപ്പെട്ട് രക്ഷ സ്വന്തമാക്കിയ നിനിവേക്കാരെപ്പോലെ.


മറ്റൊരു വശമിതാണ്. ദൈവവുമായുള്ള ഉടമ്പടിക്കു മുമ്പ് ഇസ്രായേല്‍ ജനം തങ്ങളെത്തന്നെ ശുദ്ധീകരിച്ചതുപോലെ, ക്രിസ്തുവുമായി ഉടമ്പടിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍, ക്രിസ്തുവിനാല്‍ പ്രകാശിതരാകാന്‍ ആഗ്രഹിക്കുന്നവര്‍, സ്വയം വിശുദ്ധീകരിക്കുകയും അനുതപിക്കുകയും പാപങ്ങള്‍ ഏറ്റുപറയുകയും മറ്റുള്ളവരോട് ക്ഷമിക്കുകയും ചെയ്യണം.


ലേഖനം: (റോമാ 6:1-14) - ക്രിസ്തുവില്‍ ജീവിക്കുന്നവര്‍


പുതുജീവിതത്തിന്റെ ആവശ്യകതയെക്കുറിച്ച് പൌലോസ് ശ്ലീഹാ സംസാരിക്കുന്നു - പാപത്തിന്റെ പഴയ മനുഷ്യനെ നാം ഉരിഞ്ഞു മാറ്റണം, ക്രിസ്തുവിനെ ധരിക്കണം. അങ്ങനെ ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും നാം പങ്കുചേരണം. അതിന് മാമ്മോദീസാ നമ്മെ സഹായിക്കുന്നു.


സുവിശേഷം: (മത്തായി 28:1-20) - പുനരുദ്ധാനം


യേശുവിന്റെ ഉയിര്‍പ്പിനെക്കുറിച്ചും അവിടുന്ന് നല്‍കുന്ന പ്രേഷിതദൌത്യത്തെക്കുറിച്ചുമാണ് ഇന്നത്തെ സുവിശേഷം. മാമ്മോദീസാ സ്വീകരിച്ച നാം നമുക്ക് ലഭിച്ച രക്ഷയുടെ അനുഭവം, രക്ഷയുടെ സന്ദേശം ലോകമെങ്ങും പ്രഘോഷിക്കാന്‍ തയ്യാറാകണം. ഈശോ പറയുന്നുണ്ടല്ലോ, ''ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പ്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍'' (മത്തായി 28:19-20) എന്ന്. മാമ്മോദീസാ അത്തരമൊരു മാറ്റം നമ്മിലുണ്ടാക്കണം.


പ്രിയമുള്ളവരേ, നമുക്കും അബ്രാഹത്തിനുണ്ടായിരുന്ന ആഴമായ വിശ്വാസത്തോടെ നമ്മുടെ ജ്ഞാനസ്‌നാന വ്രതങ്ങള്‍ നവീകരിക്കാം. അതിനു മുമ്പ്, നമ്മിലുളള അന്ധകാരത്തിന്റെ തലങ്ങളേതെന്നും മരണം ആവശ്യമായ മേഖലകള്‍ ഏവയെന്നും നമുക്ക് ആത്മശോധന ചെയ്യാം. യഥാര്‍ത്ഥമായ അനുതാപവും അനുരഞ്ജനവും ആവശ്യപ്പെടുന്ന മൃത്യുവരിക്കാന്‍ നമുക്ക് തയ്യാറാകാം. അപ്പോള്‍ ക്രിസ്തു നമ്മെ പ്രകാശിപ്പിക്കുകയും പുതുജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും. 


Comment

Editor Pics

Related News

ഇന്ന് ദു:ഖശനി, വലിയ ശനി
കിർബിയെ വത്തിക്കാനിലെ പരമോന്നത കോടതിയുടെ ഓഫീസറായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു
കത്തോലിക്കാ സഭയ്ക്ക് പുതിയ 21 കര്‍ദ്ദിനാള്‍മാര്‍
ഇംഗ്ലണ്ടില്‍ പുതിയ സീറോ-മലബാര്‍ മിഷന്‍ രൂപീകരിച്ചു