ദേവസഹായം പിള്ളയടക്കം പത്ത് പേര്‍ വിശുദ്ധ പദവിയിലേക്ക്

0
164

ഇന്ത്യയില്‍ നിന്നുള്ള ആദ്യ അല്‍മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേര്‍ വിശുദ്ധ നിരയിലേക്ക്. മെയ് പതിഞ്ചിനാണ് ഫ്രാന്‍സിസ് പാപ്പ ഇവരെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുക.

7 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 4-ന് റോമില്‍ വെച്ച് നടന്ന കര്‍ദ്ദിനാളുമാരുടെ യോഗത്തിനിടയാണ് 3 പേരുടെ പേര്‍കൂടി ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചത്. വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്‌സ്മ, വാഴ്ത്തപ്പെട്ട മേരി റിവിയര്‍, വാഴ്ത്തപ്പെട്ട കരോലിന സാന്റോകനാലെ വാഴ്ത്തപ്പെട്ട ചാള്‍സ് ഡെ ഫുക്കോള്‍ഡ്, വാഴ്ത്തപ്പെട്ട സെസാര്‍ ഡെ ബുസ്, വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസോളോ, വാഴ്ത്തപ്പെട്ട ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, വാഴ്ത്തപ്പെട്ട അന്നാ മരിയ റുബാറ്റോ, വാഴ്ത്തപ്പെട്ട മരിയ ഡൊമേനിക്കാ മാന്റോവനി എന്നിവരാണ് മറ്റുള്ളവര്‍.

പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുവില്‍ വിശ്വസിച്ച്, ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ 2012-ല്‍ ആരംഭിച്ചു.

1712 ഏപ്രില്‍ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. ജ്ഞാനസ്‌നാനത്തിനു മുന്‍പ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യദര്‍ശിയായിരുന്നു.

കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന്, തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണച്ചുമതല മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഡച്ച് സൈന്യാധിപന്‍ ഡിലനോയിയെ ഏല്‍പ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തില്‍ നിന്നാണ് പിള്ള േയശു ക്രിസ്തുവിനെ കുറിച്ച് അറിഞ്ഞത്.

തുടര്‍ന്ന്, തെക്കന്‍ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനില്‍ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചു. തുടര്‍ന്ന് നാലു കൊല്ലം ജെയിലില്‍ കിടക്കേണ്ടി വന്ന ദേവസഹായം പിള്ള 1752-ല്‍ രാജകല്പനപ്രകാരം വധിക്കപ്പെട്ടു. വെടിയേറ്റാണ് പിള്ള രക്തസാക്ഷി മകുടം ചൂടിയത്.