എൻട്രൻസ് കോച്ചിങ് സെൻററിൽ 3 വിദ്യാർഥികൾ ജീവനൊടുക്കിയ നിലയിൽ

0
82

കോട്ട: സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻററിൽ 3 വിദ്യാർഥികൾ ജീവനൊടുക്കിയ നിലയിൽ. രാജസ്ഥാനിലെ കോട്ടയിലെ സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിലെ മൂന്ന് വിദ്യാർഥികളെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അങ്കുഷ് ആനന്ദ് (16), പ്രണവ് വർമ (17), ഉജ്വൽ കുമാർ (18) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദമാണ് കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിലയിരുത്തൽ.

ബിഹാറിലെ സുപാൽ സ്വദേശിയാണ് മരിച്ച അങ്കുഷ് ആനന്ദ്. പ്രണവ് വർമ മധ്യപ്രദേശിലെ ശിവപുരി സ്വദേശി. ഇരുവരും നീറ്റ് പരീക്ഷാ പരിശീലനത്തിലായിരുന്നു. ജിഇഇ പരീക്ഷാ പരിശീലനത്തിനായി എത്തിയതായിരുന്നു മരിച്ച ഉജ്വൽ കുമാർ. ബിഹാറിലെ ഗയ സ്വദേശിയാണ്. ഇവരുടെ മുറിയിൽ നിന്ന് റോഡൻറിസൈഡ് എന്ന വിഷം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആത്മഹത്യക്കുറിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഞായറാഴ്ച അർധരാത്രിയോടെയാണ് പ്രണവിനെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കേസ് അന്വേഷിക്കുന്ന സർക്കിൾ ഇൻസ്പെക്റ്റഗ സഹായ് ശർമ പറയുന്നു. രണ്ടു വർഷമായി കോട്ടയിലെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു പ്രണവ്. ഉജ്വലും അങ്കുഷും കോട്ടയിലെ താൽവണ്ടി പ്രദേശത്തെ ഒരു ഹോസ്റ്റലിൽ പേയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. അടുത്തടുത്ത മുറികളിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

തിങ്കളാഴ്ച രാവിലെ ഇരുവരുടെയും മുറിയുടെ വാതിൽ തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറ്റ് കുട്ടികൾ ഹോസ്റ്റൽ വാർഡനെ വിവരം അറിയിച്ചത്. തുടർന്ന് വാർഡൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉജ്വലിൻറെ സഹോദരിയും ഇതേ കോച്ചിങ് സെൻററിലാണ് പഠിക്കുന്നത്.