പാലക്കാട്: പാലക്കാട് നഗരസഭാ ബി.ജെ.പി സ്ഥാനാർത്ഥിയായ മിനി കൃഷ്ണകുമാർ തന്നെ ഇന്നലെ രാത്രി കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ അമ്മ വിജയകുമാരി.
സംഭവത്തെപ്പറ്റി വിജയകുമാരി പോലീസിൽ പരാതി നൽകി. കൃഷ്ണകുമാറിനും ഭാര്യ മിനിക്കുമെതിരെ വിജയകുമാരിയും മറ്റൊരു മകളായ സിനിയും ഇന്നലെ വാർത്താസമ്മേളനം നടത്തിയിരുന്നു.
ഇന്നലെ രാത്രി റോഡിൽ നിൽക്കുകയിരുന്ന തന്നെ ലക്ഷ്യമാക്കി മിനി അമിത വേഗതയിൽ കാറോടിച്ച് വന്നുവെന്നും അസഭ്യം പറഞ്ഞുവെന്നും വിജയകുമാരിയുടെ പരാതിയിലുണ്ട്. പരാതി ഒതുക്കിത്തീർക്കാൻ പാലക്കാട് നോർത്ത് പോലീസ് ശ്രമിച്ചുവെന്ന് സിനി പറഞ്ഞിരുന്നു.
സ്വത്ത് കൈക്കലാക്കാൻ കൃഷ്ണകുമാർ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും സിനി വെളിപ്പെടുത്തിയിരുന്നു. കൂടാതെ വിജയകുമാരിയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാർ തട്ടിയെടുത്തുവെന്നും സിനി ആരോപിച്ചിരുന്നു.