വൈദികന്റെ വീട്ടിലെ മോഷണം: സ്വർണ്ണം മോഷ്ടിച്ച മകൻ അറസ്റ്റിൽ

0
66

കോട്ടയം: കൂരോപ്പടയിലിലെ വൈദികന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് വൈദികന്റെ മകൻ അറസ്റ്റിൽ.
വൈദികൻ ജേക്കബ് നൈനാന്റെ മകൻ തന്നെയാണ് സ്വർണം മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പ്രതി ശൈനോ നൈനാൻ കോശി (35)യുടെ അറസ്റ്റ് പാമ്പാടി പോലീസ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. തുടർന്ന് സ്വർണം ഒളിപ്പിച്ചുവെച്ച കടയിൽ എത്തി തെളിവെടുപ്പ് നടത്തി.

സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബാംഗങ്ങൾക്ക് തന്നെ മോഷണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ബാക്കിയുള്ള സ്വർണം ഉൾപ്പെടെ പ്രതിയിൽ നിന്നും കണ്ടെടുത്തു. അന്വേഷണവുമായി പോലീസ് മുന്നോട്ടു പോയപ്പോൾ പിടിയിലാകും എന്ന് ഉറപ്പിച്ച പ്രതി ഇതോടെ വൈദികനായ പിതാവ് ജേക്കബ് നൈനാനോട് കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.

സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമാണ് സ്വന്തം വീട്ടിൽ തന്നെ മോഷണം നടത്തിയതെന്ന് ശൈനോ നൈനാൻ നൽകിയ മൊഴിയിൽ പറയുന്നു. തനിക്കുള്ള കടങ്ങൾ വീട്ടുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ആഭരണങ്ങളിൽ ഏറിയ പങ്കും അനുജന്റെ ഭാര്യയുടെതാണ്. കൂരോപ്പടയിലെ വീട്ടിൽ സ്വർണം വെച്ച ശേഷമാണ് വിദേശത്ത് ജോലി ചെയ്യുന്ന അനുജനും ഭാര്യയും നാട്ടിൽ നിന്നും ജോലിക്കായി വിദേശത്തേക്ക് പോയത് .

വീടിന് തൊട്ടുമുൻപിൽ ഒരു കട നടത്തി വരികയായിരുന്നു പ്രതി. ഇതിനിടെയാണ് ഇയാൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഇതോടെ സ്വന്തം വീട്ടിൽ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് ഷൈനു പോലീസിനോട് പറഞ്ഞു.