ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ഒരാള്‍ക്ക് വര്‍ഷങ്ങളോളം ജീവിക്കാനാകുമോ? ചരിത്രത്തില്‍ നമുക്ക് ഇതിന് ഒരു ഉദാഹരണമുണ്ട്. 50 വര്‍ഷം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ഒടുവില്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ന്ന ഫ്രഞ്ചുകാരിയാണ് മാര്‍ത്തെ റോബിന്. 1902 മാര്‍ച്ച് 13 ന് ഫ്രാന്‍സിലെ ഡ്രോമിലാണ് മാര്‍ത്തെ റോബിന് ജനിച്ചത്. കര്‍ഷകരായിരുന്ന ജോസഫിന്റെയും അമേലി-സെലസ്റ്റിന്‍ റോബിന്റെയും ആറാമത്തെയും അവസാനത്തെയും കുട്ടിയായിരുന്നു അവള്. അവളുടെ അമ്മയും അച്ഛനും കത്തോലിക്കരായിരുന്നു, പക്ഷേ പള്ളിയില്‍ പോയിരുന്നില്ല. മറ്റ് കുട്ടികളില്‍ വിശ്വാസമുണ്ടാകാതിരിക്കാന് മാതാപിതാക്കളുടെ ഈ ദുര്‍മാതൃക കാരണമായി. എന്നാല്‍ മാര്‍ത്തെ അവരില്‍ നിന്ന് വ്യത്യസ്തയായിരുന്നു. അവള് വിശ്വാസത്തില്‍ അടിയുറച്ച് വളര്‍ന്നു. ചെറുപ്പം മുതലെ ദിവ്യകാരുണ്യത്തില്‍ യേശുവുണ്ടെന്ന് അവള് വിശ്വസിച്ചിരുന്നു. ഞായറാഴ്ചകളിലും മറ്റ് ഒഴിവ് ദിവസങ്ങളിലും തന്നെ പള്ളിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് അവള് മാതാപിതാക്കളോട് വാശിപിടിച്ച് കരയാറുണ്ടായിരുന്നു.

രണ്ടാം വയസിലാണ് മാര്‍ത്തയ്ക്കും സഹോദരി ക്ലെമന്‍സിനും ടൈഫോയ്ഡ് പിടിച്ചത്. ക്ലെമന്‍സ് മരിച്ചു. മാര്‍ത്ത രോഗത്തെ അതിജീവിച്ചെങ്കിലും പനി അവളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. അന്നുമുതല്‍ അവളുടെ ശരീരം ക്ഷീണിച്ചുതുടങ്ങി. പതിമൂന്നാം വയസില്‍ മാതാപിതാക്കളെ ഫാമില്‍ സഹായിക്കാന്‍ അവള് പഠനം അവസാനിപ്പിച്ചു. എങ്കില്‍ പോലും അവള് വേദപാഠ ക്ലാസ് മുടക്കിയിരുന്നില്ല. 1911 ല്‍ അവള് സ്ഥൈര്യലേപനം സ്വീകരിച്ചു. അന്നുമുതല്‍ അവള് തന്റെ ആദ്യകുര്‍ബാന സ്വീകരണത്തിനായി പ്രാര്‍ഥിച്ചൊരുങ്ങി. അതിനായി ആശയടക്കവും കുഞ്ഞുത്യാഗ പ്രവൃത്തികളും അവള് ദിവസവും ചെയ്തു. അങ്ങനെ അവള് പ്രാര്‍ഥനയോടെ കാത്തിരുന്ന ആ ദിവസമെത്തി. 1912 ഓഗസ്റ്റ് 15 ന് അവള് ആദ്യകുര്‍ബാന സ്വീകരിച്ചു. കുഞ്ഞിലെ പിടിപെട്ട ടൈഫോയിഡിന്റെ ക്ഷീണം ഇതുവരെ മാറിയില്ലെങ്കിലും അവള് ഉല്ലാസവതിയായിരുന്നു. വിശുദ്ധ കുര്‍ബാന മുടക്കുന്നതിനെപ്പറ്റി അവള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ഫാമിലെ ജോലികളെല്ലാം പ്രാര്‍ഥനയോടെയാണ് അവള് ചെയ്തിരുന്നത്.
പക്ഷെ അവളുടെ ഓടിച്ചാടി കളിച്ചുകൊണ്ടുള്ള സന്തോഷം അധികം നീണ്ടുനിന്നില്ല. 1918 ല്‍ അവള് കിടപ്പിലായി. പരിശോധനയില്‍ അവളുടെ തലയില്‍ ട്യൂമര്‍ കണ്ടെത്തി. അവസാനം ഡോക്ടര്‍മാര്‍ അവള്‍ക്ക് ഹിസ്റ്റീരിയ എന്ന രോഗമാണെന്ന് കണ്ടെത്തി. എന്നാല്‍ രോഗക്കിടക്കിയില്‍ കിടന്നും അവള് പ്രാര്‍ഥിച്ചു. അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിച്ചു. ജപമാല ചൊല്ലി. സഹനങ്ങളെയെല്ലാം വിശുദ്ധ കുര്‍ബാനയോട് ചേര്‍ത്ത് പാപികളുടെ മാനസാന്തരത്തിനായി കാഴ്ചവെച്ചു. 1928 ആയപ്പോഴേക്കും അവളുടെ അരയ്ക്ക് താഴേക്ക് തളര്‍ന്നു. 1929 ല്‍ അവളുടെ കൈകള്‍ക്കും ചലനശേഷി നഷ്ടമായി.
വെളിച്ചം കണ്ണില്‍ പതിക്കുന്നത് മാര്‍ത്തെയ്ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുട്ടുമുറിയിലായിരുന്നു അവള് കഴിഞ്ഞിരുന്നത്. ഇരുപത്തെട്ടാം വയസില്‍ അവളുടെ ശരീരം പൂര്‍ണ്ണമായി തളര്‍ന്നു. മുമ്പ് അവള്‍ക്ക് തന്റെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ജപമാല ചൊല്ലുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അവസാനം ആ വിരലിന്റെ ചലനശേഷിയും നഷ്ടമായി. തന്റെ തല അനക്കാന്‍ മാത്രമേ അവള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. അധികകാലം കഴിയുന്നതിന് മുമ്പ് അവള്‍ക്ക് ഒന്നും കഴിക്കാന്‍ പറ്റാതെയായി. ഒരു കവിള് വെള്ളം പോലും ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഡോക്ടര്‍മാര്‍ അവളോട് വെള്ളം തൊണ്ടയില്‍ കൂടി ഇറക്കാന്‍ പറഞ്ഞെങ്കിലും അത് മൂക്കിലൂടെ പുറത്തുവരികയാണ് ചെയ്തത്. ആകെ ഒന്നുമാത്രമേ അവള് കഴിക്കാനാകുമായിരുന്നുള്ളൂ. അത് പരിശുദ്ധ ദിവ്യകാരുണ്യമായിരുന്നു. അങ്ങനെ 1930 മുതല്‍ മാര്‍ത്തെയുടെ ഒരേ ഒരാഹാരം ദിവ്യകാരുണ്യം മാത്രമായി. ദിവ്യകാരുണ്യനാഥന് അവളുടെ ശരീരത്തെയും ആത്മാവിനെയും പോഷിപ്പിച്ചു. വെള്ളിയാഴ്ചകളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ അവള്‍ക്ക് പഞ്ചക്ഷതമുണ്ടായി. വെള്ളിയാഴ്ചകളില്‍ മാര്‍ത്തയുടെ ദേഹത്ത് പ്രത്യക്ഷപ്പെടുന്ന പഞ്ചക്ഷതം ഞായറാഴ്ച അപ്രത്യക്ഷമാകും. 1981 ല്‍ 51ാം വയസില്‍ മാര്‍ത്ത മരിക്കുന്നത് വരെ ഇത് തുടര്‍ന്നു. 2014 നവംബര്‍ 7 ന് ഫ്രാന്‍സിസ് പാപ്പ മാര്‍ത്തെയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തി. ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ച മാര്‍ത്തെയുടെ ജീവിതം അനേകരെ യേശുവിലേക്ക് ആകര്‍ഷിച്ചു. ഒരുപാട് പേര് ദിവ്യകാരുണ്യത്തില്‍ യേശുവുണ്ടെന്ന് വിശ്വസിക്കാനും മാര്‍ത്തയുടെ ജീവിതം കാരണമായി.
