കൊറോണ വൈറസ് ചില രോഗികളുടെ കേൾവിശക്തിയെ കുറയ്ക്കുമെന്ന് പഠനം. യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, റോയൽ നാഷണൽ നോസ് ആൻഡ് ഇയർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ബിഎംജെ കേസ് റിപ്പോർട്ട് എന്ന മെഡിക്കൽ ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ്19 ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ, 45 വയസുള്ള ആസ്തമ രോഗിക്ക് കേൾവിശക്തി കുറഞ്ഞതായി ഗവേഷകർ പറയുന്നു. സാർസ്‌കോവ്2 ബാധിച്ച് കേൾവിശക്തി കുറഞ്ഞ ആദ്യ കേസ് ഏപ്രിലിൽ റിപ്പോർട്ട് ചെയ്തതായി അമേരിക്കൻ ജേണൽ ഓഫ് ഒട്ടോളറിംഗോളജിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പരാമർശമുണ്ട്. കോവിഡ്19 മൂലം കേൾവിശക്തി കുറഞ്ഞ മറ്റു രണ്ടു കേസുകൾ മറ്റു രണ്ടു വ്യത്യസ്ത പ്രബന്ധങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
ഒരാളുടെ വലതു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെടുകയും ഇടതുവശത്ത് കേൾവിക്കുറവുണ്ടാകുകയും ചെയ്തു. രണ്ടാമത്തെയാൾ കോവിഡ് ലക്ഷണങ്ങളില്ലാത്തയാളായിരുന്നു. കേൾവിക്കുറവിനെത്തുടർന്നാണ് ക്ലിനിക്കിൽ എത്തിച്ചത്. കോവിഡ്19 മൂലം കേൾവിക്കുറവ് സംഭവിച്ച കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസസ് ബാധയും പെട്ടെന്നുള്ള കേൾവിശക്തി കുറയലും (സഡൻ ഓൺസെറ്റ് സെൻസോറിന്യുറൽ ഹിയറിങ് ലോസ്) തമ്മിലുള്ള ബന്ധത്തിന്റെ സാധ്യത പരിഗണിക്കുന്നത് പ്രധാനമാണെന്നു പഠനം പറയുന്നു.