പ്രണയം തെളിയിക്കാൻ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം ശരീരത്തിൽ കുത്തിവച്ച് 15 കാരി

0
103

ഗുവാഹത്തി: കാമുകനോടുള്ള പ്രണയം സത്യമാണെന്ന് തെളിയിക്കാൻ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് 15 വയസ്സുകാരി. അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി ഏറെ കാലം പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ എതിർത്തതോടെ തന്റെ പ്രണയം സത്യമാണെന്ന് തെളിയിക്കാനാണ് 15 കാരി എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം കുത്തിവച്ചത്.

മൂന്ന് കൊല്ലം പ്രണയത്തിലായിരുന്ന ഇരുവരും പലതവണ ഒളിച്ചോടാൻ ശ്രമിച്ചുവെങ്കിലും ഓരോ തവണയും മാതാപിതാക്കൾ പെൺകുട്ടിയെ കണ്ടെത്തി തിരികെയെത്തിക്കുകയായിരുന്നു. യുവാവില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും തന്നെ തന്റെ ഇഷ്ടത്തിനു വിടണമെന്നു മാതാപിതാക്കളോട് പല തവണ പറഞ്ഞിട്ടും കേൾക്കാതെ വന്നപ്പോഴാണ് കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പ്രണയം മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ പെൺകുട്ടി തുനിഞ്ഞത്.

പെൺകുട്ടി സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. സംഭവം അറിഞ്ഞതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.