ആക്രമണത്തിന് വിധേയായവർ ആത്മഹത്യ ചെയ്യണമെന്നാണോ, മുല്ലപ്പള്ളിക്കെതിരെ എംസി ജോസഫൈൻ

0
585

തിരുവനന്തപുരം: ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കും. അല്ലെങ്കിൽ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കുമെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്തവനയെ വിമർശിച്ച് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ രംഗത്തെത്തി. രാഷ്ട്രീയ നേതാക്കൾ സ്ത്രീകൾക്കെതിരെയുള്ള മോശം പരാമർശങ്ങൾ അവസാനിപ്പിക്കണമെന്ന് എംസി ജോസഫൈൻ പറഞ്ഞു.

മുല്ലപ്പള്ളി രണ്ടാം പ്രാവശ്യമാണ് ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന ഏറ്റവും മോശം ആക്രമണമാണ് ബലാത്സംഗം. ബലാത്സംഗത്തിന് വിധേയായ സ്ത്രീ മാനാഭിമാനമുള്ളവളാണെങ്കിൽ മരിക്കണം.ഇല്ലെങ്കിൽ ഇനി ഉണ്ടാകാതെ നോക്കണമെന്ന മുല്ലപ്പള്ളിയുടെ ഉപദേശത്തെ നിഷ്‌കരുണം തള്ളിക്കളയണം. സ്ത്രീകൾക്കെതിരായ ഇത്തരത്തിലുള്ള പരാമർശങ്ങൾ ആവർത്തിക്കാതിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. സ്ത്രീകളുടെ മാനാഭിമാനങ്ങൾ കാത്തു സൂക്ഷിക്കാൻ കേരള സമൂഹത്തിന് ബാധ്യത ഇല്ലേ? ആക്രമണത്തിന് വിധേയായവർ ആത്മഹത്യ ചെയ്യണമെന്നാണോ പറയുന്നത്. സ്ത്രീകൾക്ക് വിധി എഴുതാൻ ഇദ്ദേഹം ആരാണ്.’ ജോസഫൈൻ ചോദിച്ചു.

പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു. സർക്കാരിന് എതിരെയുള്ള വിമർശനം മാത്രമാണ് ഉന്നയിച്ചത്. സ്ത്രീകളെ അക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചിലർ താൻ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.