അമ്മയ്ക്ക് മാത്രമല്ല അച്ഛനും മകള്‍ വിഷം നല്‍കി, അച്ഛന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
21

അമ്മയെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും വിവരം. തൃശൂര്‍ കുന്നംകുളം കിഴൂരില്‍ ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയായിരുന്നു സംഭവം.

വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ അമ്മയെ അസുഖബാധിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ദുലേഖ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എങ്കിലും രുഗ്മിണി മരിച്ചു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയത്.

പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കിയാണ് ഇന്ദുലേഖ അച്ഛന്‍ ചന്ദ്രനെ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് ചന്ദ്രന്‍ ചായ കുടിച്ചില്ല. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു മകള്‍ ഇന്ദുലേഖ മാതാപിതാക്കള്‍ക്ക് വിഷം നല്‍കിയതെന്നും പൊലീസ് പറയുന്നു. ഇന്ദുലേഖയുടെ ഭര്‍ത്താവ് വിദേശത്താണ്. സ്വര്‍ണം പണയം വെച്ച വകയില്‍ എട്ടുലക്ഷം രൂപ ഇന്ദുലേഖയ്ക്ക് കടമുണ്ടായിരുന്നു. ഇന്ദുലേഖയുടെ പേരിലാണ് വീടും സ്ഥലവും പറഞ്ഞുവെച്ചിരുന്നത്. മാതാപിതാക്കളെ ഒഴിവാക്കി ഇതു കൈക്കലാക്കി കടബാധ്യത വീട്ടാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ദുലേഖ കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കേച്ചേരി സ്വദേശിയായ ചന്ദ്രനും കുടുംബവും 10 വര്‍ഷം മുമ്പാണ് കിഴൂരില്‍ താമസമാക്കിയത്. ഭര്‍ത്താവ് വിദേശത്തു ജോലിചെയ്യുന്ന ഇന്ദുലേഖയ്ക്ക് അത്രയധികം തുക കടബാധ്യത വന്നതെങ്ങനെയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.