മലപ്പുറം: മകളെ തട്ടിക്കൊണ്ടുപോയ പൊലീസുദ്യോഗസ്ഥനായ പിതാവ് അറസ്റ്റില്‍. മങ്കട കൂട്ടില്‍ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ പൊലീസുദ്യോഗസ്ഥനാണ് വാഹിദ്.
ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അമ്മയാണ് മകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തത്. അടുത്തമാസം രണ്ടുവരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്ത്. തുടര്‍ന്ന് അബ്ദുള്‍വാഹിദിനെ മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചു. പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു പരാതിക്കാരി. യുവതിയുടെ ഒപ്പമായിരുന്നു ഇവരുടെ നാല് വയസുളള മകളും. കുട്ടിയെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്കൂളില്‍ എല്‍കെജിയില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ 18ന് സ്കൂളിലെത്തിയ പിതാവ് മാതാവിന്റെയോ സ്കൂള്‍ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബുള്ളറ്റില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.