ആലപ്പുഴ: നവജാത ശിശുവിനെ മാറി നല്കിയ സംഭവത്തില്‍ പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് റിപ്പോര്‍ട്ട്. കടപ്പുറം വനിതാ ശിശു ആശുപത്രിയിലാണ് ശിശുവിനെ മാറി നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് ആശുപത്രിയില്‍ നേരിട്ടെത്തി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കിയതായും, ബന്ധപ്പെട്ട ജീവനക്കാരി മികച്ച സര്‍വീസ് റെക്കോര്‍ഡുള്ള ആളാണെന്നും ഇത് ആദ്യ സംഭവമാണെന്നും താക്കീതു നല്കിയിട്ടുണ്ടന്നും അധികൃതര്‍ പറഞ്ഞു.
കുറച്ചു ദിവസം മുന്‍പ് ഇതേ ആശുപത്രിയില്‍ വച്ച് പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശിനികളുടെ കുട്ടികളെയാണ് പരസ്പരം മാറി നല്‍കിയത്. രണ്ട് കുട്ടികള്‍ക്കും കണ്ണുകളില്‍ മഞ്ഞ നിറം കാണപ്പെട്ടിരുന്നു. നവജാത ശിശുക്കളുടെ മഞ്ഞ നിറം മാറുന്നതിന് ദേഹത്ത് ലൈറ്റ് അടിപ്പിക്കാന്‍ ഐസിയുവില്‍ കൊണ്ടു പോയിരുന്നു. ഇവിടെ കിടത്തിയ ശേഷം ബന്ധുക്കള്‍ക്ക് തിരികെ നല്കിയപ്പോള് ആണ് കുഞ്ഞുങ്ങള്‍ മാറിപ്പോയത്. മുടിയിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കുട്ടികള്‍ മാറിയെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.