ഉമ്മൻചാണ്ടി ആശുപത്രിയിൽ, ന്യൂമോണിയക്കുള്ള ചികിത്സ തുടങ്ങി

0
80

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയക്കുള്ള ചികിത്സക്കായാണ് നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് ആവർത്തിച്ച് സഹോദരൻ അലക്സ് ചാണ്ടി രംഗത്തെത്തിയിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യയും മകനും മൂത്തമകളുമാണ് ചികിത്സ നൽകേണ്ടെന്ന് പറയുന്നത്. പ്രാർത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവർ. പിതാവിന് മികച്ച ചികിത്സ നൽകണമെന്നാണ് ഇളയ മകളുടെ ആവശ്യമെന്നും അലക്സ് ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ്. അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ നൽകുന്നുണ്ടെന്ന കുടുംബത്തിന്റെ വിശദീകരണം തെറ്റാണ്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് ചാണ്ടി ആരോപിച്ചു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അലക്സ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന സമുന്നതനായ രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ചികിത്സയ്ക്കായി സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും അലക്സ് ചാണ്ടി ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച് ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചായിരുന്നു ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്. തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞിരുന്നു.