തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു രജിസ്റ്റര്‍ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. ഇതിനായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി കണ്‍വീനറായ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.
സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് കേസുകള്‍ പിന്‍വലിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സുപ്രീംകോടതിയുടെ വിധിയിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകള്‍ അടിയന്തരമായി പിന്‍വലിക്കാനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജില്ലകളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കണം. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വകുപ്പുകള്‍: ഐപിസി 188 (സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കല്‍), ഐപിസി 269 (പകര്‍ച്ചവ്യാധി പടര്ത്തല്), 290 (പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പെരുമാറല്‍), കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് ആക്ടിലെ 4 (2) (എ) മുതല്‍ 4 (2) (ജെ)വരെ, ദുരന്ത നിവാരണ നിയമം. ഈ വകുപ്പുകള്‍ അനുസരിച്ചുള്ള കേസുകള്‍ പിന്‍വലിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു രജിസ്റ്റര്‍ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ സിആര്‍പിസി 321 അനുസരിച്ച് പിന്‍വലിക്കാന്‍ ഒക്ടോബര്‍ 30ന് ചേര്‍ന്ന യോഗമാണ് തീരുമാനിച്ചത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയുടെതാണ് തീരുമാനം.