ബോംബ് സൈക്ലോണ്‍; യു.എസിലും കാനഡയിലും 38 പേര്‍ മരിച്ചു

0
102

ന്യൂയോര്‍ക്ക്: അമേരിക്കയിലും കാനഡയിലും വീശിയടിച്ച ബോംബ് സൈക്ലോണ്‍ ശീതക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഇതില്‍ 34 പേരും അമേരിക്കയിലാണ് മരിച്ചത്. 3 പതിറ്റാണ്ടിനിടയിലുള്ള അതിഭീകരമായ തണുപ്പാണ് ഇരുരാജ്യങ്ങളും അഭിമുഖീകരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബുഫാലോയില്‍ ആണ് ശൈത്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കനത്ത ശീതക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ വൈദ്യുതി ബന്ധവും തകരാറിലായി. രണ്ട് ലക്ഷത്തില്‍ അധികം വീടുകളിലെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങളും റദ്ദാക്കപ്പെട്ടു. നിരവധി പേരാണ് ക്രിസ്മസിന് വീട്ടിലെത്താനാവാതെ കുടുങ്ങിയത്.കാനഡയിലും അതിശൈത്യം തുടരുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബ്രിട്ടീഷ് കൊളംബയ പ്രവിശ്യയിലെ മെറിറ്റിലുണ്ടായ വാഹനാപകടത്തിലാണ് നാലു പേര്‍ മരിച്ചത്. അടുത്ത ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം.യുഎസിലെ പല നഗരങ്ങളും താപനില മൈനസ് ഒന്‍പതിലും താഴെയാണ്. ട്രെയിന്‍യിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ദുരിതം നേരിടുന്ന 240 മില്യണ്‍ ജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താപനില താഴുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കടുത്ത മഞ്ഞുവീഴ്ചയും കാറ്റുമാണ് ബോംബ് സൈക്ലോണ്‍ ശീതക്കാറ്റ്.