ഭൂമി ഇടപാട് രൂപതയ്ക്ക് കനത്ത നഷ്ടമുണ്ടാക്കി: തുറന്ന കത്തുമായി ബിഷപ്പ് ആന്റണി കരിയിൽ

0
171

കൊച്ചി: എറണാകുളം-അങ്കമാലി രൂപതയിലെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ബിഷപ്പ് ആന്റണി കരിയിൽ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രൂപതയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് കത്തിൽ പറയുന്നു. മെത്രോപ്പൊലീത്തൻ വികാരി സ്ഥാനത്തു നിന്നും രാജിവെച്ചത് സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ്. അതിരൂപതയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഏകീകൃത കുർബാനയർപ്പിക്കുന്നതിൽ ഒഴിവ് നൽകിയത് അനുസരണക്കേടായി വ്യഖ്യാനിക്കപ്പെട്ടു. അതിരൂപതയിൽ നിന്നുള്ള നിവേദനങ്ങൾ സിനഡും വത്തിക്കാനും പരിഗണിച്ചില്ലെന്നും കത്തിൽ പറയുന്നു.

അതിരൂപതയുടെ ഭൂമി ഇടപാടിൽ 29.51 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. നഷ്ടം ഉണ്ടാക്കിയത് ആരാണെന്ന് അതിരൂപതയ്ക്ക് അറിയേണ്ടതാണ്. അതിരൂപത നേരിട്ട് സിവിൽ കേസ് ഫയൽ ചെയ്യാൻ നിയമോപദേശം ലഭിച്ചിട്ടും താൻ അത് ചെയ്തില്ല. നിരവധി വൈദികരും അത്മായരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും പ്രശ്‌നങ്ങൾ സഭയ്ക്കുള്ളിൽവെച്ച് പരിഹരിക്കാനാണ് ശ്രമിച്ചത്.

ഭൂമി വിൽപ്പന വിവാദം മൂലം അതിരൂപത വിഷമിച്ച സാഹചര്യത്തിലാണ് വിശുദ്ധകുർബാനയർപ്പണ രീതി സംബന്ധിച്ച തീരുമാനം നടപ്പാക്കാൻ സിറോമലബാർ സിനഡ് തീരുമാനിച്ചത്. എന്നാൽ ഇതേച്ചൊല്ലി സഭയിൽ അതുവരെ നിലനിന്നിരുന്ന ശാന്തിയും ഐക്യവും ശിഥിലമായി. അതിനാൽ കുർബ്ബാനയർപ്പണ രീതി സംബന്ധിച്ച തീരുമാനം നടപ്പിലാക്കാനുള്ള അനുയോജ്യമായ സമയം ഇതല്ലെന്ന് സിനഡിനെ അറിയിച്ചിരുന്നു. എന്നാൽ സിനഡിലെ ഭൂരിഭാഗം പിതാക്കന്മാരും ഏകീകൃത കുർബാനയർപ്പണ രീതിയെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും കത്തിൽ പറയുന്നു.

മാർപ്പാപ്പ രാജി ആവശ്യപ്പെട്ട ഘട്ടത്തിൽ പലരും രാജി സമർപ്പിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. തന്നെ ഏൽപ്പിച്ചിരുന്ന വിശ്വാസി സമൂഹത്തെ ഈ പ്രതിസന്ധിഘട്ടത്തിൽ ഉപേക്ഷിച്ചു പോകുന്നത് ചരിത്രം പൊറുക്കില്ലെന്ന് അറിയാം. എങ്കിലും രാജിവെച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന തുടർനടപടികൾ അതിരൂപതയെ പ്രതികൂലമായി ബാധിക്കുമെന്ന നിരീക്ഷണത്തെത്തുടർന്നാണ് രാജിവെക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ബിഷപ്പ് കരിയിൽ പറയുന്നു.