അള്‍ത്താരയില്‍ രക്തസാക്ഷിയായ ഫാ. ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വത്തിന് 6 വയസ്

0
24

പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ആറു വര്‍ഷം. 2016 ജൂലൈ 26-നാണ് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്‌റെ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് എണ്‍പത്തിയഞ്ചുവയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

തന്റെ ആറ് പതിറ്റാണ്ടും ക്രൈസ്തവസഭയ്ക്കായി മുഴുനീളെ സേവനം ചെയ്ത വ്യക്തിയായിരുന്നു ഫാ.ഹാമല്‍. ഫാ. ഹാമലിനെ വധിച്ചവരും സിറിയ ആസ്ഥാനമായുള്ള മുതിര്‍ന്ന ഐസിസ് പ്രവര്‍ത്തകനും തമ്മില്‍ ഗൂഡാലോചന നടത്തിയതുമായുള്ള വിവരം പുറത്തുവന്നിരുന്നു.

നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഫാ. ജാക്വസ് ഹാമലിന്റെ കാര്യത്തില്‍ ഭേദഗതി ചെയ്തിരുന്നു. നാമകരണ നടപടികള്‍ക്കുള്ള കാലതാമസം ഒഴിവാക്കാന്‍ ഫ്രാന്‍സിസ് പാപ്പ അനുവാദം നല്‍കിയിരിന്നു.

ഫാ. ഹാമലിനെ റോമിലെ രക്തസാക്ഷിപ്പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നു. വത്തിക്കാനില്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച ദിവ്യബലിയ്ക്കിടെ ഫ്രാന്‍സിസ്പാപ്പ, വൈദികനെ ‘വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമല്‍’ എന്ന് സംബോധന ചെയ്തത് വാര്‍ത്തയായിരുന്നു.