കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കാൻ ആവശ്യം, ഫ്രാങ്കോയുടെ ഹർജി സുപ്രീംകോടതി തള്ളി

0
967

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് ബെഞ്ചാണ് ഫ്രാങ്കോയുടെ ഹർജി തള്ളിയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. തനിക്കെതിരെ തെളിവില്ല. വ്യക്തി വിരോധമാണ് കേസിന് പിന്നിൽ. കന്യാസ്ത്രീയുടെ സാമ്പത്തിക ഇടപാടുകൾ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം. സാക്ഷികളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. ആരോപണങ്ങളിൽ സത്യമില്ലെന്നും ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ ഹർജിയിൽ അവകാശപ്പെട്ടു. പക്ഷെ കോടതി ഇതൊന്നും അംഗീകരിച്ചില്ല.

വിചാരണ വൈകിപ്പിക്കാനാണ് ഫ്രാങ്കോ വിടുതൽ ഹർജി നൽകിയതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. മുമ്പ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയേയും കേരള ഹൈക്കോടതിയേയും
കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സമീപിച്ചിരുന്നു. എന്നാൽ ഇരുകോടതികളും ഫ്രാങ്കോയുടെ ഹർജി തള്ളിയതോടെ ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു,

വിചാരണ നടത്താൻ മതിയായ തെളിവുകളുണ്ട് എന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇത് സുപ്രീംകോടതിയും ശരിവെച്ചു. ഇതോടെ ഇനി കോടതി വിചാരണയിലേക്ക് കടക്കും. അതിവേഗ വിചാരണയാകും നടക്കുക. പീഢനക്കേസിൽ വിചാരണയ്ക്ക് ഹാജരാകാതിരിക്കാൻ ഫ്രാങ്കോ മുമ്പ് കള്ളസത്യവാങ്മൂലം നൽകിയത് വിവാദമായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചെന്നും വാർത്ത എത്തി.

വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി പലതവണ അറിയിച്ചെങ്കിലും ജലന്ദറിൽ കോവിഡ് വ്യാപനമാണെന്ന ന്യായങ്ങൾ നിരത്തി ഫ്രാങ്കോ ഹാജരായിരുന്നില്ല. തുടർന്നാണ് ബിഷപ്പിന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയത്. വിചാരണക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കോടതി നടപടികളിൽ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ വാറന്റ് നിലവിൽ വരുന്ന ബിഷപ്പിന്റെ ജാമ്യവും റദ്ദാകും.