മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തു; സി.പി.എം നേതാവുള്‍പ്പടെ രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്

0
26

തലശ്ശേരി: മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്ത സി.പി.എം നേതാവുള്‍പ്പടെ രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍(40) എന്നിവരെയാണ് ലഹരി മാഫിയാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ബുധനാഴ്ച വൈകീട്ട് നാലോടെ തലശ്ശേരി സഹകരണ ആസ്പത്രി പരിസരത്താണ് സംഭവം. പരിക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബ് (29) സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്.

മയക്കുമരുന്ന് വില്‍പനയെ ചോദ്യംചെയ്തതിന് ഷമീറിന്റെ മകന്‍ ഷെബിലിനെ ബുധനാഴ്ച ഒരാള്‍ മര്‍ദിച്ചിരുന്നു. പരിക്കേറ്റ ഷെബിലിനെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് മയക്കുമരുന്ന് മാഫിയയില്‍പ്പെട്ട ഒരാള്‍ ആസ്പത്രിയിലെത്തി. പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്ന വ്യാജേന ഖാലിദ് അടക്കമുള്ളവരെ ആശുപത്രിക്ക് പുറത്തെത്തിച്ചു. ആശുപത്രിക്ക് പുറത്ത് സംഘത്തിലുള്‍പ്പെട്ട നാല് പേര്‍ കാത്തുനിന്നിരുന്നു. ആശുപത്രി കാന്റീന്‍ പരിസരത്തുവച്ച് സംസാരിക്കുന്നതിനിടെ ആശുപത്രിയില്‍നിന്ന് വിളിച്ച് പുറത്തിറക്കിയ ആള്‍ ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓട്ടോയില്‍ കരുതിയ കത്തിയെടുത്തായിരുന്നു വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ചതിനിടെ ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റു.
പരേതരായ മുഹമ്മദിന്റെയും നബീസയുടെയും മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യതൊഴിലാളിയാണ്. ഭാര്യ: സീനത്ത്. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ് (പുന്നോല്‍). സഹോദരങ്ങള്‍: അസ്ലം ഗുരുക്കള്‍, സഹദ്, അക്ബര്‍ (ഇരുവരും ടെയ്ലര്‍മാര്‍), ഫാബിത, ഷംസീന.
പരേതരായ ഹംസയുടെയും ആയിഷയുടേയും മകനാണ് കൊല്ലപ്പെട്ട ഷമീര്‍. ഭാര്യ: ഷംസീന. മക്കള്‍: ഷെബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍. സഹോദരങ്ങള്‍: നൗഷാദ്, റസിയ, ഹൈറുന്നിസ.
ഖാലിദിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലാണുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ആമുക്കപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.