കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിക്കെതിരേ സർക്കാരും ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതയിയെ സമീപിച്ചു. വിചാരണക്കോടതിക്ക് വീഴ്ച പറ്റിയതായും കോടതി അനാവശ്യ ഇടപെടൽ നടത്തുന്നന്ന സാഹചര്യത്തിൽ വിചാരണക്കോടതി മാറ്റണമെന്നുമാണ് നടിയുടെയും പ്രോസിക്യൂഷന്റെയും ആവശ്യം. ആക്രമിക്കപ്പെട്ട നടിയുടേയും നടി മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ച പറ്റിയെന്നാണ് സർക്കാരും നടിയും ആരോപിച്ചത്. വിചാരണക്കോടതി മാറണമെന്നും ഏത് ജഡ്ജിയെ വേണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും സർക്കാർ പറഞ്ഞു.
നിലവിൽ വെള്ളിയാഴ്ച വരെയാണ് വിചാരണ നീട്ടിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായും കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മകളെ കൊണ്ടു സ്വാധീനിപ്പിക്കാൻ ശ്രമിച്ചെന്നും ഇതറിഞ്ഞിട്ടും കോടതി ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ദിലീപിനെതിരേ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് മകൾ വിളിച്ചതായുള്ള മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്താൻ വിചാരണക്കോടതി തയ്യാറായില്ല.
കുടുംബം തകർത്തതിനാൽ തന്നെ വകവരുത്തുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി നൽകിയ മൊഴിയും കോടതി രേഖപ്പെടുത്തിയില്ല. അതുപോലെ തന്നെ കോടതിയിൽ എത്തുന്ന സാക്ഷികളെ ജഡ്ജി അപമാനിക്കുന്നതായും ചില സാക്ഷികൾ ഈ അപമാന ഭയത്താലാണ് മൊഴി നൽകാൻ എത്താത്തതെന്നും നടി ആരോപിക്കുന്നു.