യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ച നഴ്‌സിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു, വിട നല്‍കി പിഞ്ചുകുഞ്ഞും ഭര്‍ത്താവും

0
78

ജോലിക്കിടയില്‍ കുഴഞ്ഞു വീണ് മരിച്ച യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായ നിമ്യ മാത്യൂസിന്റെ (34) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഏഴുമണിക്ക് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അരിക്കുഴയില്‍ പൊതുദര്‍ശനത്തിന് വച്ചു. അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് നാലു മണിയോടെ മൃതദേഹം സംസ്‌കരിക്കും.

ബെക്സില്‍ ഓണ്‍ സീ സെന്റ് മാര്‍ത്താസ് പള്ളിയിലും നിമ്യയുടെ മൃതദേഹം
പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ഫാ. മാത്യു മുളയോളില്‍, ഫാ. ജോസഫ് മുക്കാട്ട്, ഫാ. മാത്യൂ കുരിശുംമൂട്ടില്‍ എന്നിവരാണ് സഹകാര്‍മ്മികത്വം വഹിച്ചത്.

നവംബര്‍ 27നാണ് എന്‍.എച്ച്.എസിലെ ജോലിക്കിടെ നിമ്യ കുഴഞ്ഞുവീണത്. വിദഗ്ദപരിശോധനയില്‍ ട്യൂമറാണെന്ന് കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരണപ്പെടുകയായിരുന്നു. ജനുവരിയിലാണ് നിമ്യ യുകെയില്‍ എത്തിയത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയില്‍ എത്തിയത്.