മാനഭംഗശ്രമം എതിര്‍ത്തു, സഹോദരന്റെ മുന്നില്‍വെച്ച് സഹോദരിയെ തീ കൊളുത്തികൊന്നു

0
298

ലഖ്നൗ: വീട്ടില്‍ അതിക്രമിച്ചുകയറി എട്ടുവയസുകാരനായ സഹോദരന്റെ മുന്നില്‍വച്ച് പതിനൊന്നാം ക്ലാസുകാരിയെ യുവാവ് തീകൊളുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷനു കീഴിലുള്ള നാഗാല പജാബ് ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയും സഹോദരനും മാത്രമുള്ള സമയത്താണ് അയല്‍വാസിയായ 22 കാരന്‍ അങ്കിത് കുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ തീ കൊളുത്തിയത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയെ വീട്ടിലെത്തി അങ്കിത് പീഡിപ്പാക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന ദൃക്സാക്ഷിയായ സഹോദരന്‍ പറഞ്ഞു. നേരത്തെ യുവാവ് പെണ്‍കുട്ടിയോട് പല തവണ വിവാഹഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും അത് പെണ്‍കുട്ടി നിരസിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരി കണ്‍മുന്‍പില്‍ തീ കത്തി മരിച്ചത് കണ്ടതിന്റെ ഞെട്ടലിലാണു മകനെന്നും അതില്‍ നിന്നും കുട്ടി മോചിതനായിട്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.