കര്‍ണാടക: പുഴയില്‍ ഒഴുക്കില്‍ പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെട്ട അമ്മയുടെ മൃതദേഹം കണ്ടെത്തി. കൊല്ലൂരിലെ സൗപര്‍ണിക നദിയിയില്‍ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി സന്ധ്യ (42) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് 5 മണിയോടെ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മകന്‍ ആദിത്യന്‍ മുങ്ങിനിവരുന്നതിനിടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
ഉടന്‍ മകനെ രക്ഷിക്കാനായി അച്ഛന്‍ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങി. ആദിത്യനെയും കൊണ്ട് മുരുകന്‍ കുറച്ചകലെയുള്ള പാറയില്‍ പിടിച്ചിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ സന്ധ്യ ഒഴുക്കില്‍പ്പെട്ടു. മഴ ശക്തമായത് മൂലം നദിയിലെ ഒഴുക്ക് കൂടിയതിനാല്‍ തെരച്ചില്‍ ആദ്യദിവസം ഫലം കണ്ടില്ല. ഉഡുപ്പിയില്‍ നിന്ന് മുങ്ങല്‍ വിദഗദര്‍ എത്തിയിട്ടും സന്ധ്യയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി സന്ധ്യ ഒഴുക്കില്‍പ്പെട്ട സ്ഥലത്തിനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് തൈറോയിഡ് ക്യാന്‍സര്‍ ബാധിച്ച് സന്ധ്യ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം പൂര്‍ണമായി ഭേദപ്പെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്.