നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷിന്റെ വിവാഹം ഈ മാസം 29ന്

0
39
സജീഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം

കോഴിക്കോട്: നിപാ രോഗിയെ പരിചരിക്കവെ ആ രോഗം ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വധു. ഈ മാസം 29ന് വടകര ലോകനാർക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. ലിനിയുടെ കുടുംബം ഉൾപ്പെടെ മൂന്നു കുടുംബങ്ങളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്.

ലിനിയുടെ മരണ ശേഷം മക്കളായ ഋതുൽ, സിദ്ധാർഥ് എന്നിവർക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് താമസം. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സർക്കാർ ജോലിയും നൽകിയിരുന്നു. ഇപ്പോൾ പന്നിക്കോട്ടൂർ പിഎച്ച്സിയിൽ ക്ലർക്കാണ് സജീഷ്. പ്രതിഭയ്ക്ക് പ്ലസ് വൺ വിദ്യാർഥിയായ മകളുണ്ട്.

2018ൽ കോഴിക്കോടുണ്ടായ നിപാ വ്യാപനത്തിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സായിരുന്ന ലിനി മരിക്കുന്നത്. മെയ് 21ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. വിവാഹത്തെക്കുറിച്ച് സജീഷിന്റെ വാക്കുകൾ : പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ സജീഷ്, റിതുൽ, സിദ്ധാർത്ഥ്, പ്രതിഭ, ദേവ പ്രിയ