ചിരിച്ചുകൊണ്ട് അമ്മയ്ക്ക് നോറയുടെ അന്ത്യചുംബനം, നിലവിളിച്ച് മാതാപിതാക്കളും സഹോദരിയും, മെറിന് അന്ത്യയാത്രാമൊഴി നേർന്ന് യു.എസും കേരളവും

0
5116

ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം സംസ്‌കരിച്ചു. യുഎസിലെ താംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് ദൈവാലയത്തിന്റെ ഹിൽസ്ബൊറൊ മെമോറിയൽ സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ശുശ്രൂഷകൾ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്.

ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് മെറിന് അന്ത്യയാത്രമൊഴി നേരാനെത്തിയത്. സഹപ്രവർത്തകരുടെ വിലാപം മെറിനെ പരിചയമില്ലാഞ്ഞിട്ടും മെറിന് വേണ്ടി പ്രാർഥിക്കാനെത്തിയവരുടെ കണ്ണുകളെപോലും ഈറനണിയിച്ചു.
മെറിന്റെ കോട്ടയം മോനിപ്പള്ളിയിലെ മാതാപിതാക്കളും മകളും മറ്റ് ബന്ധുക്കളും ഓൺലൈനായി ഹൃദയം നുറുങ്ങുന്ന വേദനയോടെ അവളുടെസംസ്‌കാര ചങ്ങുകളിൽ പങ്കെടുത്തു. വീട്ടിൽ ഘടിപ്പിച്ച വലിയ സ്‌ക്രീനിലാണ് അമേരിക്കയിൽ നടക്കുന്ന മെറിന്റെ അന്ത്യയാത്ര ബന്ധുക്കൾ നിറമിഴിയോടെ കണ്ടത്.
പലപ്പോഴും മെറിന്റെ മാതാപിതാക്കൾ സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ആശ്വാസവാക്കുകൾക്കൊന്നും അവരെ സമാധാനിപ്പിക്കാനായില്ല. കത്തുന്ന മെഴുകുതിരികൾക്ക് നടുവിൽ സ്ഥാപിച്ചിരുന്ന മെറിന്റെ ചിത്രം നോക്കി മകൾ നോറ അമ്മേ എന്ന് വിളിച്ചത് ബന്ധുക്കൾക്കും മാതാപിതാക്കൾക്കും നൊമ്പരക്കാഴ്ചയായി. പിന്നെ അച്ഛന്റെ ക്രൂരതയും അമ്മയുടെ നഷ്ടവും അറിയാത്ത ആ കുരുന്ന് മെറിന്റെ ചിത്രത്തിൽ ഉമ്മ നൽകി.

അതേസമയം അമേരിക്കയിൽ മെറിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ഇടവകപള്ളിയായ തിരുഹൃദയദൈവാലയത്തിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. വികാരി ഫാ.കുര്യൻ തട്ടാർകുന്നേൽ കാർമികത്വം വഹിച്ചു. സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വീഡിയോ വഴി മെറിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.

അതേസമയം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ ഫിലിപ്പ് കാർ കയറ്റിയിറക്കുകയും ചെയ്തു.

ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.