ബാലുവിനെ കൊന്നവരെ ഒന്നുകാണണം, പിന്നെ മരിക്കണം, ജീവിച്ചിരിക്കണമെന്ന് ഒരാഗ്രഹവുമില്ല; വിതുമ്പികൊണ്ട് ബാലുവിന്റെ അമ്മ

0
1108

കൂടെയുണ്ടായിരുന്ന മകളെക്കാളും കൂടുതൽ ബാലുവിനെപ്പറ്റിയാണ് തങ്ങൾ വിഷമിച്ചിരുന്നതെന്ന് ബാലുവിന്റെ അമ്മ. “കാരണം രാത്രിയും പകലും എപ്പോഴും യാത്രയാണ്. കൂടെയുളള ആരെയും നമുക്കൊരു വിശ്വാസവുമില്ല. പല നാടുകളിലൊക്കെ സഞ്ചരിക്കുന്നു. എന്നാൽ മോന്റെ ആരോഗ്യം ഒട്ടും ശരിയല്ല. ഈക്കാര്യങ്ങളെല്ലാം എപ്പോഴും ഞങ്ങളുടെ മനസിനെ അലട്ടിയിരുന്നു. പിന്നെ പണം കൊടുക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ പേടിച്ചു. കലാഭവൻ മണി മരിച്ചപ്പോൾ വീണ്ടും പേടിയായി. പേടിയാകുന്നു എന്താണ് സംഭവിക്കുക എന്നറിയില്ലെന്ന് പലരോടും ഞാൻ പറഞ്ഞിട്ടുണ്ട്.” ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് അമ്മ മനസ് തുറന്നത്.

“കല്യാണത്തിന് ശേഷം ഞാനും അവനും ചേർന്ന് ആൽബം ചെയ്തിട്ടുണ്ട്. അല്ലാതെ കല്യാണം കഴിച്ചതിന്റെ പേരിൽ അവന് നേരെ ഞങ്ങൾ വാതിൽ കൊട്ടിയടച്ചിരുന്നില്ല. ഓണത്തിനൊക്കെ അവൻ കോടിയെടുത്തുകൊണ്ടുവരുമായിരുന്നു. അവന്റ് കുടുംബകാര്യത്തിൽ ഞാൻ ഇടപെടാറില്ലായിരുന്നു. കാരണം എനിക്കിടപെടാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. വരും. സമയമുണ്ടെങ്കിൽ ഇരിക്കും, അരഗ്ലാസ് ചായ കുടിക്കുകയോ ഒരു ചപ്പാത്തി കഴിക്കുകയോ ചെയ്യും. പ്രോഗ്രാമിന്റെ കാര്യത്തെപ്പറ്റി എന്തെങ്കിലും പറയും പെട്ടെന്ന് ഇവിടെ നിന്ന് പോകും. അതായിരുന്നു ബാലുവിന്റെ പതിവ്.

ഇപ്പോൾ എനിക്കും ബാലുവിന്റെ അച്ഛനും അവന്റെ സഹോദരിക്കും ജീവിതത്തിൽ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ബാലുവിനെന്ത് സംഭവിച്ചുവെന്നും ബാലുവിനെ ആരാണ് കൊലപ്പെടുത്തിയതെന്നും അറിയണം. അവന്റെ അവസാനത്തിന് കാരണമെന്താണ് ഇതൊന്ന് അറിയണം. അതിന് ശേഷം മരിക്കണം. അല്ലാതെ ഞങ്ങൾക്ക് ജീവിച്ചിരിക്കണമെന്ന് ഒരു താത്പര്യവുമില്ല. ബാലുവിന്റെ അമ്മ കണ്ണുനിറഞ്ഞുകൊണ്ട് പറയുന്നു.

എനിക്ക് മുമ്പെല്ലാ വിഷമങ്ങളിൽ നിന്നും സമാധാനം തന്നിരുന്നത് സംഗീതമാണ്. ഒരുവിധമുള്ള അസുഖങ്ങൾക്കെല്ലാം ഞാൻ സംഗീതത്തെയാണ് മരുന്നായി കണ്ടത്. എന്റെ മക്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി ഭക്തിഗാനങ്ങളെഴുതുമായിരുന്നു. ഞാനെഴുതിയ ഓരോ പാട്ടിലും ബാലഭാസ്‌കരാ എന്ന പേര് ചേർത്തിട്ടുണ്ടാകും. അവന് ആരോഗ്യവും സമാധാനവും കൊടുക്കണമേയെന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചിരുന്നു. അതിനായി മാത്രം ഞങ്ങൾ സന്ധ്യക്ക് ശേഷം അമ്പലങ്ങളിൽ പോകുമായിരുന്നു.

എന്നാൽ അച്ഛന് സ്‌ട്രോക്ക് വന്നതോടെ ഞാൻ പൂർണ്ണമായും തളർന്നു. ഞാൻ തനിച്ചായി. എല്ലാ ചുമതലകളും എന്റെ തലയിലായി. അവൻ മറ്റൊരുവീട്ടിലെ ചുമതലകളെല്ലാം ഏറ്റെടുത്തപ്പോൾ എനിക്കവനെ ഒന്നിനും കൂട്ടാൻ കഴിയാതെയായി. എന്നാലും ഈശ്വരനിലാശ്രയിച്ച് ഞാൻ കടിച്ചുപിടിച്ച് മുന്നോട്ടുപോയി. ഞാൻ ആത്മഹ്യയെപ്പറ്റിയൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. കാരണം എന്നെ ആശ്രയിച്ച് രണ്ടുപേരുണ്ട്. ബാലുവിനായാലും എന്റെ പ്രാർഥനയുടെ ആവശ്യമുണ്ട്. അതുകൊണ്ട് ഞാൻ മുന്നോട്ട് പോകാൻ ശ്രമിച്ചു. പക്ഷെ ഇപ്പോൾ എനിക്കെല്ലാം നഷ്ടമായി. എനിക്ക് സംഗീതവുമില്ല, ബാലുവുമില്ല, ജീവിതമാകെ തീർന്നു.” ബാലുവിന്റെ അമ്മയ്ക്ക് സങ്കടം സഹിക്കാനാകുന്നില്ല.