അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തിയ
മെറിന്‍ ജോയി(28)യുടെ മൃതദേഹം നാട്ടിലെത്തിക്കും.
പൊംപാനോ ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് കൈമാറും.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ അമേരിക്കയിലുള്ള ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിക്കുന്നില്ല. ഞായറാഴ്ച താമ്പയിലെ ക്നാനായ കത്തോലിക്കാ പളളിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കുന്ന മൃതദേഹം ഏജന്‍സി മുഖാന്തിരമാണ് അടുത്തയാഴ്ച നാട്ടിലെത്തിക്കുന്നത്. മകളുടെ അപ്രതീക്ഷിത മരണവാര്‍ത്തറിഞ്ഞതുമുതല്‍ സങ്കടക്കടലിലാണ് മോനിപ്പള്ളില്‍ ഊരാളില്‍ വീട്. അവസാനമായി മകളെ ഒരുനോക്ക് കാണണമെന്നായിരുന്നു മെറിന്റെ മാതാപിതാക്കളുടെ പ്രാര്‍ഥന.
അവസാന ഷിഫ്റ്റിന് ശേഷം സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍ നിന്നിറങ്ങവെയാണ് ഭര്‍ത്താവ് ഫിലിപ്പ് മെറിനെ കുത്തിവീഴ്ത്തിയത്. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ ഫിലിപ്പ് കാര്‍ കയറ്റിയിറക്കുകയും ചെയ്തു. അതേസമയം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.